ഹൈദരാബാദ്: അതീവസുരക്ഷാ മേഖലയില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് നിയമം ലംഘിച്ച് തൃപ്തി പ്രതിഷേധിച്ചത്. യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃപ്തിയുടെ പ്രകടനം. പോലീസ് നിര്‍ദേശം ലംഘിച്ചതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ചന്ദ്രശേഖര റാവു സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ പോലീസ് ആവശ്യം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് തൃപ്തി പ്രകോപിതയായത്. തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
















