ന്യൂദല്‍ഹി : ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹന ഫാത്തിമയും സുപ്രീംകോടതിയില്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു അമ്മിണി ഹര്‍ജി നല്‍കിയിരിക്കുന്നത്.
വിഷയം സുപ്രീംകോടതി വിശാലബെഞ്ചിന്റെ പരിഗണനയ്‌ക്കുവിട്ട പശ്ചാത്തലത്തില്‍ ഈ തീര്‍ത്ഥാടന കാലയളവില്‍ യുവതികളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെതിരയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ശബരിമലയിലെ പ്രായപരിശോധന തടയണം. ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം. സ്ത്രീപ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കണമെന്നും അപേക്ഷയിലുണ്ട്. ശബരിമല ദര്‍ശനത്തിന് അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
അടുത്തിടെ ഭൂമാത് ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയില്‍ പോകാനായി ബിന്ദു അമ്മിണി കൊച്ചിയില്‍ എത്തിയിരുന്നു. എന്നാല്‍ വിശ്വാസികളില്‍ നിന്നുള്ള കടുത്ത പ്രതിഷേധവും പോലീസ് സംരഭക്ഷം നല്‍കില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ സംഘം ദര്‍ശനം നടത്താതെ തിരിച്ച് മടങ്ങുകയായിരുന്നു.
















