ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന് ജാമ്യം. മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിഷയത്തില്‍ സിബിഐയും കേസെടുത്തിട്ടുണ്ടെങ്കിലും നേരത്തെ ജാമ്യം ലഭിച്ചതാണ്. അഴിമതിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് എടുത്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചിദംബരത്തിന്റെ ജയില്‍വാസം വീണ്ടും നീണ്ടത്.
രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കാന്‍ പി ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്ന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 21 നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റ വസതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പിന്നീട് ഒക്ടോബര്‍ 22 ന് സിബിഐ കേസില്‍ സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാന്‍ പോകുന്നത്.
ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശക്തമായെതിര്‍ത്തിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോള്‍പോലും നിര്‍ണായകസാക്ഷികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നു കോടതിയില്‍ അറിയിച്ചു. എന്നിരുന്നാലും ഉപാധികളിന്മേല്‍ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎന്‍എക്സ് മീഡിയയുടെ 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അനുമതി നല്‍കിയെന്നതാണ് കേസ്. എയര്‍സെല്‍- മാക്സിസ് ഇടപാടിലും ചിദംബരത്തിനെതിരെ സമാനമായ ആരോപണമാണ് ഉള്ളത്. മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേയും അന്വേഷണം നടന്നുവരികയാണ്.
















