സവോളയുടെ വില കുത്തനെ ഉയര്‍ന്നതോടെ കൃഷിയിടങ്ങളില്‍ സവോള കള്ളന്‍മാരും പെരുകുന്നു. മധ്യപ്രദേശിലെ മന്‍സൗറിലെ റിച്ചാ ഗ്രാമത്തില്‍ 30000 രൂപയുടെ സവോളയാണ് മോഷണം പോയത്. സംഭവത്തില്‍ കര്‍ഷകന്‍ ജിതേന്ദ്ര കുമാര്‍ പോലീസില്‍ പരാതി നല്‍കി. ഒന്നര ഏക്കറിലാണ് സവോള കൃഷി നടത്തിയത്. വിളവെടുപ്പിനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് കള്ളന്‍മാരുടെ മോഷണമെന്ന് ജിതേന്ദ്ര പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സവോളയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. കിലോയ്‌ക്ക് 100 രൂപയാണ് ഇപ്പോള്‍ വില. വിപണിയില്‍ പലയിടങ്ങളിലും സവോള കിട്ടാന്‍ പോലും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. അതു കൊണ്ട് തന്നെ സവോള മോഷ്ടാക്കളുടെ എണ്ണവും പെരുകുന്നു. മധ്യപ്രദേശിലെ മറ്റൊരിടത്ത് 20 ലക്ഷം രൂപ വില വരുന്ന ഒരു ട്രക്ക് സവോളയും മോഷ്ടിക്കപ്പെട്ടു. നാഷിക്കില്‍ നിന്നും ഗോരഖ്പൂറിലേക്ക് പോകും വഴിയാണ് സവോളയുമായി പോയ ട്രക്ക് കാണാതായത്.
















