ഖൂംടി (ഝാര്‍ഖണ്ഡ്): രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഏറെ ഭീഷണി ഉയര്‍ത്തിയിരുന്ന മാവോയിസ്റ്റ് ഭീകരതയുടെ നട്ടെല്ല് ബിജെപി സര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാര്‍ഖണ്ഡിലെ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഝാര്‍ഖണ്ഡിനടക്കം വലിയ ഭീഷണിയായിരുന്ന നക്‌സലുകളെ നിയന്ത്രിക്കാന്‍ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷമായി സ്വീകരിക്കുന്ന നടപടികള്‍ വിജയമാണെന്ന് മോദി വിശദീകരിച്ചു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും ജമ്മു കശ്മീരിലെ 370-ാം വകുപ്പും രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു കോണ്‍ഗ്രസ്സും സഖ്യകക്ഷികളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര നിര്‍മാണം ഏറെക്കാലമായി കോണ്‍ഗ്രസ് തടസ്സപ്പെടുത്തുകയായിരുന്നു. അത്തരത്തിലുള്ള ഓരോ പ്രശ്‌നത്തിനും പരിഹാരം കാണുകയാണ് ബിജെപി. പ്രത്യേക പദവി നീക്കിയതോടെ ജമ്മു കശ്മീരും ലഡാക്കും വികസനത്തിലേക്ക് നീങ്ങുന്നു. ഗോത്രവര്‍ഗത്തില്‍ ജനിച്ച് വിദ്യാഭ്യാസം നേടി മികച്ച പദവികളിലെത്തിയ ഗിരീഷ് ചന്ദ്ര മുര്‍മു എന്ന ലെഫ്റ്റനന്റ് ഗവര്‍ണറുടെ നേതൃത്വത്തിലാണ് ജമ്മു കശ്മീരില്‍ മാറ്റങ്ങള്‍ വരുന്നത്, മോദി പറഞ്ഞു.
ഗോത്രവര്‍ഗമേഖലയ്‌ക്ക് രാജ്യത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും വലിയ പങ്കുണ്ട്. ശ്രീരാമന്‍ പതിനാലു വര്‍ഷം വനവാസികള്‍ക്കൊപ്പം കഴിഞ്ഞതിനു ശേഷമാണ് മര്യാദാപുരുഷോത്തമനായി അയോധ്യയില്‍ തിരിച്ചെത്തിയത്.
ഝാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ മൂന്നു ഘട്ടങ്ങള്‍ സമാധാനപരമായി നടത്താന്‍ കഴിഞ്ഞത് ഇതിനു തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിലും രാജ്യത്തിന്റെ മുന്നേറ്റത്തിലും ഝാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് എത്രമാത്രം വിശ്വാസമുണ്ടെന്നും തെളിഞ്ഞു. നക്‌സല്‍ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നു.
ജനങ്ങള്‍ക്ക് ബിജെപിയിലും താമരയിലുമുള്ള വിശ്വാസം വര്‍ധിച്ചിരിക്കുന്നു. കോണ്‍ഗ്രസ്-ജെഎംഎം കൂട്ടുകെട്ട് എത്രമാത്രം സ്വാര്‍ഥപരവും പിന്തിരിപ്പനുമാണെന്ന് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേരത്തെ മനസ്സിലായതാണ്, മോദി പറഞ്ഞു.
















