തൃശൂര്‍: ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പോഷക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം. സംസ്ഥാന അധ്യക്ഷന്‍ അശോകന് ചരുവില്‍ എഴുതിയ പ്രത്യക്ഷത്തിലെ അക്കിത്തം എന്ന കുറിപ്പിലാണ് രൂക്ഷ വിമര്‍ശനമുള്ളത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗത്ത് നിലയുറപ്പിച്ചയാളാണ് അക്കിത്തമെന്നും കേരളത്തെ ജനാധിപത്യവത്കരിക്കുന്നതില്‍ അക്കിത്തത്തിന്റെ കവിതകള്‍ നല്കിയ സംഭാവനകള്‍ പരിശോധിക്കപ്പെടണമെന്നുമാണ് അശോകന് ചരുവില്‍ ആവശ്യപ്പെടുന്നത്.
തപസ്യയുടെ അധ്യക്ഷനായിരുന്നതു ക്ഷമിക്കാവുന്ന കുറ്റമല്ലെന്നും കുറിപ്പില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലാണ് കുറിപ്പ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അശോകന് ചരുവിലിന്റെ നിലപാടിനെതിരെ സാംസ്കാരിക രംഗത്ത് നിന്ന് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. തന്റെ രാഷ്ട്രീയ ബന്ധത്താല്‍ അക്കിത്തം കവിയല്ലാതാകുമെങ്കില് ഇതിന് മുന്‍പ് ജ്ഞാനപീഠം നേടിയ നാല് പേരും അര്‍ഹതയില്ലാത്തവരായി തീരുമല്ലോയെന്ന് സിവിക് ചന്ദ്രന് പ്രതികരിച്ചു. എഴുത്തുകാരുടെ രാഷ്ട്രീയ ബന്ധം നമുക്കിഷ്ടമല്ലാത്തതിനാല് മാത്രം അവരുടെ കവിത്വം റദ്ദാക്കപ്പെടുമെന്ന് പുകസാ ഭാരവാഹികള്‍ കരുതരുത്.
ഇതിന് മുന്‍പ് നേടിയ അഞ്ച് പേരെക്കാളും കവിയെന്ന നിലയില്‍ അര്‍ഹത അക്കിത്തത്തിന് തന്നെ. സിവിക് തുറന്നടിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയതാണ് അക്കിത്തത്തിന്റെ പോരായ്മയായി നിങ്ങള്‍ കാണുന്നതെങ്കില്‍ അതിനെ ആശയപരമായി നേരിടൂവെന്നും സിവിക് ചന്ദ്രന് അശോകന് ചരുവിലിന് നല്കിയ മറുപടിയില്‍ പറയുന്നു. സ്റ്റാലിന് മുതല്‍ പിണറായി വരെയുള്ളവരുടെ പാപക്കറകള്‍ പേറുന്നവരാണ് അക്കിത്തത്തെ വിമര്‍ശിക്കുന്നത്. അവരോട് പറയാനുള്ളത് ദയവായി അക്കിത്തത്തെ വായിക്കൂവെന്നാണ്. സിവിക് കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ.
നിരവധി എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പുകസായുടെ നിലപാടിനെതിരെ രംഗത്ത് വന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയ കാലം മുതല്‍ ഇടതുപക്ഷം അക്കിത്തത്തെ വിമര്‍ശിക്കുന്നതാണെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന് പറഞ്ഞു. അക്കിത്തത്തിന്റെ വരികള്‍ മനസിലാക്കാന്‍ പോലും ശ്രമിക്കാതെയാണ് വിമര്‍ശനം. മാടമ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: