ചില ഹിന്ദുഗോത്രങ്ങള്‍ വൈദികമാര്‍ഗത്തെ സ്വീകരിച്ചു, വേറെ ചില ഗോത്രങ്ങള്‍ വൈഷ്ണവം, ശൈവം, ഗാണപത്യം തുടങ്ങിയവയെ പിന്തുടര്ന്നു. മറ്റു ഹിന്ദുഗോത്രങ്ങളില്‍ ചിലത് ജൈനം, ബൗദ്ധം മുതലായ സമ്പ്രദായങ്ങളെ പിന്തുടര്ന്നു എന്നു കാണാം. ഗ്രാമം, നഗരം മുതലായ മേല്‍പ്പറഞ്ഞ തലങ്ങളില്‍ ഈ വ്യത്യസ്തഗോത്രങ്ങള്‍ പരസ്പരം അംഗീകരിച്ചും സഹകരിച്ചും കൂട്ടായ ജീവിതം നയിച്ചും പോന്നു. ഏതാണ്ട് ബ്രിട്ടീഷുകാര്‍ ഇവിടെ വന്ന് ആധിപത്യം ഉറപ്പിക്കുന്നതു വരെ ഈ സാമൂഹ്യഘടന നിലനിന്നിരുന്നു എന്നും ബ്രിട്ടീഷ് ആധിപത്യമാണ് അതിനെ നിശ്ശേഷം ഇല്ലാതാക്കിയതെന്നും എസ്. ആര്. ദേശായി Social Background of Indian Nationalism എന്ന തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.
അന്നത്തെ ആ ഇന്ത്യന്‍ ഗ്രാമ, പട്ടണസംസ്കാരത്തിന് മതനിഷ്ഠമായ ഒരു ദാര്ശനികഏകത (Religio Ideological Unity) ഉണ്ടായിരുന്നു എന്നും ബൗദ്ധന്മാരെക്കൂടാതെ മുസ്ളീം സമുദായവും പ്രപഞ്ചത്തിന്റെ അടിസ്ഥാനസത്തയില്‍ ആചാരാനുഷ്ഠാനങ്ങളിലൂടെജീവാത്മാവിനെ ലയിപ്പിക്കുക എന്ന പ്രധാനലക്ഷ്യത്തോടെ ജീവിതം നയിക്കുക എന്ന ഈ ഹിന്ദുകാഴ്ച്ചപ്പാടിനെ ഉള്‍ക്കൊണ്ട് കൊണ്ട് ഒന്നായ്ക്കഴിഞ്ഞിരുന്നു എന്നും ദേശായി പ്രസ്താവിക്കുന്നുണ്ട്.
ഗ്രാമനഗരങ്ങളില്‍ മേല്‍പ്പറഞ്ഞ വിവിധസമ്പ്രദായങ്ങള്‍ പിന്തുടരുന്ന ഗോത്രങ്ങളില്‍ സ്വാധീനക്കൂടുതലുള്ളവയുടെ ജീവിതചര്യകളെ മാതൃകയായി കാണാനുംഅനുകരിക്കുവാനും ഉള്ള താല്‍പ്പര്യം ആ പ്രദേശവാസികളില്‍ സ്വാഭാവികമായും ഉണ്ടാകും. വൈദികപദ്ധതിക്കു പ്രാമുഖ്യം കൂടുതലുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ചാതുര്‍വര്‍ണ്യത്തിന്റെ ഉന്നതശ്രേണിയില്‍ ഉള്ള ബ്രാഹ്മണരെ അനുകരിക്കാനും ക്രമേണ തലമുറകളിലൂടെ എങ്കിലും ആ വര്‍ണമായി മാറാനുമുള്ള ഔത്സുക്യവും നീക്കങ്ങളും ഉണ്ടായിരുന്നു. ഇതിനെ ആണ് പ്രസിദ്ധസോഷ്യോളജിസ്റ്റ് ആയ എം. എന്‍. ശ്രീനിവാസന് സംസ്കൃതവല്ക്കരണം (Sanskritization) എന്നു പറഞ്ഞിരിക്കുന്നത് (Social Change in Modern India). പ്രസക്തമായ മറ്റൊരു വസ്തുത ഒരു കാലത്തും വൈദികമാര്‍ഗത്തിന്റെ മേല്‍ക്കോയ്മ, പ്രാദേശികമായിട്ടല്ലാതെ, ഭാരതത്തിലുടനീളം ഉണ്ടായിരുന്നില്ല എന്നതാണ്. ഇക്കാര്യവും ശ്രീനിവാസന് അടിവരയിട്ടു പ്രസ്തുതപുസ്തകത്തില്‍ പറയുന്നുണ്ട്.
ഇത്തരത്തില്‍ വൈവിധ്യാന്തര്ഗതഏകാത്മവീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യജീവിതത്തിലും ആചാരാനുഷ്ഠാനങ്ങളിലുമെന്നപോലെ ബൗദ്ധികതലത്തിലും ഇവിടെ ബഹുസ്വരത നിലനിന്നിരുന്നു. ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല മറിച്ച് സത്യസാക്ഷാത്കാരത്തിനായുള്ള സംവാദത്തിന്റെ അന്തരീക്ഷമാണ് ഇവിടുത്തെ ധൈഷണികതലത്തില്‍ നിലനിന്നിരുന്നത്. സംവാദശാസ്ത്രത്തിന്റെ നിയമാവലിയുടെ അടിസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളില്‍ സംവാദസദസ്സുകള്‍ നടന്നിരുന്നു. ബഹുജനങ്ങളും ശ്രോതാക്കളായി ഇവയില്‍ പങ്കെടുത്തിരുന്നുവത്രേ. ഈ രംഗത്തും ആംഗ്ളോജര്മ്മന് പണ്ഡിതന്മാരും മാര്‍ക്സിസ്റ്റ് ചിന്തകരും പറഞ്ഞും എഴുതിയും പ്രചരിപ്പിച്ചതുപോലെയുള്ള, ഇരുകൂട്ടര്‍ക്കും വിനാശകരമായ ഏറ്റുമുട്ടലുകള്‍ അല്ല നടന്നിരുന്നത്. പരസ്പരം ബഹുമാനത്തോടെ പൂര്‍വപക്ഷം ഒന്നൊന്നായി അവതരിപ്പിച്ച് ന്യൂനതകള്‍ ചൂണ്ടിക്കാട്ടി വാദിച്ച് താന്താങ്ങളുടെ സിദ്ധാന്തപക്ഷത്തെ കൂടുതല്‍ കൂടുതല്‍ കുറ്റമറ്റതാക്കുന്ന ഒരു വിശിഷ്ടസമീപനമാണ് ഹിന്ദുദാര്‍ശനികര്‍ അവലംബിച്ചുപോന്നിരുന്നത്.ഇക്കാര്യം സുരേന്ദ്രനാഥ് ദാസ്ഗുപ്ത തന്റെ History of Indian Philosophyയില്‍ വ്യക്തമാക്കുന്നുണ്ട്. ഇവിടെ മറ്റൊരു സവിശേഷതയും നാം അറിയേണ്ടതുണ്ട്. ആധ്യാത്മിക അനുഭൂതിയിലേക്കു നയിക്കുന്ന തന്ത്രയോഗസാങ്കേതികവിദ്യ (ടെക്നിക്) കളുടെ ഒരു ഗുപ്തധാര വളരെ പണ്ടുമുതലേ ഇവിടെ പ്രചരിച്ചിരുന്നു എന്ന് ശശിഭൂഷണ്‍ ദാസ്ഗുപ്ത (ORC, XXXIV) ചുണ്ടിക്കാണിക്കുന്നുണ്ട്. ഇവിടെ രൂപം കൊണ്ട ദൈവവാദപരവും നിരീശ്വരവാദപരവും ആയ മിക്ക ചിന്താധാരകളേയും ആചാരാനുഷ്ഠാനങ്ങളേയും അവയുടെ ഉപജ്ഞാതാക്കളേയും ഈ ഗുപ്തധാര സ്വാധീനിക്കുകയും ചെയ്തുപോന്നിരുന്നു. ജൈന, ബൗദ്ധപഥങ്ങളിലും ഈ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ജൈനതീര്ത്ഥങ്കരന്മാരില് ചിലര്‍ മേല്‍പ്പറഞ്ഞ ഗുപ്തധാരയുടെ ഒരു പ്രകടരൂപമായ നാഥസമ്പ്രദായത്തിന്റെയും ആചാര്യന്മാരായിരുന്നു എന്ന് Gorakh Nath and the Kanpheda Yogis എന്ന പുസ്തകത്തില്‍ George Weston Briggs പറയുന്നു. മാത്രമല്ലവര്ദ്ധമാനമഹാവീരനും ഗൗതമബുദ്ധനും തങ്ങള്‍ക്കു ബോധോദയം ലഭിക്കാനായി നീണ്ടവര്‍ഷങ്ങള്‍ (മഹാവീരന് പന്ത്രണ്ടും ബുദ്ധന് ആറും വര്‍ഷങ്ങള്‍ വീതം) യോഗസാധനകള്‍ അനുഷ്ഠിച്ചിരുന്നതായി Sukhalalji Sanghai എന്ന പണ്ഡിതന്റെ Darsana Aur Cintana എന്ന പുസ്തകത്തെ അവലംബിച്ചുകൊണ്ട് ദേബീപ്രസാദ് ചട്ടോപാധ്യായ (Indian Philosophy A Popular Introduction) പ്രസ്താവിക്കുന്നുണ്ട്. വൈദികയാഗത്തിന് ഈ ഗുപ്തധാരയുമായി ആദ്യകാലത്തു ബന്ധമുണ്ടായിരുന്നു എന്ന് സുരേന്ദ്രനാഥ് ദാസ്ഗുപ്തയുടെ Hindu mysticism എന്ന പുസ്തകം വായിച്ചാല്‍ മനസ്സിലാക്കാം. ന്യായ, വൈശേഷിക, യോഗ, വേദാന്തദര്‍ശനങ്ങളും ഇത്തരം സാധനാമാര്‍ഗങ്ങളെ അംഗീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു എന്നും ദേബീപ്രസാദ് ചൂണ്ടിക്കാട്ടുന്നുണ്ട്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: