ന്യൂദല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ പീഡനക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ലാതെ തീഹാര്‍ ജയില്‍. എന്നാല്‍, പ്രതികള്‍ക്കുള്ള ശിക്ഷ ഒരുമാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിച്ചാല്‍ ഏതുദിവസവും ശിക്ഷ നടപ്പാക്കണമെന്നിരിക്കെയാണ് ആരാച്ചാറില്ലതെ തീഹാര്‍ ജയില്‍ അധികൃതര്‍ വലഞ്ഞിരിക്കുന്നത്. രാഷ്‌ട്രപതി മുമ്പാകേ സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമാകുന്ന ഉടന്‍ കോടതി ബ്ലാക്ക് വാറന്റ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, പാര്‍ലമെന്റ് ഭീകരാക്രമണക്കേസ് പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് ഒറ്റരാത്രി കൊണ്ടാണെന്ന സത്യം നിലനില്‍ക്കെയാണ് ആരാച്ചാര്‍ ക്ഷാമം തീഹാര്‍ ജയിലിനെ കുഴക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ മറ്റ് ജയിലുകളില്‍ നിന്ന് ആരാച്ചാറെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ശിക്ഷ നടപ്പാക്കാന്‍ ജയിലില്‍ തന്നെയുള്ള അധികൃതര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇതിന് മുന്‍പ് തീഹാര്‍ ജയിലില്‍ പ്രവര്‍ത്തിച്ച ആരാച്ചാറുടെ പിന്‍ഗാമികളേയും അധികൃതര്‍ തേടുന്നുണ്ട്.
രാജ്യത്ത് തൂക്കിലേറ്റാന്‍ വിധിക്കുന്നത് വളരെ കുറവ് കുറ്റവാളികളെയായതിനാല്‍ മുഴുവന്‍ സമയ ആരാച്ചാരെ നിയമിക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ജോലിയില്‍ ചേര്‍ക്കുകയെന്നാണ് വിവരം. അതേ സമയം കേസിലെ പ്രതികളില്‍ ഒരാള്‍ മാത്രമാണ് രാഷ്‌ട്രപതിക്ക് ദയാഹര്‍ജിയുമായി സമീപിച്ചിരിക്കുന്നത്. മറ്റ് പ്രതികളായ മുകേഷ്, പവന്‍, അക്ഷയ് എന്നിവര്‍ക്ക് ഒരാഴ്ച സമയം നല്‍കിയിട്ടും ദയാഹര്‍ജി നല്‍കിയില്ല. സംഭവം നടന്നിട്ട് ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ പ്രായപൂര്‍ത്തിയാകാത്തതിന്റെ ആനുകൂല്യം മുതലാക്കി ഒരു പ്രതിമാത്രമാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത്.
2012 ഡിസംബര്‍ 16 -ന് രാത്രി, സുഹൃത്തിനൊപ്പം ഒരു പ്രൈവറ്റ് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം രാജ്യത്തിലങ്ങോളമിങ്ങോളം പ്രതിഷേധത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. മുനീര്‍ക്കയില്‍ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ് ലൈന്‍ ബസ്സിലാണ് പെണ്‍കുട്ടി അതിക്രൂരമായ ബലാത്സംഗത്തിനും ശാരീരികാക്രമണത്തിലും വിധേയയായത്. പീഡനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടര്‍ന്ന് ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
















