ന്യൂഡല്‍ഹി: തന്നെ നിര്‍ബല എന്ന് വിളിച്ച് അക്ഷേപിച്ച കോണ്‍ഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാ രാമന്‍. താന്‍ നിര്‍ബലയല്ല സബലയാണ്(കരുത്ത), നരേന്ദ്രമോദി സര്‍ക്കാരിന് പിന്നില്‍ എല്ലാ സ്ത്രീകളും സബലയാണെന്നും മന്ത്രി മറുപടി നല്‍കി.
കമ്പനികള്‍ക്ക് മേലുള്ള നികുതി കുറയ്‌ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നികുതി ഭേദഗതി ബില്ലിനുമേല്‍ ലോക്‌സഭയില്‍ ഇന്ന് നടന്ന ചര്‍ച്ചാ വേളയിലാണ് ചൗധരിയുടെ വിവാദ പരാമര്‍ശം. മന്ത്രിയെ പിന്തുണച്ച് മഹാരാഷ്‌ട്രയില്‍ നിന്നുളള ബിജെപി എം.പി പൂനം മഹാജനും രംഗത്തെത്തി. തുടര്‍ന്ന് അധിര്‍ രഞ്ജന്‍ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയണം എന്നാവശ്യം ഉന്നയിച്ച് കൊണ്ട് ബിജെപി എം.പിമാര്‍ പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ദമായി. തെരെഞ്ഞെടുപ്പില്‍ തോറ്റ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖേക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ ലോക്‌സഭാ കക്ഷി നേതാവായ അധിര്‍ രജ്ജന്‍ ചൗധരി വിവാദ, വിദ്വേഷ പരാമര്‍ശങ്ങളാല്‍ പതിനേഴാം ലോകസഭയുടെ തുടക്കം മുതല്‍ക്കേ ശ്രദ്ധേയനാണ്.
















