‘സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പിജി) സംരക്ഷണയിലുള്ള ഒരാള്‍ രാത്രി 12 മണിക്ക് നൂറു കിലോമീറ്റര്‍ സ്പീഡിലാണ് പതിവായി മോട്ടോര്‍ ബൈക്ക് ഓടിച്ചുപോകുന്നത്…’. കഴിഞ്ഞദിവസം ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നാവില്‍നിന്ന് വീണ വാക്കുകളാണിത്. ആരാവാം അതെന്നത് പതുക്കെ പുറത്തുവരിക തന്നെ ചെയ്യും. ആകെ നാലോ അഞ്ചോ പേര്‍ക്കല്ലേ അവര്‍ സുരക്ഷ ഉറപ്പാക്കുന്നുള്ളൂ. ഇതിപ്പോള്‍ ഓര്‍മ്മിപ്പിച്ചത്, എസ്പിജി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ്. എസ്പിജിയുടെ പ്രാധാന്യവും പ്രാമുഖ്യവും വീണ്ടെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. പക്ഷെ, ഭാവാത്മകമായിട്ടല്ല അതിനെ കോണ്‍ഗ്രസുകാര്‍ എടുത്തിരിക്കുന്നത്. എസ്പിജി സംഘം ചുറ്റും നിന്നില്ലെങ്കില്‍ മോശം എന്ന മട്ടിലാണ് സോണിയ ഗാന്ധിയും മക്കളും. അവരോട് സഹതപിക്കാനേ തരമുള്ളു. എന്നാല്‍ ഇപ്പോഴത്തെ തീരുമാനം സ്വയം കൃതാനര്‍ഥമാണ് എന്നത് പറയാതെയും വയ്യ. നിയമങ്ങള്‍ കാറ്റില്‍ പറത്തിയതിന്റെ പരിണിതഫലം.
പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരും. ഇനി ഈ വിവിഐപി സുരക്ഷാ സംവിധാനം, തോന്നും പോലെ ആര്‍ക്കും പ്രദാനം ചെയ്യാനാവില്ല. വേറൊരു പ്രശ്നത്തെയും സര്‍ക്കാര്‍ അഭിസംബോധന ചെയ്തിരിക്കുന്നു. സുരക്ഷ നേടുന്നവര്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ അത് ഈ കമാന്‍ഡോകളില്‍ അലംഭാവം ഉണ്ടാക്കാം; അതാവട്ടെ, നാളെ പ്രധാനമന്ത്രിയുടെ സുരക്ഷയെക്കൂടി ബാധിച്ചുകൂടായ്കയില്ല. ഇതൊക്കെ കണക്കിലെടുത്താണ് ഈ സംവിധാനം പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കിയത്.
ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്നാണ് 1985ല്‍ ബീര്‍ബല്‍ നാഥ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിനായി പ്രത്യേക സംവിധാനം വേണം എന്ന് തീരുമാനിക്കപ്പെടുന്നത്. രാജീവ് ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. 1985ല്‍ അത് നിലവില്‍വന്നെങ്കിലും 1988ലാണ് എസ്പിജി നിയമമുണ്ടാവുന്നത്. പ്രധാനമന്ത്രി പദമൊഴിഞ്ഞതോടെ രാജീവിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു. അതിനുശേഷമാണ് കൊല്ലപ്പെടുന്നത്. അതോടെ സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രിക്ക് പത്ത് വര്‍ഷം കൂടി അതേ സുരക്ഷ നല്കാന് വ്യവസ്ഥയുണ്ടാക്കി. 2003ല്‍ നിയമം ഭേദഗതിചെയ്ത് മുന്‍ പ്രധാനമന്ത്രിമാര്‍ക്കുള്ള സംരക്ഷണം ഒരു വര്‍ഷമാക്കി ചുരുക്കി. എന്നാല്‍ 1991ല്‍ രാജീവ് ഗാന്ധിയുടെ കുടുംബത്തിന് ജീവിതകാലം മുഴുവന്‍ സംരക്ഷണം കൊടുക്കാന്‍ നിയമം ഭേദഗതി ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ നരസിംഹ റാവു സര്‍ക്കാരിനെ രാഷ്ട്രീയമായി ബന്ദിയാക്കിക്കൊണ്ട് സോണിയ പരിവാര്‍ നേടിയെടുത്തതാണ് ഈ വഴിവിട്ട ആനുകൂല്യം. വാജ്പേയി സര്‍ക്കാര്‍ 2003ല്‍ നിയമം ഭേദഗതി ചെയ്തിരുന്നുവെങ്കിലും സോണിയയുടെ കാര്യത്തില്‍ കൈവെച്ചില്ല. അതിന്റെ ബലത്തിലാണ് സോണിയ പരിവാര്‍ അടുത്തകാലം വരെ എസ്പിജി സുരക്ഷയില്‍ കഴിഞ്ഞിരുന്നത്.
മുന്‍ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, ദേവഗൗഡ, ഐകെ ഗുജ്റാള്‍ എന്നിവരുടെയൊക്കെ എസ്പിജി പരിരക്ഷ നിര്‍ത്തലാക്കി. ഒരു കോണ്‍ഗ്രസുകാരനും ഒരു രാഷ്ട്രീയ പാര്‍ട്ടിയും അന്ന് എതിര്‍ത്തില്ല, മിണ്ടിയില്ല. മന്മോഹന് സിംഗിന്റെ മകള്‍ സ്വയമേവ തനിക്കിത് വേണ്ടെന്ന് എഴുതിക്കൊടുത്തു. ഒരു സര്‍ക്കാരിന് മുന്നില്‍ യഥാര്‍ഥത്തില്‍, ഒരു മുന്‍ പ്രധാനമന്ത്രിയുടെ പത്നിയും മക്കളും മാത്രമാണ് സോണിയ പരിവാറുകാര്‍ എന്നത് മറന്നുകൂടാ. അവര്‍ക്ക് എന്തിനിത്ര പരിരക്ഷ? എന്തിനിത്ര പ്രത്യേക പരിഗണന? സുരക്ഷാ ഓഡിറ്റ് നടത്തിയപ്പോള്‍ അതിന്റെ ആവശ്യമില്ല എന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അതിനര്‍ത്ഥം സുരക്ഷ പൂര്‍ണമായി പിന്‍വലിക്കുന്നു എന്നല്ല, അവര്‍ക്കൊക്കെ ‘ഇസഡ് പ്ലസ്’ സുരക്ഷാ സംവിധാനം ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് കുറ്റമറ്റതാണ്. എസ്പിജി സുരക്ഷയുടെ പേരില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ചിലതൊക്കെ നഷ്ടമാവും. അതില്‍ സര്‍ക്കാര്‍ വക വാടകയില്ലാതെയുള്ള വീട് ഉള്‍പ്പെടും.
ഈ സോണിയ പരിവാര്‍ എന്നെങ്കിലും ആ സുരക്ഷാ സംവിധാനത്തോട് നീതി പുലര്‍ത്തിയോ എന്നും അന്വേഷിക്കേണ്ടതുണ്ടല്ലോ. ഒരിക്കലും അതിനവര്‍ തയ്യാറായിട്ടില്ല. എസ്പിജിയുടെ പരിധിയില്‍ വന്നാല്പിന്നെ അവര്‍ പറയുന്നതനുസരിച്ചുവേണം മുന്നോട്ട് പോകാന്‍; അവരാണ് എല്ലാം തീരുമാനിക്കുക. ഇന്ന തരത്തിലുള്ള വാഹനത്തിലെ യാത്ര ചെയ്യാവൂ. യാത്രകള്‍ മുന്‍കൂട്ടി അറിയിക്കണം, സുരക്ഷാ സംവിധാനങ്ങള്‍ അതിനനുസൃതമായി ഉണ്ടാക്കണം. എന്നാല്‍ അതിനൊന്നും രാഹുല്‍, സോണിയ, പ്രിയങ്കമാര്‍ തയ്യാറായിരുന്നില്ല. 1991 മുതല്‍ രാഹുല്‍ ഗാന്ധി നടത്തിയ വിദേശയാത്രകളില്‍ ഒട്ടെല്ലാത്തിലും എസ്പിജിയെ ഒഴിച്ചുനിര്‍ത്തി. വിദേശയാത്രകള്‍ അവസാന നിമിഷമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചത് തന്നെ. അതായത് അവര്‍ക്ക് കൂടെ പോകാന്‍ ഒരുക്കം നടത്താന്‍ കഴിയാത്തവിധത്തില്‍ കാര്യങ്ങള്‍ മറച്ചുവെച്ചു. 2015 മുതല്‍ ഇതുവരെ ഏതാണ്ട് 1,892 യാത്രാവേളകളില്‍ എസ്പിജി നിര്‍ദ്ദേശിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉപയോഗിക്കാന്‍ രാഹുല്‍ തയ്യാറല്ലായിരുന്നു. ദല്‍ഹിക്ക് പുറത്ത് കണ്ടെത്തിയ വീഴ്ചകള്‍ 247 എണ്ണമാണ്. 2015 ഏപ്രില്‍ മുതല്‍ 2017 ജൂണ്‍ വരെ നടത്തിയ 121 സന്ദര്‍ശനങ്ങളില്‍ നൂറിലും എസ്പിജി നല്കിയ വാഹനത്തില്‍ അദ്ദേഹം യാത്രചെയ്യാന്‍ തയ്യാറായില്ല. 2015 – 19 കാലഘട്ടത്തില്‍ രാഹുല്‍ ഗാന്ധി 242 വിദേശയാത്രകള്‍ നടത്തിയത്രെ. എന്താണത് നല്കുന്ന സൂചന? ആഴ്ചയില്‍ ഒരു വിദേശയാത്ര എന്നതല്ലേ? അല്ലെങ്കില്‍ മാസത്തില്‍ അഞ്ച് വിദേശയാത്ര. ഇതൊക്കെ ഒളിച്ചുപോക്കും. എന്ത് സുതാര്യതയാണ് ഈ കുടുംബം പൊതുരംഗത്ത് പുലര്‍ത്തിയത്? അതൊക്കെ കഴിഞ്ഞ് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ അനാവശ്യ ആക്ഷേപങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ആ പരാതി എസ്പിജിക്ക് പ്രിയങ്കയെക്കുറിച്ചുമുണ്ട്. ദല്‍ഹിയില്‍ ഏതാണ്ട് 339 തവണ എസ്പിജി നിര്‍ദേശിച്ച വാഹനം ഉപയോഗിച്ചില്ല; ദല്‍ഹിക്ക് പുറത്ത് അത് 78 തവണയായിരുന്നു. ഇനി സോണിയയുടെ കാര്യം നോക്കാം; ദല്‍ഹിക്ക് പുറത്ത് യാത്രചെയ്യുമ്പോള്‍ അന്‍പത് തവണ അവര്‍ എസ്പിജിയുടെ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാന്‍ തയ്യാറായില്ല. മുന്‍കൂട്ടി സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ നടത്തിയ യാത്രകള്‍ ഏതാണ്ട് 13 എണ്ണമാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ടുള്ള വിദേശയാത്രകള്‍ 24 എണ്ണവും.
എന്താണിത് കാണിക്കുന്നത്? സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. തോന്നിയതൊക്കെ ചെയ്യും. സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട് യാത്ര നടത്തുന്നത് എന്തോ രഹസ്യ പദ്ധതി ഉള്ളതുകൊണ്ടല്ലേ? വിദേശത്തേക്ക് പോകുമ്പോള്‍ അടുത്തുള്ള ഒരു വിദേശ എയര്‍പോര്‍ട്ട് വരെ സുരക്ഷാ സൈനികര്‍ കൂടെ പോകും. അവിടെനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചയക്കുന്നു. പിന്നീടുള്ള യാത്രകള്‍ രഹസ്യം. ഇത്തരം കള്ളത്തരങ്ങള്‍ കാണിക്കുന്നവര്‍ക്ക് എന്ത് സുരക്ഷയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്? യാത്രക്കിടെ ഇക്കൂട്ടര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര്‍ക്കാവും ഉത്തരവാദിത്വം? തന്‍പ്രമാണിത്തം കാണിക്കുന്നവര്‍ ഇതൊന്നും ഓര്‍ക്കാറില്ല. അതിനിടയിലാണ് സുരക്ഷാ ഓഡിറ്റ് നടന്നതും ഇപ്പോള്‍ ഇത്തരമൊരു സുരക്ഷാ പ്രശ്നം ആ കുടുംബത്തിനില്ല എന്ന് കണ്ടെത്തിയതും. ഇക്കൂട്ടര്‍ ഇത്തരം പ്രവൃത്തികളിലൂടെ എന്ത് സന്ദേശമാണ് രാജ്യത്തിനും പാര്‍ട്ടിക്കാര്‍ക്കും നല്‍കുന്നത്?
ഉത്തരം നല്‍കേണ്ടത് സോണിയ പരിവാര്‍ തന്നെയാണ്. രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളുടെ കണക്ക് പുറത്തുവന്നതിനോട് ഒരു ട്വിറ്റര്‍ സുഹൃത്ത് പ്രതികരിച്ചു കണ്ടു: ‘തായ്ലന്ഡില് അത്രക്ക് മനോഹാരിതയുണ്ടല്ലോ’!
പ്രതികരിക്കാൻ ഇവിടെ എഴുതുക: