ബെംഗളൂരു: അന്താരാഷ്ട്ര മയക്കുമരുന്ന് വിതരണ സംഘം രാജ്യത്ത് മയക്കുമരുന്ന് സുരക്ഷിതമായി കടത്താന്‍ ഉപയോഗിച്ചിരുന്നത് ഓണ്‍ലൈന്‍ വിതരണ കമ്പനിയായ ആമസോണിന്റെ കവറുകള്‍. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത രണ്ടുപേരെ ചോദ്യം ചെയ്തലില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
കാനഡയില്‍ നിന്ന് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിക്കുന്ന മയക്കുമരുന്ന് രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക്, പ്രധാനമായും ന്യൂദല്‍ഹിയിലെയും മുംബൈയിലെയും വിതരണക്കാരില്‍ എത്തിക്കാനാണ് ആമസോണ്‍ കവറുകള്‍ ഉപയോഗിച്ചിരുന്നത്. ആമസോണ്‍ ഉത്പന്നങ്ങളാണെന്ന രീതിയില്‍ വലിയ പരിശോധനകള്‍ നടന്നിരുന്നില്ല. ഇതായിരുന്നു പ്രതികള്‍ക്ക് സഹായമായത്. പ്രതികള്‍ക്ക് ഇത്രയധികം ആമസോണ്‍ കവറുകള്‍ ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്ക്കര്‍ റാവു പറഞ്ഞു.
കൊല്‍ക്കത്ത സ്വദേശിയും ബെംഗളൂരുവില്‍ കംപ്യൂട്ടര്‍ ബിരുദ വിദ്യാര്‍ഥിയുമായ അത്തീഫ് സലിം (25), സഹായി രോഹിത് ദാസ് (26) എന്നിവരാണ് അറസ്റ്റിലായത്. അത്തീഫില് നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങിയിരുന്ന യുവാവിന്റെ രക്ഷിതാക്കള്‍ പോലീസിന് നല്കിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരില്‍ നിന്ന് 2.75 കിലോ കഞ്ചാവ്, 100 ഇ സിഗററ്റ്, ഹാഷിഷ് ഓയില്‍, കഞ്ചാവ് ചേര്‍ത്ത ചോക്ക്ലേറ്റ്, ജെല്ലി എന്നിവയും കണ്ടെടുത്തു. ഇവയ്ക്ക് ഒരു കോടി രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
ഏഴ് മാസം മുന്‍പാണ് കാനഡയിലെ മയക്കുമരുന്ന് മാഫിയയുമായി അത്തീഫ് സലിം ബന്ധപ്പെടുന്നത്. വിക്കര്‍ മീ എന്ന മെസേജിങ് ആപ്പിലെ ഡാര്‍ക്ക് വെബ് വഴിയാണ് അത്തിഫ് കാനഡയിലെ സംഘവുമായി ആശയവിനിമയം നടത്തിയത്. ലഭിക്കുന്ന മയക്കുമരുന്നിന്റെ പണം ബിറ്റ്കോയിന് വഴി കൈമാറും. പാല്‍പ്പൊടി ടിന്നുകളില്‍ മയക്കുമരുന്ന് നിറച്ച് ബാഗിനുള്ളില്‍ വച്ച് അത് പ്രത്യേക കവറിലാക്കിയായിരുന്നു ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് അയച്ചിരുന്നത്. എയര്‍പോര്‍ട്ടിലെ സ്കാനറില്‍ നടത്തുന്ന പരിശോധനയില്‍ ബാഗ് മാത്രമാണ് കാണാനാകുക.
ഇതിനുള്ളില്‍ പാല്‍പ്പൊടിയാണെന്ന ധാരണയില്‍ പലപ്പോഴും പാക്കറ്റ് എയര്‍പോര്‍ട്ടിനു വെളിയിലെത്തും. വിമാനത്താവളത്തില്‍ നിന്ന് പാക്കറ്റ് ശേഖരിച്ച് ഇരുവരും പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കും ഇവിടെ നിന്ന് ആമസോണ്‍ കവറുകളില്‍ നിറച്ച് വിതരണം ചെയ്യും.
കാനഡയില്‍ നിന്ന് പ്രതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്ന സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: