വീരപഴശ്ശി കേരളവര്‍മ്മ ബ്രിട്ടീഷുകാര്‍ക്കെതിരെ നയിച്ച പോരാട്ടങ്ങളെ വിവിധ ചരിത്രകാരന്മാര്‍ വിലയിരുത്തിയിട്ടുള്ളത് പലവിധത്തിലാണ്. ചിലര്‍ കര്‍ഷകസമരമെന്ന് വിശേഷിപ്പിച്ചപ്പോള്‍, നികുതിപിരിക്കാനുള്ള അവകാശം കവര്‍ന്നെടുത്തപ്പോള്‍ ഒരു നാട്ടുരാജാവ് ഇംഗ്ലീഷ്- ഈസ്റ്റിന്ത്യ കമ്പനിക്കെതിരെ നടത്തിയ കലാപം മാത്രമാണതെന്നും പറഞ്ഞു. വൈദേശികാധിപത്യത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരമായിരുന്നു അതെന്ന് പറഞ്ഞവരുമുണ്ട്. സൂക്ഷ്മ വിശകലനത്തില്‍ പഴശ്ശിയുടെ സമരങ്ങള്‍ ഏകമുഖമായിരുന്നില്ല. അത് ഒരേസമയം സാമ്രാജ്യത്വ വിരുദ്ധപോരാട്ടവും കര്‍ഷക സമരവും സംസ്‌കാര സംസ്ഥാപനത്തിനായുള്ള ധാര്‍മ്മിക സമരവുമൊക്കെയായിരുന്നു.
1857-59 കാലഘട്ടത്തില്‍ മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ദല്‍ഹി മേഖലകളില്‍ നടന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ആദ്യമായി വിളിച്ചത് വീരസവര്‍ക്കറാണ്. എന്നാല്‍ ബ്രിട്ടീഷുകാരുടെ വരവിന് ശേഷം അധികാരം നഷ്ടപ്പെട്ട നാട്ടുരാജാക്കന്മാരുടെ പ്രതികരണമായി മാത്രം അതിനെ കണ്ടാല്‍ മതിയെന്നും ഒരു ദേശീയസമരമായി ആ സമരത്തെ വിലിയിരുത്താനാവില്ലെന്നും വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്. 1857 ലെ കലാപങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ ചിലഭാഗങ്ങളിലുണ്ടായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെയും സ്വാതന്ത്ര്യസമരമായി കാണേണ്ടതില്ലെന്ന നിലപാടാണ് ഈ ചരിത്രകാരന്മാര്‍ക്കുള്ളത്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലുമായി നിരവധി കലാപങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ നടന്നിട്ടുണ്ട്. മലബാറിലെ പഴശ്ശിസമരങ്ങള്‍ (1793-1805) ഇതിലൊന്നാണ്. തമിഴ്‌നാട്ടിലെ വീരപാണ്ഡ്യ കട്ടബൊമ്മന്റെ നേതൃത്വത്തില്‍ നടന്ന സമരവും ഒഡീഷയില്‍ നടന്ന പൈക്ക സമരവുമുള്‍പ്പെടെയുള്ള നിരവധി പോരാട്ടങ്ങള്‍ പതിനെട്ടാം നൂറ്റാണ്ടിലുണ്ടായി. ഇത്തരം പോരാട്ടങ്ങളൊന്നും ഭാരതത്തിലുടനീളം ഉയര്‍ന്നുവന്ന ദേശീയ ബോധത്തിന്റെ വെളിച്ചത്തില്‍ രൂപംകൊണ്ട സമരങ്ങളല്ലാത്തതുകൊണ്ട് ദേശീയ സ്വാതന്ത്ര്യസമരമായി കാണാനാവില്ലെന്ന വാദമാണ് മേല്‍പ്പറഞ്ഞ ചരിത്രകാരന്മാര്‍ ഉന്നയിക്കുന്നത്.
എന്നാല്‍, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണത്തിന് കീഴില്‍ സ്വന്തം നാടിന്റെ സംസ്‌കാരവും അഭിമാനവും മുറിവേല്‍പ്പിക്കപ്പെട്ടപ്പോഴാണ് പ്രാദേശിക പോരാട്ടങ്ങളില്‍ മിക്കവയും ഉണ്ടായതെന്നു കാണാം. കലിംഗ രാജ്യത്തെ ഖോര്‍ധ രാജാവിന് പുരി ജഗന്നാഥ ക്ഷേത്രത്തിലെ പാരമ്പര്യാവകാശങ്ങള്‍ ഈസ്റ്റ് ഇന്ത്യ കമ്പനി വിലക്കിയതാണ് 1817 ല്‍ പൈക്ക സമരത്തിന് കാരണമായത്. കലിംഗയുടെ നേതൃത്വത്തില്‍ ഒഡീഷ മേഖലയിലെ നാട്ടുരാജാക്കന്മാരെയെല്ലാം ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ പോരാട്ടത്തില്‍ കലിംഗയുടെ സൈന്യാധിപന്‍ രാജ്ഗുരു കൊലപ്പെട്ടു. തുടര്‍ന്ന് ബക്ഷി ജഗബന്ധുവിന്റെ നേതൃത്വത്തില്‍ ജനങ്ങളൊന്നാകെ ഈ സമരം ഏറ്റെടുക്കുകയായിരുന്നു. തങ്ങളുടെ പരമ്പരാഗതവിശ്വാസത്തെ മുറിവേല്‍പ്പിക്കുകയും ദേശപൈതൃകത്തെ വെല്ലുവിളിക്കുകയും ചെയ്ത വിദേശശക്തികള്‍ക്കെതിരെയായിരുന്നു അവരുടെ പോരാട്ടം.
പഴശ്ശി സമരത്തിന്റെയും പശ്ചാത്തലം വ്യത്യസ്തമല്ല. കോട്ടയം (വടക്കെ കോട്ടയം) നാട്ടിലെ നികുതി പിരിക്കാനുള്ള അവകാശം ഇംഗ്ലീഷുകാര്‍ തന്റെ അമ്മാവനായ കുറുമ്പ്രനാട്ടെ വീരവര്‍മ്മയ്‌ക്കു നല്‍കിയതില്‍ പ്രകോപിതനായാണ് കേരളവര്‍മ്മ പഴശ്ശി രാജാവ് ഇംഗ്‌ളീഷുകാര്‍ക്കെതിരെ സമരം നയിച്ചതെന്നും ഇതില്‍ ദേശീയതയുടെയോ സ്വാതന്ത്ര്യത്തിന്റെയോ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ചരിത്രകാരന്മാര്‍ വസ്തുതകള്‍ കണ്ടില്ലെന്ന് നടിച്ച് നിക്ഷിപ്ത താത്പര്യങ്ങളുടെ ചരിത്രനിര്‍മ്മിതിയാണ് നടത്തുന്നത്.
കോട്ടയം രാജവംശത്തിന്റെ പടിഞ്ഞാറെ കോവിലകം എന്നറിയപ്പെടുന്ന പഴശ്ശി കോവിലകത്തെ ഇളയരാജാവ് മാത്രമായിരുന്നു കേരളവര്‍മ്മ. മറ്റ് രാജകുടുംബാംഗങ്ങളില്‍ മിക്കവരും തിരുവനന്തപുരത്ത് അഭയം തേടിയപ്പോള്‍ കേരളവര്‍മ്മ കണ്ണവത്തെയും വയനാട്ടിലെയും കാടുകളില്‍ ശത്രുവിനെതിരെ പടപൊരുതി ജീവിച്ചു. ഇംഗ്‌ളീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യുന്നതിന്റെ കാരണമായി പഴശ്ശി രാജാവ് തന്നെ പറഞ്ഞത് സ്വന്തം ധര്‍മ്മത്തെയും ദൈവത്തെയും ശത്രുവിന്റെ വിദ്ധ്വംസനത്തില്‍ നിന്ന് രക്ഷിക്കാന്‍ എന്നായിരുന്നു. ഈസ്റ്റിന്ത്യ കമ്പനിക്കെതിരെയുള്ള പോരാട്ട സംഘാടനത്തിന്റെ ഭാഗമായി ആയില്യത്ത് നമ്പ്യാര്‍ക്ക് കേരളവര്‍മ്മ പഴശ്ശി രാജാവ് എഴുതിയ ഒരു കത്ത് ഡോ. കെ.കെ.എന്‍. കുറുപ്പ് തന്റെ പഴശ്ശി സമരരേഖകള്‍ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്
‘പെരുമാളും ഭഗവതിയും വസിക്കുന്ന പരിശുദ്ധമായ മണത്തണയില്‍ യൂറോപ്യന്‍മാര്‍ ശക്തന്മാരായിരുന്നിട്ടുള്ള കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കും. കണ്ണോത്തും മണത്തണയിലും അവര്‍ സ്ഥാപിച്ചിട്ടുള്ള മറ്റ് പോസ്റ്റുകളിലും ഒന്നോ രണ്ടോ വട്ടം വെടിവയ്പുകള്‍ നടന്നിരിക്കുന്നു. ഇത് ഭഗവതിക്കും പെരുമാള്‍ക്കും എതിരായിട്ടു മാത്രം നടത്തിയിട്ടുള്ളതിനാല്‍ ഞാന്‍ കമ്പനിക്കെതിരായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.’ രാഷ്‌ട്രീയമായ വിശ്വാസപ്രമാണങ്ങളേക്കാള്‍ ധാര്‍മ്മിക വിശ്വാസപ്രമാണങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ഒരു ഐക്യത്തിനായിരുന്നു ഇപ്രകാരം അദ്ദേഹം ആഹ്വാനം ചെയ്തതെന്ന് ഡോ. കുറുപ്പ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ (cultural identity) മുറിവേല്‍പിച്ച വൈദേശിക ശക്തികള്‍ക്കെതിരെ ഒരു നാട്ടുരാജാവും അദ്ദേഹത്തിന്റെ പ്രജകളും നടത്തിയ പോരാട്ടമായിരുന്നു അത്.
പഴശ്ശിസമരം സ്വാതന്ത്ര്യസമരമല്ലെന്നും നികുതിപിരിക്കാനുള്ള അധികാരം നിലനിര്‍ത്താന്‍ ഒരു നാടുവാഴി നടത്തിയ കലാപം മാത്രമാണെന്നും വ്യാഖ്യാനിക്കുന്ന ചരിത്രകാരന്മാര്‍, ടിപ്പുസുല്‍ത്താന്‍ ഇംഗ്‌ളീഷുകാര്‍ക്കെതിരെ നടത്തിയ യുദ്ധങ്ങളെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ വീരഗാഥകളിലുള്‍പ്പെടുത്താന്‍ വ്യഗ്രത കാട്ടുന്നതും കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ പഴശ്ശി സമരത്തില്‍ നിന്നും പൈക്ക സമരത്തില്‍ നിന്നുമൊക്കെ വ്യത്യസ്തമായി ടിപ്പുവിന്റെ ഇംഗ്‌ളീഷ്‌വിരുദ്ധ പോരാട്ടങ്ങളെല്ലാം മൈസൂരിലെയും മലബാറിലെയും അദ്ദേഹത്തിന്റെ അധീനപ്രദേശങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു.
ഉത്പാദന വ്യവസ്ഥ തകിടംമറിക്കപ്പെട്ടതില്‍ കര്‍ഷകജനതയ്‌ക്കുണ്ടായ അസംതൃപ്തി ഒരു പ്രധാനഘടകമായതിനാല്‍ പഴശ്ശി സമരം ഒരു കര്‍ഷകസമരം കൂടിയായിരുന്നു. ഇംഗ്‌ളീഷുകാര്‍ക്കെതിരെ ഗറില്ലാ യുദ്ധമുറകള്‍ പ്രയോഗിച്ച ആദ്യ വിപ്‌ളവകാരി എന്ന പദവിയും പഴശ്ശിരാജാവിന് അവകാശപ്പെട്ടതാണെന്ന് തോന്നുന്നു. നൂറുകണക്കിന് വനവാസികള്‍ ജീവത്യാഗം ചെയ്ത സാമ്രാജ്യത്വവിരുദ്ധസമരമെന്ന നിലയിലും അപൂര്‍വ്വതയുണ്ട് പഴശ്ശി സമരത്തിന്.
സമരത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായിക്കൊണ്ടിരുന്ന ജനപങ്കാളിത്തത്തെ കുറിച്ച് ഡോ. കെ.കെ.എന്‍. കുറുപ്പ് തന്റെ പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. കമ്പനിയുടെ എല്ലാവിധ സൈനികനടപടികളെയും പട്ടാളനിയമങ്ങളെയും അതിജീവിച്ചുകൊണ്ട് ഇത്രയുംകാലം നിലനില്‍ക്കാന്‍ സഹായിച്ചതും ഈ ജനപങ്കാളിത്തമായിരുന്നു. നാട്ടുപ്രമാണിമാരുടെയും ജന്മിമാരുടെയും കര്‍ഷകരുടെയും മാപ്പിളമാരുടെയും വനവാസികളായ കുറിച്യര്‍, പണിയര്‍, കുറുമര്‍ തുടങ്ങിയവരുടെയും കച്ചവടക്കാരായ ചെട്ടിമാരുടെയും ഗൗണ്ടന്മാരുടെയും എന്നുവേണ്ട സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ജനങ്ങളുടെ സഹകരണം അവയ്‌ക്ക് പിന്നിലുണ്ടായിരുന്നു (പഴശ്ശി സമരരേഖകള്‍, ഡോ. കെ.കെ.എന്‍.കുറുപ്പ്).
ഇന്ത്യയെ മുഴുവന്‍ കൈപ്പിടിയിലൊതുക്കാന്‍ സാധിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഒരു കൊച്ചു നാട്ടുരാജാവും അദ്ദേഹത്തിന്റെ വനവാസി സൈന്യവും വരുത്തിവച്ച കഷ്ടനഷ്ടങ്ങളും തലവേദനയും ചെറുതായിരുന്നില്ല. പഴശ്ശിസമരത്തെ നേരിടാന്‍ ഭാരതത്തിലെ തങ്ങളുടെ മറ്റ് കേന്ദ്രങ്ങളില്‍ നിന്നും സൈന്യങ്ങളെ അവര്‍ക്ക് വരുത്തേണ്ടി വന്നു. ബോംബെ, കല്‍ക്കത്ത, മദ്രാസ്, ശ്രീരംഗപട്ടണം, മധുര എന്നിവിടങ്ങളില്‍ നിന്ന് നിരന്തരം സഹായം തേടേണ്ടി വന്നു കമ്പനി അധികാരികള്‍ക്ക്. മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ പഴശ്ശി രാജാവിനെ ഒന്നിലേറെ തവണ അഹങ്കാരിയായ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അതെ, അഹങ്കാരിയായിരുന്നു ആ മനുഷ്യന്‍. അധൃഷ്യനായ ഒരു ദേശസ്‌നേഹിയുടെ, ഒരു ജനനേതാവിന്റെ അനുപേക്ഷണീയമായ അഹങ്കാരമായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: