ആവേശത്തേക്കാള്‍ ആദ്യവസാനം ആഢ്യത്വം തുളുമ്പി ദുബായ് ഇത്തിസലാത്ത് അക്കാദമി സ്റ്റേഡിയത്തിലെ നിറഞ്ഞു കവിഞ്ഞ സദസ്സ്. വേദിയില്‍ നടന വിസ്മയം മോഹന്‍ലാല്‍ എന്ന മഹാനടന് നിറഞ്ഞാടുന്ന മെഗാഷോ. മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ പരിപാടി മനം നിറഞ്ഞ് ആസ്വദിക്കുന്ന ജനക്കൂട്ടം. ഒന്നര മണിക്കൂര്‍ പിന്നിട്ടതാരും അറിഞ്ഞില്ല.
വേദിയിലേക്ക് മൈക്കുമായെത്തിയ യുവസുന്ദരി സ്വയം പരിചയപ്പെടുത്തി. ‘ഞാന്‍ കീര്‍ത്തി. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും നടി മേനകയുടേയും മകള്‍. ഇത്തരമൊരു പരിപാടിയില്‍ ഭാഗമാകാനായത് പുണ്യം. ഈശ്വരാനുഗ്രഹം’. മികച്ച നടിക്കുള്ള ദേശീയപുരസ്കാര ജേത്രിയായ കീര്‍ത്തി സുരേഷിന്റെ ഓരോ വാക്കുകളും സന്തോഷാധിക്യത്തോടെ സദസ്സ് സ്വീകരിച്ചു. കുറച്ചു കൂട്ടുകാരെക്കൂടി പരിചയപ്പെടുത്താം എന്നു പറഞ്ഞ് കീര്‍ത്തി പേരു വിളിച്ചു .’പ്രണവ് മോഹന്‍ലാല്‍’. നിലയക്കാത്ത കൈയ്യടി. മുന്‍നിരയില്‍നിന്ന് എഴുന്നേറ്റ് സ്റ്റേജിലെത്തി സദസ്സിനെ പ്രണമിച്ച പ്രണവ് നിരത്തിയിട്ട കസേരയിലിരിക്കാതെ പിന്നില്‍ നിന്നു. അടുത്ത കൂട്ടുകാരിയെ വിളിച്ചു. ‘വിസ്മയ മോഹന്‍ലാല്‍’. സദസ്സില്‍ ഒപ്പം ഇരുന്ന അച്ഛന് മോഹന്‍ലാലിന്റേയും അമ്മ സുചിത്രയുടേയും അനുഗ്രഹം വാങ്ങി വിസ്മയയും വേദിയിലെത്തി സഹോദരന് പ്രണവിന് ഓരം ചേര്‍ന്നു നിന്നു. കീര്‍ത്തി വീണ്ടും കൂട്ടുകാരുടെ പേരുകള്‍ വിളിച്ചു. നിരഞ്ജന് രാജു, കല്യാണി പ്രിയദര്ശന്, സിദ്ധാര്‍ഥ് പ്രിയദര്ശന്, കുഞ്ഞുണ്ണി എസ് കുമാര്‍. അവസാനം സഹോദരി രേവതിയേയും. എല്ലാവരും വേദിയിലെത്തി നിരത്തിയിട്ടിരുന്ന കസേരകളുടെ പിന്നിലായി നിന്നു. ഇനി, മുന്നിലിട്ടിരിക്കുന്ന കസേരകളിലേക്ക് ഞങ്ങളുടെ മാതാപിതാക്കളെ ക്ഷണിക്കുന്നുവെന്ന് കീര്‍ത്തി പറഞ്ഞപ്പോള്‍ മുന്‍നിരയിലിരുന്ന, മലയാള സിനിമയില്‍ ആമുഖമൊന്നും തന്നെ ആവശ്യമില്ലാത്തവര്‍ എഴുന്നേറ്റ് വേദിയിലേക്ക്. പ്രിയദര്ശന്, മോഹന്‍ലാല്‍, സുചിത്ര, സുരേഷ് കുമാര്‍ മേനക, എസ്. കുമാര്‍, മണിയന്‍പിള്ള രാജു, ഇന്ദിര. എല്ലാവരും തങ്ങളുടെ മക്കളുടെ മുന്നിലെ കസേരകളില്‍ ഇരുന്നു.
ദുബായിയില്‍ ജന്മഭൂമി സംഘടിപ്പിച്ച മോഹന്‍ലാലും കൂട്ടരും@41 പരിപാടിയിലെ സുന്ദര നിമിഷം. സിനിമയില്‍ ഉന്നതങ്ങള്‍ കീഴടക്കിയ മാതാപിതാക്കളുടേയും ഉന്നതിയിലേക്ക് കുതിക്കുന്ന മക്കളുടേയും അത്യപൂര്‍വ സംഗമം. മലയാള സിനിമയിലല്ല, ഇന്ത്യന്‍ സിനിമയിലല്ല ലോക സിനിമയില്‍ പോലും ഇത്തരമൊരു നിമിഷം സാധ്യമല്ലന്ന് പറഞ്ഞ് ജനപ്രതിനിധിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍ വേദിയിലെത്തി ആശംസ നേര്‍ന്നു.
ജന്മഭൂമിയുടെ എല്ലാമെല്ലാമായ, ഏവരുടേയും പ്രിയങ്കരനായ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജേട്ടനെക്കൂടി വേദിയിലേക്കു ക്ഷണിക്കുന്നു എന്നു പറഞ്ഞപ്പോള്‍ തുടങ്ങിയ കൈയ്യടി അവസാനിച്ചത് കുമ്മനം രാജശേഖരന് വേദിയിലെത്തി അഭിവാദ്യം ചെയ്ത ശേഷം. മോഹന്‍ലാലും പ്രിയദര്‍ശനും ഉള്‍പ്പെടെ എല്ലാവരും കൂപ്പു കൈകളോടെ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു.
41 ദിവസത്തെ വ്രതമെടുക്കുന്ന മണ്ഡലകാലത്ത് 41 വയസ്സ് പിന്നിട്ട ജന്മഭൂമി സൗഹൃദ കൂട്ടായ്മയുടെ 41-ാം വാര്‍ഷികം ആഘോഷിക്കുന്നു. എല്ലാം ഒത്തുവന്നത് ദൈവനിശ്ചയമെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു കുമ്മനത്തിന്റെ പ്രസംഗം. നാലു പതിറ്റാണ്ടിലേറെയായി തുടങ്ങിയ സൗഹൃദത്തിന് ഒരു കോട്ടവും തട്ടാതെ സിനിമയില്‍ ഉയരങ്ങളിലെത്തിയ മാതാപിതാക്കള്‍. അവരുടെ വഴിയെ സഞ്ചരിച്ച് സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന മക്കള്‍. രണ്ടു തലമുറകളുടെ ഈ ഒത്തുചേരല്‍ തന്നെയാണ് യാഥാര്‍ത്ഥ നവോത്ഥാനം എന്നും കുമ്മനം പറഞ്ഞപ്പോള്‍ വേദിയിലും സദസ്സിലും നിലയ്ക്കാത്ത കൈയ്യടി. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കീര്‍ത്തിയെ അനുമോദിക്കാന്‍ ജന്മഭൂമി സാരഥികളായ എം. രാധാകൃഷ്ണന് (മാനേജിങ് ഡയറക്ടര്‍), കെഎന്‍ആര്‍ നമ്പൂതിരി (എഡിറ്റര്‍), കെ.കുഞ്ഞിക്കണ്ണന് (റെസി.എഡിറ്റര്‍), കെ.ബി ശ്രീകുമാര്‍(ജനറല്‍ മാനേജര്‍) എന്നിവരും വേദിയിലേക്ക്. രാജേട്ടന് പൊന്നാട അണിയിച്ചപ്പോള്‍ കീര്‍ത്തി പാദനമസ്കാരം ചെയ്തു. അനുഗ്രഹം തേടി. അതില്‍ത്തന്നെയുണ്ടായിരുന്നു പരിപാടിയുടെ അന്തസും ആഭിജാത്യവും സംസ്കാരവും എല്ലാം. ജന്മഭൂമിയുടെ ഫലകം മോഹന്‍ലാല്‍ സമ്മാനിച്ചതോടെ മെഗാഷോയുടെ ഇടയിലെ ഔദ്യോഗിക ചടങ്ങ് പര്യവസാനിച്ചു.
താരങ്ങളില്‍ താരമായി കുമ്മനം
സിനിമാതാരങ്ങള്‍ പ്രഭ ചൊരിഞ്ഞ പരിപാടിയില്‍ താരങ്ങളില്‍ താരമായി കുമ്മനം രാജശേഖരന്. സദസ്സില്‍ ഏറ്റവുമധികം കൈയ്യടി ഉയര്‍ന്നത് കുമ്മനത്തെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍. അദ്ദേഹം വേദിയിലെത്തിയപ്പോള്‍ ഏവരും ബഹുമാനസൂചകമായി എഴുന്നേറ്റുനിന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ കീര്‍ത്തി സുരേഷ് പാദത്തില്‍ തൊട്ടു വന്ദിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്. പിന്നീട് കീര്‍ത്തി ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ കുമ്മനത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ തിരക്കു കൂട്ടുന്നതുകണ്ട്് യഥാര്‍ത്ഥ താരം രാജേട്ടനെന്ന് മുതിര്‍ന്ന താരങ്ങള്‍ പറയുന്നുണ്ടായിരുന്നു
മോഹന്‍ലാലിന്റെ നടക്കാതെ പോയ ആഗ്രഹം
സിനിമയില്‍ ആഗ്രഹിച്ചതൊക്കെ നേടിയ താരമാണ് മോഹന്‍ലാല്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സില്‍ മുളച്ച ഒരാഗ്രഹം സാധ്യമായില്ല. അതിനി സാധിക്കുകയുമില്ല. ലാലിന്റെ ആദ്യകാല നായിക മേനകയാണ് നടക്കാതെ പോയ ആഗ്രഹ രഹസ്യം പരസ്യമാക്കിയത്. ഒന്നിച്ചഭിനയിച്ചപ്പോഴാണ് ലാലേട്ടന് തന്റെ ആഗ്രഹം പറഞ്ഞതെന്നും മേനക വെളിപ്പെടുത്തി. ശ്രീദേവിയോടെപ്പം അഭിനയിക്കണം എന്നായിരുന്നു ലാല്‍ ആഗ്രഹിച്ചത്.
”അമ്മ” പ്രസിഡന്റ് സ്ഥാനം തിരിച്ചു ചോദിച്ച് ഇന്നസെന്റ്
”അമ്മ”യുടെ പ്രസിഡന്റ് സ്ഥാനമെങ്കിലും തിരിച്ചുതരുമോ’ എന്നായിരുന്നു ഇന്നസെന്റിന്് മോഹന്‍ലാലിനോടു ചോദിക്കാനുണ്ടായിരുന്നത്്. ദല്‍ഹിക്ക് ഇനി പോകാനാകില്ല. ഇരിങ്ങാലക്കുടക്കാര്‍ തോല്പിച്ചു. എം പിയായി മത്സരിക്കാന്‍ അമ്മയുടെ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനാല്‍ അതും പോയി. സിനിമയിലേക്കും വിളിക്കുന്നില്ല. എല്ലാം കൊണ്ടും നഷ്ടം. എനിക്കു ശേഷം അമ്മയുടെ അധ്യക്ഷനായ ലാല്‍ ആ ചുമതലയെങ്കിലും തിരിച്ചു തരുമോ. ഇന്നസെന്റ് ചോദിച്ചു. ഉത്തരം മോഹന്‍ലാല്‍ ചിരിയിലൊതുക്കി.
അസൂയ വെളിപ്പെടുത്തി നെടുമുടി
മോഹന്‍ലാലിനോട് നെടുമുടി വേണുവിന് വലിയ അസൂയ ഉണ്ട്. അഭിനയത്തില്‍ തന്നേക്കാള്‍ ഉന്നതിലെത്തിയതിലുള്ള അസൂയയല്ല. ലാലിന്റെ വളര്‍ച്ച അടുത്തു നിന്നു കണ്ട നെടുമുടിക്ക് അഭിനയത്തിന്റെ കാര്യത്തിലല്ല അസൂയ. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും കൂട്ടുകാരാക്കാനും അതു നിലനിര്‍ത്താനും ഉള്ള ലാലിന്റെ കഴിവിനോടാണ് അസൂയ.
കിരീടത്തിന്റെ പേര് മണ്ണായാല്‍
മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കിരീടത്തിന് ഉദ്ദേശിച്ചിരുന്ന പേര് മറ്റൊന്നായിരുന്നു. ആദ്യം ഗുണ്ട എന്നും പിന്നീട് മണ്ണ് എന്നുമായിരുന്നു പേരിട്ടത്. അവസാനമാണ് കിരീടം എന്ന പേര് നല്‍കിയത്. ആദ്യം നിശ്ചയിച്ചിരുന്ന പേരുകളായിരുന്നെങ്കില്‍ നിര്‍മ്മാതാവിന്റെ പേര് എന്താകുമെന്ന് എം.ജി. ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ കിരീടം ഉണ്ണി ഉള്‍പ്പെടെ കുലുങ്ങി ചിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: