ബ്രഹ്മചര്യാനിഷ്ഠനായ ശാസ്താ സങ്കല്‍പ്പമാണ് ശബരിമലയിലേത്. എങ്കിലും മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പ്രണയകഥയുടെ പശ്ചാത്തലമുണ്ട്.
അയ്യപ്പന്‍ മോക്ഷംകൊടുത്ത സമയം മഹിഷിയില്‍നിന്ന് സുന്ദരിയായ ഒരു സ്ത്രീപൂരം പ്രത്യക്ഷപ്പെടുകയും ഭഗവാനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
അയ്യപ്പനെ നിശബ്ദമായി സ്‌നേഹിച്ച് കഴിയുകയാണ് മാളികപ്പുറത്തമ്മ. കന്നി അയ്യപ്പന്മാര്‍ തന്നെ ദര്‍ശിക്കാനായി വരാതിരിക്കുന്ന കാലത്ത് വേളികഴിച്ചുകൊള്ളാമെന്നാണ് അയ്യപ്പന്‍ മാളികപ്പുറത്തമ്മയ്‌ക്ക് നല്‍കിയ വാക്ക്. നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ ഒരുനാള്‍ ബ്രഹ്മചര്യം വെടിഞ്ഞ് വരുന്നതും കാത്തിരിക്കുകയാണ് മാളികപ്പുറത്തമ്മ.
സന്നിധാനത്തില്‍ തനിക്ക് തൊട്ടുതന്നെ മാളികപ്പുറത്തമ്മയ്‌ക്കും അയ്യപ്പന്‍ സ്ഥലംനല്‍കി. ധര്‍മശാസ്താക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഇരുന്നൂറുമീറ്റര്‍ മാറിയാണ് മാളികപ്പുറത്തമ്മയുടെ ക്ഷേത്രം. മകരസംക്രമനാള്‍ രാത്രിയില്‍ മാളികപ്പുറത്തമ്മയെ പതിനെട്ടാംപടിയിലേക്ക് അവിടെനിന്ന് ശരംകുത്തിയിലേക്കും എഴുന്നള്ളിക്കും.
എന്നെ പരിണയിക്കൂ എന്ന പരിദേവനവുമായിട്ടാണ് മാളികപ്പുറത്തമ്മ ശരംകുത്തിയില്‍ എത്തുന്നത്. കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടുണ്ടോ എന്ന ആകാംക്ഷനിറഞ്ഞ അന്വേഷണം. ശരംകുത്തിയില്‍ ശരക്കോലു കണ്ടാല്‍ കന്നി അയ്യപ്പന്മാര്‍ എത്തിയിട്ടുണ്ടെന്നാണ് അര്‍ത്ഥം. വളരെ സന്തോഷത്തോടെ ആടിയുല്ലസിച്ചെത്തുന്ന മാളികപ്പുറത്തമ്മ കന്നി അയ്യപ്പന്മാരെത്തിയിട്ടുള്ളതിന്റെ തെളിവുകണ്ട വേദനയോടെയാണ് തിരിച്ചെഴുന്നള്ളുന്നത്.
കാത്തിരിപ്പ് വീണ്ടും അടുത്തയാണ്ടത്തേക്ക് നീളുന്നു. മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിന്റെ ഭിത്തികള്‍ പിത്തള പൊതിഞ്ഞതാണ്. അഷ്ടലക്ഷ്മിമാരുടെ രൂപമാണ് പിത്തളയില്‍ കൊത്തിയെടുത്തിട്ടുള്ളത്. ഷൊര്‍ണൂര്‍ ദേശമംഗലം കുട്ടന്‍ ആചാരിയും സംഘവും 45 ദിവസം കൊണ്ടാണ് പണിതീര്‍ത്തത്. പ്രത്യേക മോള്‍ഡില്ലാതെ കരവിരുതിലാണ് അഷ്ടലക്ഷ്മിമാരെ കൊത്തിയെടുത്തത്. ആദിലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, വീരലക്ഷ്മി, ഗജലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നീ രൂപങ്ങളാണ്.
ശബരിമലയില്‍ അയ്യപ്പസ്വാമിയെപ്പോലെ പ്രാധാന്യമുണ്ട് മാളികപ്പുറത്തമ്മയ്‌ക്ക്. വിശേഷ ദിവസങ്ങളില്‍ ദേവിക്ക് ചാര്‍ത്താന്‍ പ്രത്യേക അങ്കിയുണ്ട്. രണ്ടടി ഉയരം, പതിമൂന്നിഞ്ച് വീതി, നാല് കൈകള്‍, ശംഖ്, ചക്രം, അഭയം, മുദ്ര എന്നിവ ഓരോ കൈകളിലുമുള്ള ദേവിയുടെ പൂര്‍ണരൂപം. 300 പവന്‍ സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന അങ്കിക്ക് രണ്ടര കിലോതൂക്കമുണ്ട്.
9447261963
പ്രതികരിക്കാൻ ഇവിടെ എഴുതുക: