തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും പിണറായി സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നു. ഏഴ് ലക്ഷത്തിലധികം രൂപ ചിലവഴിച്ച് നിയമസഭാ സമുച്ചയത്തില്‍ നിര്‍മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചുമാറ്റി ഇഎംഎസ് സ്മൃതി മന്ദിരം സ്ഥാപിക്കാന്‍ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയിരിക്കുന്നു.
എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് സ്മൃതി മന്ദിരത്തിനുള്ള ഭരണാനുമതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ പ്രളയ ദുരിതത്തില്‍ സംസ്ഥാനം സാമ്പത്തികമായി ഉഴലുമ്പോഴാണ് സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന തരത്തില്‍ പ്രചരിപ്പിച്ച് കൈകഴുകാനാണ് വിദേശയാത്രയിലുള്ള ധനമന്ത്രിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.
നിയമസഭാ മന്ദിരത്തില്‍ ഒരു നിര്‍മാണം നടത്തണമെങ്കില്‍ പ്രതിപക്ഷവുമായി ആലോചിച്ച് വേണമെന്ന കീഴ്വഴക്കവും ചട്ടവും ലംഘിച്ചാണ് പുതിയ നീക്കം. കഴിഞ്ഞ ബജറ്റ് സമയത്ത് വച്ച നിര്‍ദേശമാണിത് എന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. ജി. കാര്ത്തികേയന് സ്പീക്കര്‍ ആയിരുന്ന സമയത്ത് ഭരണാനുമതി ലഭിക്കുകയും എന്‍. ശക്തന് സ്പീക്കറായിരുന്നപ്പോള്‍ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്ത കുട്ടികളുടെ ലൈബ്രറിയാണ് പൊളിച്ച് മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇഎംഎസ് സ്മൃതി മന്ദിരത്തിന്റെ നിര്‍മാണം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ശരത് ചന്ദ്രന് എന്ന ആളുടെ പേരിലാണ് പദ്ധതി നിര്‍മാണം നടക്കുന്നത്. 82,56,377 രൂപ അനുവദിച്ച് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. ലോകകേരള സഭയ്ക്കുവേണ്ടിയാണ് നവീകരണമെന്നാണ് വിശദീകരണം. കൂടാതെ നിയമസഭാ സമുച്ചയത്തോട് ചേര്‍ന്ന് പ്രത്യേക ഗസ്റ്റ് ഹൗസും നിര്‍മിക്കുന്നുണ്ട്.
ലോകകേരള സഭയുടെ ആദ്യസമ്മേളനത്തോട് അനുബന്ധിച്ചും നിയമസഭാ സമുച്ചയത്തില്‍ വിപുലമായ നവീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു. ഇഎംഎസ് സ്മൃതി വിഭാഗത്തിന് ബജറ്റ് വിഹിതത്തില്‍ നിന്നാണ് സ്പീക്കര്‍ തുക അനുവദിച്ചതെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. കഴിഞ്ഞ ആഴ്ച്ചയാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന നാട്ടില്‍ ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ച് സെക്രട്ടേറിയറ്റില്‍ തേക്ക് തടിയില്‍ തീര്‍ത്ത കസേര വാങ്ങാന്‍ ഉത്തരവിട്ടത്. സെക്രട്ടറിമാരുടെ ഓഫീസുകളിലേക്കും കോണ്‍ഫറന്‍സ് ഹാളുകളിലേക്കുമാണ് കസേരകള്‍ വാങ്ങുന്നത്. ഇതിനായി 6.70 ലക്ഷം രൂപ അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ക്യാബിനറ്റ് പദവി, ഇഷ്ടക്കാരെ നിയമിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍, മന്ത്രിമാരുടെ വിദേശയാത്ര, ഉപദേഷ്ടാക്കളെ നിയമിക്കല്‍ തുടങ്ങി സര്‍ക്കാരിന്റെ നിരവധി ധൂര്‍ത്തുകള്‍ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: