കനകമല ഭീകരവാദക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ട് എന്‍ഐഎ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. മരണത്തിന്റെ വ്യാപാരികള്‍ക്കൊപ്പം ഈ യുവാക്കള്‍ ചേര്‍ന്നത് ഹൃദയം നടുക്കുന്നു എന്നാണ് കോടതി പറഞ്ഞത്. അന്‍സാര്‍ ഉല്ഖലീഫ എന്ന ഭീകരസംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അഞ്ച് യുവാക്കളാണ് 2016 ഒക്ടോബര്‍ 2ന് ഗാന്ധിജയന്തി ദിവസം കണ്ണൂര്‍ ജില്ലയിലെ കനകമലയില്‍ വച്ച് എന്‍ഐഎ അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഇവര്‍ ഐഎസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണം നടത്താനും ജഡ്ജിമാര്‍, ആര്‍എസ്എസ്, ബിജെപി നേതാക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ കൊലപ്പെടുത്താനും പദ്ധതിയിട്ടതായാണ് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള ഗൂഢാലോചന നടത്തുന്നതിനിടയിലാണ് കനകമലയില്‍ വച്ച് ഈ ഭീകരര്‍ പിടിയിലായത്. നാടിനെ വലിയൊരു ഭീകരാക്രമണത്തില്‍ നിന്നും രക്ഷിച്ച അന്വേഷണ സംഘത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
കേരളത്തില്‍ നിന്ന് മുസ്ലീം ഭീകരവാദസംഘങ്ങളിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതും ഐഎസ് പോലുള്ള സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുള്ളതും നേരത്തെ തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ വിഷയം ഗൗരവത്തിലെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തിലടക്കം സജീവമായി നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുമായി ഇത്തരം തീവ്രവാദ സംഘങ്ങള്‍ക്കുള്ള ബന്ധം അറിഞ്ഞുകൊണ്ടു തന്നെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ അവരെ സഹായിക്കുകയും തെരഞ്ഞെടുപ്പുകളില്‍ അവരുടെ സഹായം തേടുകയും ചെയ്യുന്ന നിലപാടാണ് കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ചെയ്തുപോരുന്നുത്.
മുസ്ലീം ഭീകരവാദ സംഘങ്ങളും മാവോയിസ്റ്റുകളും തമ്മിലുള്ള പരസ്പര സഹായത്തെ കുറിച്ച് ഞങ്ങള്‍ മുന്‍ദിവസങ്ങളില്‍ പരാമര്‍ശിച്ചതാണ്. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി ഇക്കാര്യം തുറന്നുപറഞ്ഞതോടെ കേരളത്തില്‍ അത് ചര്‍ച്ചാവിഷയമാവുകയും ചെയ്തു. ഈ റെഡ്-ജിഹാദി ഗ്രൂപ്പുകള്‍ കേരളത്തിലെ ദളിത് വിഭാഗങ്ങളെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു എന്ന വിലയിരുത്തലുകളും ഇതോടൊപ്പം ഉണ്ടായി. സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ ഏറെ അനുഭവിക്കുന്ന ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ അവരെ പൊതുസമൂഹത്തിനെതിരെ തിരിച്ചുവിടാനും തങ്ങളുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരണമാക്കാനുമുള്ള ശ്രമങ്ങളാണ് ഇസ്ലാമിക ഭീകരരും മാവോയിസ്റ്റുകളും ഒരുപോലെ നടത്തുന്നത്. ശബരിമലയിലെ ആചാരലംഘനത്തിന് ദളിത് വിഭാഗങ്ങളിലുള്ള കുറച്ചുപേരെങ്കിലും മുന്നോട്ടുവരുന്നതിന് പിന്നിലെ പ്രേരകശക്തിയും ഈ ഭീകരവാദ സംഘങ്ങളാണ്. കഴിഞ്ഞ വര്‍ഷം സിപിഎമ്മും പിണറായി വിജയനും മുന്‍കൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കുന്നതിന് ഉപയോഗിക്കപ്പെട്ടതും ദളിത് വിഭാഗങ്ങളാണ്.
ഐഎസ് ബന്ധമുള്ളവരാണ് കനകമലയില്‍ അറസ്റ്റിലായതെന്നും ഐഎസ്സിന്റെ കേരളത്തിലെ സൈബര്‍ സാന്നിധ്യങ്ങളാണ് ഇവരെന്നും കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലുള്ള ഐഎസ് ക്യാമ്പിലെത്തിയ ചില മലയാളികളുടെ നേതൃത്വത്തില്‍ നാട്ടിലുള്ള സമാന ആശയക്കാരെ ഉള്‍പ്പെടുത്തി ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി ദക്ഷിണേന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നു എന്ന് എന്‍ഐഎ കണ്ടെത്തുകയായിരുന്നു. ഈ ഗ്രൂപ്പില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വ്വം കയറിപ്പറ്റിയാണ് കനകമലയില്‍ നിന്ന് അഞ്ചുപേരെ പിടികൂടിയത്. കനകമലയിലെ അറസ്റ്റോടെ മുസ്ലീം തീവ്രവാദപ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതോളം ഐഎസ് കേസുകളാണ് കനകമല ഓപ്പറേഷനു ശേഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഭീകരവാദപ്രവര്‍ത്തനങ്ങളുടെ പ്രധാനകേന്ദ്രമാണ് കേരളം എന്ന യാഥാര്‍ത്ഥ്യം നമുക്ക് മുന്നില്‍ പകല്‍പോലെ തെളിഞ്ഞിട്ടും സംസ്ഥാന ഭരണകൂടത്തിനും ഇവിടെയുള്ള ഇടതു-വലതു മുന്നണികളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു കുലുക്കവുമുണ്ടായില്ല. തങ്ങളുടെ വോട്ടുരാഷ്ട്രീയത്തിന്റെ ലാഭനഷ്ടങ്ങളില് മാത്രമായിരുന്നു അവരുടെ ശ്രദ്ധ. ഇപ്പോള്‍ എന്‍ഐഎ പ്രത്യേക കോടതി നടത്തിയ ഗൗരവതരമായ നിരീക്ഷണങ്ങള്‍ പോലും അവര്‍ ലാഘവത്തോടെ മാത്രമേ കാണാനിടയുള്ളൂ. എന്നാല്‍, സമൂഹത്തിന്റെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്ന എന്‍ഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാറിന്റെ വാക്കുകള്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന കേരളത്തിലെ പൗരബോധമുള്ള ജനങ്ങള്‍ ഗൗരവപൂര്‍വ്വം കണക്കിലെടുക്കുമെന്നുറപ്പുണ്ട്. ജനങ്ങളുടെയും നാടിന്റെയും സുരക്ഷയ്ക്ക് പ്രാധാന്യം കല്‍പ്പിക്കാത്ത രാഷ്ട്രീയഭിക്ഷാംദേഹികളെ അവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കെറിയുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: