തൃശൂര്‍: പ്രിയപ്പെട്ട രാഹുല്‍ഗാന്ധി ഉടന്‍ തിരിച്ചുവരണം. കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുക്കണം. ഇവിടെ ഞങ്ങള്‍ കാത്തിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ യുവ എംഎല്‍എ അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചതാണിത്. നാട്ടില്‍ ഈ പുകിലുകളെല്ലാം നടക്കുമ്പോള്‍ വയനാട് എംപിയും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും ഭാവി പ്രതീക്ഷയുമായ രാഹുല്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. അനില്‍ അക്കരയുടെ ഫേസ്ബുക്ക് കുറിപ്പ് രാഹുല്‍ കണ്ടുകാണുമോ എന്നറിയില്ല. എന്തായാലും ഇതുവരെ പ്രതികരിച്ചിട്ടില്ല. പക്ഷേ എംഎല്‍എക്ക് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വേണ്ടുവോളം കിട്ടി. പോസ്റ്റിനുതാഴെ പൊങ്കാലയാണ്. സ്വകാര്യ ചാനലിലെ പ്രവാസിലോകം എന്ന പരിപാടിയില്‍ കൊടുത്താല്‍ കണ്ടുപിടിക്കാനെളുപ്പമുണ്ടെന്നും പത്രപ്പരസ്യം നല്കിക്കൂടേയെന്നുമൊക്കെ വിരുതന്മാര് എംഎല്‍എയെ ട്രോളുന്നുണ്ട്.
സംഗതി തമാശയൊക്കെയാണെങ്കിലും രാഹുല്‍ എവിടെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും അറിയില്ലെന്നതാണ് വസ്തുത. ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക സമയങ്ങളിലൊന്നും കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാഹുലില്ല. പകരം അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള പഴയ സോണിയ ടീമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നോക്കുന്നത്. കേരളത്തിലെ കാര്യമാണ് കഷ്ടം. വയനാട്ടുകാരോട് എന്ത് മറുപടി പറയണമെന്നറിയാതെ കുഴയുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. എംപിയെവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ബത്തേരി സംഭവത്തില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതൃത്വം സ്ഥലത്തെത്തിയെങ്കിലും സ്ഥലം എംപിയുടെ കുറവ് പരിഹരിക്കാനായിട്ടില്ല.
എംപിമാര്‍ പങ്കെടുക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യോഗങ്ങളിലൊന്നും രാഹുലില്ല. അനില്‍ അക്കര ആവശ്യപ്പെട്ടതുപോലെ കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തില്ലെങ്കിലും തങ്ങളെ അനാഥരാക്കരുതെന്നാണ് വയനാട്ടുകാരുടെ എംപിയോടുള്ള അഭ്യര്‍ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: