കൊച്ചി: കണ്ണൂരിലെ കനകമലയില്‍ ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കൂടിയെന്ന കേസില്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ഇന്ന് വിധി പറയും.രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല രഹസ്യയോഗം കനകമലയില്‍ സംഘടിപ്പിച്ച കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി രണ്ടു കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചിരുന്നത്. കണ്ണൂര്‍ അണിയാരം മദീന മഹലില്‍ ഒമര്‍ അല്‍ഹിന്ദി എന്ന പേരില്‍ അറിയപ്പെടുന്ന മന്‍സീദ് (31),തൃശൂര്‍ ചേലക്കര വേങ്ങല്ലൂര്‍ അമ്പലത്ത് വീട്ടില്‍ അബുഹസ്ന എന്ന സ്വാലിഹ് മുഹമ്മദ് (30), കോയമ്പത്തൂര്‍ സ്വദേശി റാഷിദ് എന്ന അബു ബഷീര്‍ (30), കുറ്റിയാടി നങ്ങീലിന്‍കുടിയില്‍ ആമു എന്ന റംഷാദ് (25), മലപ്പുറം തിരൂര്‍ പുക്കാട്ടില്‍ വീട്ടില്‍ പി. സഫ്വാന് (31), കുറ്റിയാടി നങ്ങീലംകണ്ടിയില്‍ എന്‍.കെ. ജാസിം (26), കോഴിക്കോട് സ്വദേശി സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്തീന്, കാഞ്ഞങ്ങാട് സ്വദേശി പി.കെ. മൊയ്നുദ്ദീന് എന്നിവരാണ് പ്രതികള്‍.
ഇതില്‍ ഷജീര്‍ ഒളിവിലാണ്. സുബ്ഹാനിയുടെ വിചാരണ പൂര്‍ത്തിയായിട്ടുമില്ല. ഒളിവിലായ ഷജീര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ഇവരൊഴികെയുള്ള ഏഴു പ്രതികള്‍ക്കുള്ള ശിക്ഷയാണ് എന്‍ഐഎ കോടതി ഇന്ന് വിധിക്കുക.
2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐഎസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നാണ് കേസ്. കലാപലക്ഷ്യത്തോടെ കേരളത്തില്‍ ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ പ്രതികള്‍ ആസൂത്രണം നടത്തിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനങ്ങള്‍ക്കുള്ള തയാറെടുപ്പുകളും നടത്തി. ഹൈക്കോടതി ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തിലുണ്ട്. എഴുപതു സാക്ഷികളെ വിസ്തരിച്ചു. രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന, യുഎപിഎയിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊടൈക്കനാലില്‍ അവധിയാഘോഷിക്കാനെത്തുന്ന ജൂതരെ ആക്രമിക്കാന്‍ ഭീകരവാദികള്‍ ആസൂത്രണം ചെയ്തതിന്റെ തെളിവുകളും എന്‍ഐഎ കോടതിയില്‍ നല്‍കിയിരുന്നു. അന്‍സാറുല്‍ ഖലീഫ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: