ശബരിമല: സന്നിധാനത്ത് ട്രാക്ടറുകളുടെ തലങ്ങുംവിലങ്ങുമുള്ള മരണപ്പാച്ചില്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ട്രാക്ടറുകളുടെ അമിത വേഗതയെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നല്കി ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. നട തുറന്നിരിക്കുന്ന സമയത്ത് സര്‍വീസ് നടത്തരുതെന്ന നിര്‍ദേശം കാറ്റില്‍ പറത്തിയാണ് ട്രാക്ടറുകള്‍ ചരക്കുകളുമായി തീര്‍ഥാടകരുടെ ഇടയിലൂടെ പായുന്നത്. ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞും രാത്രി 11നു ശേഷവുമാണ് മണ്ഡലകാലത്ത് ട്രാക്ടറുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ യാതൊരു നിയന്ത്രണവുമില്ലാതെ ട്രാക്ടറുകള്‍ ഓടുന്നുണ്ടണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ഓളം ട്രാക്ടറുകള്‍ കൂടുതലായി സര്‍വീസ് നടത്തുന്നുണ്ട്.
ട്രാക്ടറുകളുടെ എണ്ണത്തില്‍ വന്ന വര്‍ധനവാണ് മത്സര ഓട്ടത്തിന് വഴിതെളിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നു. സമയം കുറച്ചെടുത്ത് കൂടുതല്‍ ട്രിപ്പുകള്‍ നേടിയെടുക്കാനുള്ള ട്രാക്ടര്‍ ഉടമകളുടെ ശ്രമമാണ് ഇതിന് പിന്നില്‍. ചന്ദ്രാനന്ദന്‍ റോഡിലെ ഇറക്കങ്ങളിലും കയറ്റങ്ങളിലും വളവുകളിലും അപകടകരമാം വിധത്തിലാണ് ട്രാക്ടര്‍ സര്‍വീസ്.
നടപ്പന്തലിലേയും തിരുമുറ്റത്തേയും സ്ഥിതി വ്യത്യസ്തമല്ല. അമിത വേഗവും ട്രാക്ടറുകളുടെ എണ്ണവും ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡോ മറ്റ് അധികാരികളോ ഇക്കാര്യത്തില്‍ മൗനംപാലിക്കുകയാണ്. സന്നിധാനത്തും ശരണവഴികളിലും തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലെങ്കിലും ട്രാക്ടറുകള്‍ക്ക് നിയന്ത്രണം വേണമെന്നാണ് പോലീസും തീര്‍ഥാടകരും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: