ദശകങ്ങള്‍ക്കു മുന്‍പ്, കേരളത്തിലെ ആനുകാലികങ്ങളില്‍ തുളസീതീര്‍ത്ഥന്‍ എന്ന പേരില്‍ ആത്മീയമായും സാംസ്കാരികമായും അത്യുന്നത നിലവാരം പുലര്‍ത്തിയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ടായിരുന്ന ഡോ. പി. അച്ചുതന് മാസ്റ്റര്‍ ഈയിടെ അന്തരിച്ചത് വലിയ നഷ്ടബോധം സൃഷ്ടിക്കുകയുണ്ടായി. തൊണ്ണൂറ്റാറ് വര്‍ഷക്കാലത്തെ സാര്‍ഥകമായ ജീവിതം നയിച്ചശേഷമാണദ്ദേഹം ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അന്തരിച്ചത്. എനിക്കദ്ദേഹവുമായുള്ള സമ്പര്‍ക്കം വളരെ കുറവായിരുന്നു. അദ്ദേഹം പാലക്കാട് വിക്ടോറിയ കോളജിലെ അധ്യാപകനായിരുന്നു അക്കാലത്ത്. ഭാരതീയ ജനസംഘത്തിന്റെ ഉത്തരമേഖലാ സംഘടനാ കാര്യദര്‍ശിയെന്ന നിലയ്ക്ക് പാലക്കാട് ജില്ലയിലും പോകേണ്ടിവന്നപ്പോള്‍ പരമേശ്വര്‍ജിയോടും ഒ.രാജഗോപാലിനോടുമൊപ്പം അദ്ദേഹത്തെ കാണാനും സംസാരിക്കാനുമവസരം ലഭിച്ചിട്ടുണ്ട്. തുളുമ്പാത്ത നിറകുടമായിരുന്നു അച്ചുതന് മാസ്റ്റര്‍ എന്നാണപ്പോള്‍ തോന്നിയത്. ഒറ്റപ്പാലം പാലപ്പുറത്തെ ശ്രീരാമകൃഷ്ണാശ്രമം അദ്ദേഹത്തിനു തറവാടുപോലെ ആയിരുന്നുവെന്നു തോന്നി. അതും ബേലൂര്‍ മഠത്തിന്റെ ഭാഗമാണെന്ന എന്റെ ധാരണ മാറിയതപ്പോഴായിരുന്നു. ശ്രീരാമകൃഷ്ണ തുളസീസുഗന്ധം എന്ന പേരില്‍ അവിടെനിന്നു പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ആത്മീയ മാസിക വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളജില്‍ അന്പതുകളിലെ പഠനകാലത്തുതന്നെ ലൈബ്രറിയില്‍നിന്ന് വായിക്കാന്‍ അവസരം കിട്ടിയിരുന്നു. പ്രബുദ്ധ ഭാരത എന്നും, വേദാന്ത കേസരി എന്നുമുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിലുണ്ടായിരുന്നു. അച്ചുതന് മാസ്റ്ററുടെ വീട്ടില്‍ ഉത്തമ ഗ്രന്ഥങ്ങളുടെ വന്‍ ശേഖരം തന്നെയുണ്ടായിരുന്നു. ചില വ്യക്തികളുമായി സംസാരിക്കുമ്പോള്‍ നാം ഉയര്‍ന്ന തലത്തിലേക്കു നയിക്കപ്പെട്ടുമെന്ന തോന്നല്‍ തന്നെത്താനെയുണ്ടാകുന്ന അനുഭവമായിരുന്നു അദ്ദേഹത്തിന്റെ സാന്നിദ്ധ്യം തന്നത്.
ബാല്യത്തില്‍ തന്നെ മാസ്റ്റര്‍ക്ക് പൂജനീയ നിര്‍മലാനന്ദ സ്വാമികളില്‍നിന്ന് മന്ത്രദീക്ഷ ലഭിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ അന്തരംഗ ശിഷ്യനും, സ്വാമി വിവേകാനന്ദന്റെ ഗുരുഭായിയുമായിരുന്ന നിര്‍മലാനന്ദ സ്വാമിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കുകയെന്ന ദൗത്യവുമായി കേരളത്തിലെത്തിയത്. ആ ദൗത്യപൂര്ത്തീകരണവുമായി അദ്ദേഹം കേരളത്തില്‍ തന്നെ തുടര്‍ന്നു. ഒടുവില്‍ ഒറ്റപ്പാലത്തിനടുത്തു പാലപ്പുറത്തു നിളാതീരത്ത് തന്നെ ഭൗതിക ജീവിതം ത്യജിച്ച് ബ്രഹ്മവിലീനനായി. നിര്‍മലാനന്ദ സ്വാമിയുടെ ശിഷ്യനെന്ന നിലയ്ക്ക് ആത്മീയ സംസ്കാരം പകര്‍ന്നുകിട്ടിയ അച്ചുതന് മാസ്റ്റര്‍, അക്കാര്യത്തില്‍ അങ്ങേയറ്റം നേട്ടങ്ങള്‍ കൈവരിച്ചു.
പരമേശ്വര്‍ജി ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെക്കുറിച്ച് ഒരു ഗ്രന്ഥമെഴുതുന്ന ആലോചനയിലായിരുന്നു അക്കാലത്ത്. ഗുരുദേവനെ ആര്‍ക്കും എങ്ങനെയുമിട്ട് വ്യാഖ്യാനിക്കുന്ന പ്രവണത നിലനിന്നിരുന്ന കാലമായിരുന്നു അത്. അദ്ദേഹത്തിന്റെ ജീവചരിത്രങ്ങള്‍ വായിച്ചാല്‍ നാമതിശയിച്ചുപോകും. ഓരോ വ്യാഖ്യാതാവും സ്വന്തം ചിന്താഗതിക്കനുസരിച്ചു അദ്ദേഹത്തെ ഒതുക്കുകയായിരുന്നു. ഗുരുദേവ സന്ദേശത്തിന്റെ ഭാവാത്മകമായ വ്യാഖ്യാനങ്ങള്‍ ശ്രീ നടരാജഗുരുവിന്റെയും നിത്യചൈതന്യയതിയുടെയും പ്രൊഫ. ജി. ബാലകൃഷ്ണന് നായരുടെയും മറ്റും കൃതികളായി ഉണ്ടായിരുന്നു എന്നു മറക്കുന്നില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാതസ്മരണയില്‍ (പിന്നീട് അതിന് ഭാരത ഭക്തിസ്തോത്രമെന്ന് നാമകരണം ചെയ്യപ്പെട്ടു) ഗുരുവിന്റെ പേര് ഉള്‍പ്പെടുത്തി അന്ന് ”സുധീര്‍ നാരായണോ ഗുരു” എന്നായിരുന്നു. കേരളീയരല്ലാത്ത സ്വയംസേവകര്‍ക്കും സംഘബന്ധുക്കള്‍ക്കും ഗുരുദേവനെ സംഘം ദര്‍ശിക്കുന്ന വിധത്തില്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥം ഇല്ലായിരുന്നു. ബെംഗളൂരുവിലെ രാഷ്ട്രോത്ഥാന സാഹിത്യക്കാര് ‘ഭാരത ഭാരതി’ ഗ്രന്ഥപരമ്പരയില്‍ ഒരു ലഘു ജീവിചരിത്രം, ഹിന്ദിയിലും കന്നടയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിരുന്നു. 19-ാം നൂറ്റാണ്ടില്‍ തുടങ്ങിയ ഭാരത ദേശീയ നവോത്ഥാന പ്രക്രിയയിലൂടെ, സ്വാഭാവികമായും കേരളത്തിന്റെ സംഭാവനയായി ഗുരുദേവനെ അവതരിപ്പിക്കുകയായിരുന്നു പരമേശ്വര്‍ജി ചെയ്തത്. നവോത്ഥാനത്തിന്റെ പ്രവാചകന് എന്നാണ് അദ്ദേഹം അതിന് പേര് നല്‍കിയത്. 1970 കാലത്തെ മുതിര്‍ന്ന സംഘപ്രചാരകന്മാരെ അദ്ദേഹം അതു വായിച്ചു കേള്‍പ്പിക്കുക കൂടി ചെയ്തു. ആ പുസ്തകത്തിന് എല്ലാ ഭാഷകളിലും പരിഭാഷകളുണ്ടാക്കണമെന്നും നിര്‍ദേശം വന്നു.
ആ ചുമതല വഹിക്കാനായി പരമേശ്വര്‍ജി കണ്ടെത്തിയത് അച്ചുതന് മാസ്റ്ററെ ആയിരുന്നു. തനിക്കുതന്നെ അത് ഇംഗ്ലീഷില്‍ ഭംഗിയായി നിര്വഹിക്കാമെന്നിരിക്കിലും, മാസ്റ്റര്‍ തന്നെ നിര്‍വഹിക്കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. അച്ചുതന് മാസ്റ്റര്‍ വിവര്‍ത്തനം ചെയ്ത പുസ്തകം ‘പ്രോഫറ്റ് ഓഫ് റിണൈസന്‍സ്’ ദല്‍ഹിയിലെ സുരുചി സാഹിത്യ പ്രസിദ്ധീകരിച്ചു. മാസ്റ്ററുടെ വിവര്‍ത്തനം അനായാസവും അര്‍ത്ഥ സമ്പുഷ്ടവുമാണ്. തുടര്‍ന്ന് മിക്ക ഭാഷകളിലും അതിന് വിവര്‍ത്തനങ്ങള്‍ ഉണ്ടായി എന്നു ഞാന്‍ മനസ്സിലാക്കുന്നു.
ജനസംഘ കാലഘട്ടം കഴിഞ്ഞ് ജന്മഭൂമിയുടെ ചുമതലയുമായി എറണാകുളത്തു കഴിഞ്ഞകാലത്തു അദ്ദേഹവുമായി ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു. തുളസീ തീര്‍ത്ഥന്റെ ലേഖനങ്ങള്‍ വാരാദ്യപ്പതിപ്പുകളിലേക്കും വാര്ഷികപ്പതിപ്പിലേക്കും ലഭിക്കുന്നതിനായിട്ടായിരുന്നു അത്. അങ്ങനെയിരിക്കെ ജന്മഭൂമിയില് അവലോകനം പ്രസിദ്ധപ്പെടുത്തണം. അതു ഞാന്‍തന്നെ എഴുതണം എന്ന് സൂചിപ്പിക്കുന്ന കുറിപ്പും നിര്‍മലാനന്ദ സ്വാമികളുടെ ഇംഗ്ലീഷിലുള്ള ജീവചരിത്രവും അച്ചുതന് മാസ്റ്റര്‍ അയച്ചു തന്നു. അന്നത്തെ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തിനടുത്ത് നെട്ടയം മുതല്‍ വടക്ക് തലശ്ശേരി ധര്‍മ്മടത്തിനടുത്ത് പാലയാട്ടുവരെയുള്ള ഒട്ടനേകം സ്ഥലങ്ങളില്‍ സ്വാമിജിയുടെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ശ്രീരാമകൃഷ്ണ സന്ദേശത്തിന്റെ വിത്തുമുളച്ചതിന്റെ ഇതിഹാസമായിട്ടാണാ പുസ്തകം. 1912-ല്‍ ഹരിപ്പാട്ടായിരുന്നുവെത്രേ ആദ്യ ആശ്രമസ്ഥാപനം. ആ ആശ്രമത്തിന്റെ തുടക്കവും അക്കൊല്ലത്തെ ശ്രീരാമകൃഷ്ണ ജയന്തിയും ഒരുമിച്ചാഘോഷിച്ച വേളയിലായിരുന്നു ജാതിഭേദമെന്യേ എല്ലാ വിഭാഗക്കാരും ആദ്യമായി ഒരുമിച്ച് പന്തിഭോജനം നടത്തിയതെന്ന വസ്തുത ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? സ്വാമിജിയും ശിഷ്യവൃന്ദവും ആ വസ്തുത സ്വയം തമ്പേറടിച്ചു പ്രഖ്യാപിച്ചില്ലെന്നതുകൊണ്ട് അറിയപ്പെട്ടില്ല.
എല്ലാ വിഭാഗങ്ങളില്‍ പെട്ട ഹിന്ദുക്കളും ഉത്സവത്തില്‍ പങ്കെടുക്കണെന്നും ഒരുമിച്ച് ഊണുകഴിക്കണമെന്നുമുള്ള സ്വാമിജിയുടെ വചനത്തിനു മുന്പില് ആഢ്യത്തം നടിച്ചവര്‍ ചൂളിനിന്നെങ്കിലും അദ്ദേഹത്തിന്റെ അധ്യാത്മ തേജസ്സിനു മുന്നില്‍ അവര്‍ അനുസരിച്ചു. ഊണ് കഴിഞ്ഞ് ഇലയെടുക്കുന്നതിനും പന്തല്‍ വൃത്തിയാക്കുന്നതിനും അടിച്ചുതളിക്കാരികള്‍ വിസമ്മതിച്ചപ്പോള്‍ സ്വാമിജി തന്നെ ചൂലും കുട്ടയുമായി മുന്നിട്ടിറങ്ങുകയും, മാന്യന്മാരും മാന്യകളും ഒരുമിച്ച് ആ കൃത്യം പൂര്‍ത്തീകരിക്കുകയും ചെയ്തു. നിര്‍മലാനന്ദസ്വാമികളുടെ ജീവിതത്തില്‍ മിഷന്റെ കേന്ദ്ര നേതൃത്വമായി അഭിമുഖീകരിക്കേണ്ടിവന്ന വിഷമതകളും തത്ഫലമായി തന്റെ ശിഷ്ടജീവിതം പാലപ്പുറത്തുതന്നെ നയിക്കാന്‍ എടുത്ത തീരുമാനവും പുസ്തകത്തില്‍ അച്ചുതന് മാസ്റ്റര്‍ ഹൃദയംഗമമായി വിവരിച്ചു.
അക്കാലത്ത് കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഉന്നതതലങ്ങളെ അടിയോടെ ഇളക്കിമറിച്ച സ്മാര്‍ത്ത വിചാരമെന്ന കൊടുങ്കാറ്റില്‍പ്പെട്ട് വഴിമുട്ടിപ്പോയ ഒട്ടനേകം പേരെ സമാശ്വസിപ്പിച്ച് സ്വസ്ഥതയിലേക്കും ജീവിതത്തിലേക്കും തിരിച്ചുകൊണ്ട് വന്ന് സാമാന്യജീവിതം നയിക്കാന്‍ സ്വാമിജി എങ്ങനെ സഹായിച്ചുവെന്നും അച്ചുതന് മാസ്റ്റര്‍ തന്റെ ഇരുത്തം വച്ച പരിപക്ഷതയോടെ പ്രസ്തുത പുസ്തകത്തില്‍ വിവരിച്ചു.
19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി കേരളത്തിന്റെ മൂന്നു ഖണ്ഡങ്ങളിലും (തിരുവിതാംകൂര്‍-കൊച്ചി മലബാര്‍) നടന്ന വലിയ സാമൂഹ്യമന്ധനത്തിനിടയിലെ സുപ്രധാനവും അതേസമയം പ്രായേണ അജ്ഞാതവുമായ ഭാഗങ്ങള്‍ ആണ് പ്രസ്തുത പുസ്തകത്തില്‍ അച്ചുതന് മാസ്റ്റര്‍ രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആ സമ്പന്നമായ ഹൃദയത്തില്‍നിന്ന് പേനത്തുമ്പിലൂടെ ഒഴുകിയെത്തി വെളിച്ചം കണ്ടവയെല്ലാം പ്രസിദ്ധീകരിക്കപ്പെട്ടാല്‍ അതു നമ്മുടെ സാംസ്കാരിക, ധാര്‍മിക സാഹിത്യരംഗത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നതിനു സംശയമില്ല. അച്ചുതന് മാസ്റ്റര്‍ക്ക് നമോവാകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: