Categories: Kerala

കേരള സര്‍വകലാശാലാ മാര്‍ക്ക് തട്ടിപ്പ്; സോഫ്റ്റ്‌വെയര്‍ കടം വാങ്ങിയത്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്ത് സിന്‍ഡിക്കേറ്റ് തടിയൂരിയത് യാഥാര്‍ഥ കുറ്റവാളിയെ കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍. യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗത്തില്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയര്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും കടം വാങ്ങിയത്. 

2003 മുതലാണ് പരീക്ഷാ വിഭാഗത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം നടത്തിയത്. പരീക്ഷാ വിഭാഗത്തിലെ സോഫ്റ്റ്‌വെയര്‍ കെല്‍ട്രോണ്‍ പോലുള്ള കമ്പനികളെ ഏല്‍പ്പിക്കാതെ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും വാങ്ങുകയായിരുന്നു. പണം കൊടുക്കാതെ ലഭിക്കും എന്നതിനാലാണ്  സോഫ്റ്റ് വെയര്‍  വാങ്ങിയത്. അവിടെ നിന്നും ലഭിച്ച സോഫ്റ്റ് വെയര്‍ കേരള സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ വിഭാഗം വികസിപ്പിച്ചെടുത്ത ശേഷമാണ് പരീക്ഷാ വിഭാഗത്തില്‍ ഉപയോഗിച്ച് വരുന്നത്. സാധാരണ കെല്‍ട്രോണ്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കി സോഫ്റ്റ്‌വെയര്‍ തയാറാക്കേണ്ടതിനു പകരമാണ് മറ്റൊരു സര്‍വകലാശാലയില്‍ നിന്നും വാങ്ങി വികസിപ്പിച്ചെടുത്തത്. 

ഈ സോഫ്റ്റ്‌വെയറില്‍ തുടക്കത്തിലെ പാളിച്ചകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും  തുടരുകയായിരുന്നു. വകുപ്പ് മേധാവികളോടും  സിന്‍ഡിക്കേറ്റിനോടും മാറി മാറി വന്ന വിസിമാരോടും സോഫ്റ്റ്‌വെയറില്‍ തകരാറുകള്‍ ഉണ്ടെന്ന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍,  വേണ്ടത്ര ഗൗരവം കാണിച്ചില്ല. മൂന്ന് വര്‍ഷം കൂടുമ്പോള്‍ കമ്പ്യൂട്ടറുകള്‍ മാറ്റാറുണ്ട്. എന്നാല്‍, ഈ കമ്പ്യൂട്ടറുകളിലെ ഡാറ്റകള്‍ പൂര്‍ണമായും സൂക്ഷിക്കേണ്ട സെര്‍വര്‍ സംവിധാനം പോലും പരീക്ഷാ വിഭാഗത്തില്‍ ഇല്ല.

ചില സമയങ്ങളില്‍ ജയിച്ച വിദ്യാര്‍ഥികള്‍ തോറ്റതായും തോറ്റ വിദ്യാര്‍ഥികള്‍ ജയിച്ചതായും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താറുണ്ട്. വളരെ പ്രയാസപ്പെട്ടാണ് ജീവനക്കാര്‍ തെറ്റ് കണ്ടു പിടിച്ച് പരിഹരിച്ചിട്ടുള്ളത്.  പരീക്ഷാ വിഭാഗത്തിലെ ജോലിഭാരംമൂലം ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കൃത്യസമയത്ത് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കൂ. പലപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വൈകി എത്തുകയോ എത്താതിരിക്കുകയോ ചെയ്യാം. അതിനാല്‍ ഓരോ വിഭാഗത്തിലെയും മാര്‍ക്കുകള്‍  ഉള്‍പ്പെടുത്താന്‍ കമ്പ്യൂട്ടര്‍ പാസ്‌വേഡുകള്‍ ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ പാസ്‌വേഡുകള്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. 

ഒരു വര്‍ഷത്തിലും ആറുമാസത്തിലൊരിക്കലും പരീക്ഷാ ഭവനിലെ ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട വിഭാഗത്തില്‍ത്തന്നെ മാറ്റങ്ങള്‍ വരുത്താറുണ്ട്. അതിനാല്‍ ഏത് ജീവനക്കാരുടെ കാലത്താണ് ക്രമക്കേടുകള്‍ സംഭവിച്ചതെന്ന് കണ്ടെത്തുന്നത് അസാധ്യമാകും. നിലവില്‍ അന്വേഷണം നടത്തുന്നത് ജില്ലാ ക്രൈംബ്രാഞ്ചാണ്. സര്‍വകലാശാലയിലെ മാര്‍ക്ക് ദാനം നടത്തിയ കമ്പ്യൂട്ടറിലെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള സാങ്കേതിക വിദഗ്‌ദ്ധര്‍  ജില്ലാ ക്രൈംബ്രാഞ്ചില്‍ ഇല്ല.  ഇത് കണ്ടു പിടിക്കണമെങ്കില്‍ കമ്പ്യൂട്ടര്‍ മേഖലയിലെ അതീവ വിദഗ്‌ദ്ധര്‍ക്ക് മാത്രമേ സാധിക്കൂ. അത് വേണ്ടെന്നാണ് സിന്‍ഡിക്കേറ്റിന്റെയും നിലപാട്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും പരീക്ഷ പേപ്പര്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതുപോലെ കമ്പ്യൂട്ടര്‍ വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്ത് വിഷയം തണുപ്പിക്കാനാണ് സിന്‍ഡിക്കേറ്റ് തത്വത്തില്‍ തീരുമാനിച്ചത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക