Categories: Varadyam

വീണ്ടെടുക്കപ്പെട്ട രണ്ട് അനുഷ്ഠാന കലകള്‍

‘അതിജീവന കല’.   മനുഷ്യ ശരീരത്തെയും മനസ്സ ിനെയും ബാധിക്കുന്ന രോഗങ്ങളെ മരുന്നുകളിലൂടെ മറികടക്കുന്ന അതിജീവന തന്ത്രം അഭ്യസിച്ചവരെയാണ് വൈദ്യന്‍  അഥവാ ഡോക്ടര്‍ എന്ന് നമ്മള്‍ വിളിക്കുന്നത്. ജീവന്റെ കാവല്‍ക്കാരായ അവരുടെ സേവനങ്ങളില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞതായും അനുഭവപ്പെടാറുണ്ട്. കരുനാഗപ്പള്ളി സ്വദേശിയായ ആര്‍. ശ്രീകുമാര്‍ എന്ന ഡോക്ടറുടെ കൈപ്പുണ്യത്തിലൂടെ   ജീവിതത്തിലേക്ക് മടങ്ങിവന്നത് രോഗികള്‍ മാത്രമല്ല,  രണ്ട് കലാരൂപങ്ങള്‍ കൂടിയാണ്-ഭാരതക്കളിയും സീതക്കളിയും. ഈ  കലാരൂപങ്ങളുടെ പുനരുജ്ജീവനത്തില്‍ ഒരു നിമിത്തമായി മാറിയതിന്റെ  കൃതാര്‍ത്ഥതയിലാണ് ഡോക്ടര്‍ ശ്രീകുമാര്‍.  ഈ കലകളുടെ പ്രയോക്താവും കലാ വൃദ്ധനുമായ  വെട്ടിക്കുളത്തു രാമന്‍ എന്ന വി.സി രാമന്‍ ആശാന്റെ  കാത്തിരിപ്പിന്റെ  സാഫല്യമായിരുന്നു ഡോക്ടര്‍ ആര്‍. ശ്രീകുമാറിന്റെ  പ്രവര്‍ത്തനങ്ങള്‍. ഒരു നിയോഗംപോലെ ഇവര്‍ക്കിടയില്‍ ഉണ്ടായ ആത്മബന്ധമാണ് ഈ കലകള്‍ക്ക് ഗുണകരമായത്.                                                                                                     

ഇന്നത്തെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും പത്തനംതിട്ട ജില്ലയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശത്തും സജീവമായിരുന്ന അനുഷ്ഠാന കലകളാണ് ഭാരതക്കളിയും സീതക്കളിയും. പേര് സൂചിപ്പിക്കുന്നതുപോലെ മഹാഭാരതവും രാമായണവും ആണ് ഇവയുടെ ഇതിവൃത്തം. ലളിതമായ ഭാഷയില്‍ പ്രത്യേക താളത്തിലാണ് ഇതിന്റെ  അവതരണം. ദ്രാവിഡ സംസ്‌കൃതിയുടെ ഉയിരിടങ്ങളായ കാവുകളിലാണ് ഈ കഥകള്‍ അവതരിപ്പിച്ചു പോരുന്നത്. ഭാരതക്കളിയില്‍  വ്യാസവിരചിതമായ മഹാഭാരതമാണ് ഒറ്റരാത്രികൊണ്ട് ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നത്. വാമൊഴിവഴക്കത്തിലൂടെ നിലനിന്നു പോന്നതിനാല്‍ വരികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാവാം. പഴമയുടെ ലാളിത്യം നിറഞ്ഞ മലയാളത്തിനു പുറമേ തമിഴ് ബന്ധമുള്ള പദങ്ങളും സംസ്‌കൃത പദങ്ങളുമെല്ലാം ഇതില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.  

ബാധകളുടെ ഉച്ചാടനത്തിനായി പ്രത്യേക ക്ഷണമനുസരിച്ച് വീടുകള്‍തോറും ഭാരതക്കളി അവതരിപ്പിച്ചിരുന്നു. അനുഷ്ഠാനത്തിനേക്കാള്‍ വിനോദ ഉപാധികള്‍ക്കു  പ്രാധാന്യം നല്‍കുന്ന അവതരണമാണ് സീതക്കളിയിലുള്ളത്. രാമായണത്തെ ‘സീതായനം’ എന്നും മറ്റും ആധുനിക സാഹിത്യ നിരൂപകര്‍ വിലയിരുത്തുന്നതിനു വളരെ മുന്‍പുതന്നെ ദളിത് സംസ്‌കൃതിയില്‍ സീതാദേവിയെ മുന്‍നിര്‍ത്തി കലയും കാവ്യവും ഉടലെടുത്തിരുന്നുവെന്നതു  കൗതുകകരമാണ്.  രാമായണം സമ്പൂര്‍ണമായി അവതരിപ്പിക്കുമ്പോഴും രാമായണക്കളി  എന്നല്ല  ഇതിനു പേരുവന്നത്.  മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ഈ കലകള്‍ വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു. ഈ കലകള്‍ക്ക് അരങ്ങും ആവശ്യക്കാരും  ഇല്ലാതായതോടെ കുറവ സമുദായത്തിലെ പുത്തന്‍തലമുറ പോലും ഈ കലകള്‍ പഠിക്കാന്‍  തയ്യാറായില്ല. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തോളം ഈ കലകളുടെ ഉയര്‍ച്ചതാഴ്ചകള്‍ അനുഭവിച്ചറിഞ്ഞ കലാകാരനായിരുന്നു വി. സി രാമന്‍ ആശാന്‍. ഈ കലകളുടെ താളവും ശീലുകളും നെഞ്ചേറ്റി താലോലിച്ചുകൊണ്ട് അദ്ദേഹം സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടി. ഈ കലകളുടെ പ്രാധാന്യം തിരിച്ചറിയുന്ന ഒരാള്‍ തന്നെ തേടിയെത്തുമെന്ന ശുഭ പ്രതീക്ഷയോടെ….                                    

ഡോക്ടര്‍ ശ്രീകുമാര്‍,  രാമന്‍ ആശാനിലേക്ക് എത്തുന്നതു തികച്ചും യാദൃച്ഛികമായാണ്. നാലുവര്‍ഷം മുന്‍പ് കെ.പി. സുഷമ എന്ന സുഹൃത്തുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലാണ് രാമന്‍ ആശാനെക്കുറിച്ച് ശ്രീകുമാര്‍ അറിയുന്നത്.      ദൃശ്യകലാ ഗവേഷകന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീകുമാര്‍ സഹജമായ കൗതുകം നിമിത്തമാണ് രാമന്‍ ആശാനെ കാണാന്‍ ചെന്നത്. ഈ കലാരൂപങ്ങള്‍ക്ക് നാളിതുവരെ യാതൊരു വിധത്തിലുമുള്ള രേഖപ്പെടുത്തലും ഉണ്ടായിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവയുടെ ശീലുകള്‍ ശ്രീകുമാര്‍ കുറിച്ചെടുത്തു. വാമൊഴിയായി മാത്രം നിലനിന്നിരുന്ന ഈ കലകള്‍ക്കുള്ള വരലബ്ധിയായി അത് മാറി. ‘ഭാരതക്കളിയും സീതക്കളിയും  ദളിത് വാമൊഴിവഴക്കങ്ങള്‍’ എന്ന പുസ്തകത്തിന്റെ  പിറവിക്കു പിന്നിലെ കഥയാണിത്. 

പാഠങ്ങളെ പകര്‍ത്തുന്നതോടൊപ്പം ഈ കലകളെക്കുറിച്ച് വിശദമായ പഠനവും ചേര്‍ത്താണ് ഗ്രന്ഥം തയ്യാറാക്കിയത്. അവതരണത്തിനുള്ള മുന്നൊരുക്കങ്ങളും അനുഷ്ഠാനപരവും കലാപരവുമായ പ്രത്യേകതകളുമെല്ലാം ഇതില്‍ വിശദമാക്കുന്നു. കേരളീയ നാടോടി സംസ്‌കാരത്തിന്റെ ദളിത് ചരിത്ര പഠനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ദളിത് ജീവിതപശ്ചാത്തലം, കേരളത്തിലെ ജാതിവ്യവസ്ഥ,  ദ്രാവിഡ ആരാധനാക്രമങ്ങള്‍,  കലാരൂപങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഈ ഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്. ഭാരതക്കളിയുടെയും സീതക്കളിയുടെയും അവതാരകരായ കുറവ സമുദായത്തിന്റെ  ചരിത്രവും ഇതില്‍ പഠനവിധേയമാക്കിയിരിക്കുന്നു. ഇതോടൊപ്പം നാടന്‍കലകളുടെ വാമൊഴി പാരമ്പര്യത്തില്‍ നമ്മുടെ ഇതിഹാസ കാവ്യങ്ങള്‍ക്കുള്ള സ്വാധീനവും വിശദമാക്കിയിട്ടുണ്ട്.

കാളീ സങ്കല്‍പം കേരളത്തിന്റെ എല്ലാ പ്രദേശത്തും കരുത്തുറ്റ സ്വാധീനമാണ്. ഇത്തരം വിശ്വാസത്തിന്റെ പിന്‍ബലമില്ലായിരുന്നുവെങ്കില്‍ നമ്മുടെ സാംസ്‌കാരിക പാരമ്പര്യം തികച്ചും ദുര്‍ബലമായി പോകുമായിരുന്നു. കാളീ സങ്കല്‍പത്തോടൊപ്പം കൊല്ലം,  പത്തനംതിട്ട ജില്ലകളില്‍ ഇന്നും സുഭദ്രമായ ദ്രാവിഡ പാരമ്പര്യമാണ് ഇവിടുത്തെ മലനടകള്‍. മലയപ്പൂപ്പന്‍ എന്ന പേരില്‍ ഇവിടെ ആഘോഷപൂര്‍വ്വം ആരാധിക്കപ്പെടുന്ന മൂര്‍ത്തിക്കു  മഹാഭാരതവുമായി അടുത്ത ബന്ധമാണ്.  ഭാരതക്കളിയുടെയും സീതക്കളിയുടെയും ജീവതാളം സമഗ്രമായി ആലേഖനം ചെയ്തിരിക്കുന്ന അവതാരികയിലൂടെ ഡോ. പൂജപ്പുര കൃഷ്ണന്‍ നായരും ഡോ. വി രാജീവും പു

സ്തകത്തിന്റെ ഭാഗമാവുന്നു. ഒരു പുസ്തകത്തിന് നമ്മുടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഗുണകരമായ എന്തു മാറ്റം വരുത്താന്‍ സാധിക്കും എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാവാം. അതിനുള്ള ഉത്തരം കൂടിയാണ് ഈ പുസ്തകം.  കേരളാ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ  പ്രകാശനം കഴിഞ്ഞയുടനെ  കുറവ സമുദായത്തിലെ ഒരു പറ്റം യുവാക്കള്‍ ഈ കല പഠിക്കാന്‍ തയ്യാറായി. രാമനാശാന്റെ  വീട്ടില്‍ തന്നെ  കളരിയഭ്യാസങ്ങള്‍ ആരംഭിച്ചു. കാവുകളില്‍ വീണ്ടും ഈ കലകള്‍  അവതരിപ്പിച്ചു തുടങ്ങി. 

തന്റെ പിന്‍മുറക്കാരിലൂടെ  ഈ കലകള്‍ സജീവമാകുന്നതുകണ്ട് നിറഞ്ഞ മനസ്സോടെ, ഗുരു പുണ്യവുമായി രാമന്‍ ആശാന്‍ അരങ്ങൊഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിയുന്നു. മരണാനന്തരബഹുമതിയായി കേരള ഫോക്‌ലോര്‍ അക്കാദമി അദ്ദേഹത്തിനു പുരസ്‌കാരം നല്‍കിയിരുന്നു.  തലമുറകളിലൂടെ തനിക്ക് ലഭിച്ച കലാചൈതന്യം വരുംതലമുറയ്‌ക്കായി പകര്‍ന്നു നല്‍കുമ്പോഴാണ് ഒരു കലാകാരന്റെ ജീവിതം പൂര്‍ണമാകുന്നത്. കലയുടെയും കലാകാരന്റെയും ഉണര്‍വിനും ഉയര്‍ച്ചയ്‌ക്കും നിമിത്തമാകുമ്പോഴാണ് ഒരു ഗവേഷകന്റെ  അന്വേഷണങ്ങള്‍ അര്‍ത്ഥവത്താകുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക