മൂടിയ നിന് കണ്ണുകള്‍ക്കപ്പുറം
കയ്യില്‍ ഞെരിഞ്ഞമര്‍ന്ന
രണ്ടു ജീവ ബിന്ദുക്കള്‍.
പിടയുന്ന ഞരങ്ങല്‍ കേട്ടതില്ല
അടയുന്ന ശ്വാസമറിഞ്ഞതില്ല.
വഴിമാറി ഒഴുകിയ
കാമാഗ്നിയില്‍ വെന്തുരുകിയ
രണ്ടു കുഞ്ഞുടുപ്പുകള്‍.
ഊഞ്ഞാലിലാടി രസിക്കുവാന്‍
കൊതിച്ച ശിഖരങ്ങളില്‍
ഇന്നു രണ്ടാത്മാക്കള്
ആടിയുലയുന്നു…
കൊത്തിപ്പറിച്ച കൈകളില്‍
കൊരുത്ത കുരുക്കിനാല്‍
പിടയുമ്പോഴും ഉച്ചത്തില്‍
തന്നെ കരഞ്ഞിരുന്നോ?
താരാട്ടു കേട്ടു മയങ്ങിയ
രാവുകളിലും സ്വയം
അടക്കിയ വിതുമ്പലുകള്‍
പ്രളയമായി വന്നെത്തുമോ?
പ്രഹരമായി ആഞ്ഞടിക്കുമോ..?
വേണ്ടതു നീതി
മാത്രമല്ലയിവിടെ
മറ്റേണ്ടതു
നിയമങ്ങളും..
മുലപ്പാല്‍ ചുരന്നു
വളര്ന്നവനിന്നും
ഒടുങ്ങാത്ത ദാഹമാണെങ്കില്‍
കൊത്തിയരിയുവാന്‍
വേണമനുശാസനമിവിടെ.
തൊടുവാന്‍ തെല്ലു ഭയക്കുവാ-
നെങ്കിലും ഇനിയൊരു
മാറ്റമുദിച്ചിടട്ടെ..
സ്വപ്നങ്ങളറ്റൊരു
കുരുന്നിലയും ഞെട്ടറ്റു
വീഴാതെ വളര്‍ത്തീടാം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: