ലതേഹര്‍ (ഝാര്‍ഖണ്ഡ്): കോടതി നടപടികള്‍ കൃത്യമായി തുടരുന്നത് തടസ്സപ്പെടുത്തി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വൈകിപ്പിച്ചത് കോണ്‍ഗ്രസ്സാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുപ്രീംകോടതിയില്‍ അയോധ്യ കേസ് തുടര്‍ച്ചയായി വാദം കേട്ട് വിധി പറയാനുള്ള സാഹചര്യം കോണ്‍ഗ്രസ് ഒരുക്കിയില്ല. തെരഞ്ഞെടുപ്പു പ്രചരണ യോഗത്തെ അഭിസംബോധന ചെയ്യവെ അമിത് ഷാ പറഞ്ഞു.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കേണ്ടതല്ലേ? പക്ഷേ സുപ്രീം
കോടതിയില്‍ കേസ് വന്നപ്പോള്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തത്? തുടര്‍ച്ചയായി വാദം കേട്ട് വിധി പറയാനുള്ള സാഹചര്യം അവര്‍ ഒരുക്കിയില്ല. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ചില കേന്ദ്രങ്ങളുടെ താത്പര്യത്തിന് കൂട്ടുനില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇപ്പോഴിതാ സുപ്രീംകോടതി ചരിത്ര വിധി പുറപ്പെടുവിച്ചിരിക്കുന്നു, അമിത് ഷാ പറഞ്ഞു.
വോട്ടുബാങ്ക് സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് കഴിഞ്ഞ ഏഴുപതിറ്റാണ്ടായി കോണ്‍ഗ്രസ് കശ്മീര്‍ പ്രശ്‌നം വഷളാക്കിക്കൊണ്ടിരുന്നത്. 370-ാം വകുപ്പ് റദ്ദാക്കാനുള്ള ധൈര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ചതോടെ ജമ്മു കശ്മീര്‍ വികസനത്തിന്റെ വഴിയിലേക്ക് നീങ്ങിയിരിക്കുന്നു.
പതിമൂന്നാം ധന കമ്മീഷനില്‍ ‘സോണിയ-മന്‍മോഹന്‍’ സര്‍ക്കാര്‍ ഝാര്‍ഖണ്ഡിന് 55,253 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍, മോദി സര്‍ക്കാര്‍ മൂന്നു ലക്ഷത്തില്‍പ്പരം കോടി രൂപ ഝാര്‍ഖണ്ഡിന്റെ വികസനത്തിനായി മാറ്റിവച്ചെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രഘുബര്‍ദാസിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഝാര്‍ഖണ്ഡിനെ വികസനത്തിലേക്ക് നയിച്ചു. നേരത്തേ ഭരിച്ച കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാരിന്റെ സംഭാവന എന്തായിരുന്നു? ജനങ്ങള്‍ക്കായി അവര്‍ എന്തെങ്കിലും ചെയ്‌തോ? ആയിരം കോടി രൂപയുടെ അഴിമതിയാണ് അവരുടെ സംഭാവന. ഝാര്‍ഖണ്ഡ് സംസ്ഥാനത്തിനായുള്ള ജനങ്ങളുടെ പോരാട്ടം സഫലമാക്കിയത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ്. ഇപ്പോള്‍ നരേന്ദ്ര മോദി ഈ സംസ്ഥാനത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കുന്നു, അമിത് ഷാ പറഞ്ഞു.
















