ആലപ്പുഴ: മാവോയിസ്റ്റുകളും, മുസ്ലിം മതതീവ്രവാദ സംഘടനകളുമായി പരസ്യമായും രഹസ്യമായും ബന്ധമുണ്ടെന്നത് പി. മോഹനന് അടക്കമുള്ളവര്‍ പറയുമ്പോള്‍ പ്രത്യക്ഷ തെളിവായി മാറുകയാണ് മുന്‍ നക്സല്‍ പ്രവര്‍ത്തകനായ ഗ്രോ വാസു. അടിയന്തരാവസ്ഥയില്‍ പോലീസ് വേട്ടയില്‍ കൊല്ലപ്പെട്ട പ്രമുഖ നക്സലൈറ്റ് വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഗ്രോ വാസു ഒടുവില്‍ എത്തപ്പെട്ടത് എസ്ഡിപിഐയുടെ താവളത്തിലാണ്.
എസ്ഡിപിഐയുടെ തൊഴിലാളി പ്രസ്ഥാനമായി അറിയപ്പെടുന്ന എസ്ഡിടിയുവിന്റെ സംസ്ഥാന പ്രസിഡന്റാണ് വാസു ഇന്ന്. നേരത്തെ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലചെയ്തപ്പോള്‍ സംഘടനയുടെ തീവ്രവാദം ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും വാസു തന്റെ നിലപാടിനെ ന്യായീകരിച്ച് എസ്ഡിപിഐക്കൊപ്പം നിലകൊള്ളുകയായിരുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ പിടിക്കപ്പെടുമ്പോഴും, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമ്പോഴും, അവര്‍ക്ക് പിന്തുണയുമായി വാസു അടക്കമുള്ള മുന്‍ നക്സലുകളും, തീവ്ര കമ്മ്യൂണിസ്റ്റുകളും, മുസ്ലിം തീവ്രവാദ സംഘടനകളും എത്തുന്നതും യാദൃച്ഛികമല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍, താന്‍ എസ്ഡിപിഐയില്‍ അല്ല, തൊഴിലാളി യൂണിയനിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വാസുവിന്റെ ന്യായീകരണം.
‘ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷങ്ങള്‍ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരാണ് എന്ന് ഞാന്‍ പഠിച്ചതാണ്. സച്ചാര്‍ കമ്മീഷന് വന്നശേഷമാണ് മറ്റുള്ളവര്‍ പഠിച്ചത്. ആ ഒരു കാഴ്ച്ചപ്പാടുമായി, ന്യൂനപക്ഷങ്ങളുമായും ദളിതരുമായിട്ടും ആദിവാസികളുമായിട്ടും പരമാവധി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ ആശയം’. ആ ആശയം തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും വാസു ഒരു ഓണ്‍ലൈന്‍ മീഡിയയോട് വ്യക്തമാക്കുന്നുണ്ട്. മതമല്ല വര്‍ഗമാണ് വലുതെന്ന് പറയുന്ന മാവോയിസ്റ്റുകളും, മതമാണ് വലുതെന്ന് പറയുന്ന മതഭീകരവാദ സംഘടനകളും ഇപ്പോള്‍ യോജിക്കുന്നത് ഇരവാദം ഉയര്‍ത്തിയാണെന്ന് വ്യക്തമാക്കുന്നതാണ് വാസുവിന്റെ ഇത്തരം നിലപാടുകള്‍. ചുവപ്പ് ഭീകരതയും, ജിഹാദി ഭീകരതയുമായി ഭിന്നതയല്ല, യോജിപ്പിന്റെ മേഖലയാണ് കൂടുതലെന്നും മുന്‍കാല നക്സലിന്റെ പില്ക്കാല ജീവിതം തുറന്നു കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: