തിരുവനന്തപുരം: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം നിര്‍മിച്ച് പ്രത്യേക ഭരണം വേണമെന്ന സുപ്രീം കോടതി നിര്‍ദേശം സര്‍ക്കാരിനെയും ദേവസ്വം ബോഡിനെയും വെട്ടിലാക്കി. ഭരണം തിരുപ്പതി, ഗുരുവായൂര്‍ ദേവസ്വം മാതൃകയിലാക്കിയാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെള്ളത്തിലാകും. ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളെ ബാധിക്കും. ബോര്‍ഡ് പിരിച്ചു വിടേണ്ടിവന്നാലും അത്ഭുതപ്പെടേണ്ട.
ശബരിമല ക്ഷേത്രത്തെ പ്രത്യേക ഭരണ സംവിധാനത്തിന്റെ കീഴിലാക്കിയാല്‍ ശബരിമലയിലെ വരുമാനം അവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമെ ചിലവഴിക്കാന്‍ സാധിക്കൂ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1258 ക്ഷേത്രങ്ങളാണുള്ളത്. 18 ക്ഷേത്രങ്ങളാണ് പൂര്‍ണമായും സ്വയംപര്യാപ്തതയില്‍ ഉള്ളത്. വരുമാനമുള്ള ക്ഷേത്രങ്ങള്‍ 65ഉം. മറ്റു ക്ഷേത്രങ്ങള്‍ക്കുള്ള വരുമാനം ബോര്‍ഡ് കണ്ടെത്തേണ്ടവരും. അതായത് പ്രത്യേക കര്‍മ്മ പദ്ധതികളും മറ്റും നടപ്പാക്കാന്‍ ബോര്‍ഡ് തയാറാകണം. അതായത് ബോര്‍ഡ് ‘ജോലിയെടുക്കണം.’
225 കോടിയോളം രൂപ ശബരിമല സീസണില്‍ നിന്നും ബോര്‍ഡിന് ലഭിക്കുന്നുണ്ട്. ഈ തുക സ്ഥിര നിക്ഷേപം നല്‍കിയാണ് ഓരോ വര്‍ഷവും ബോര്‍ഡിനു കീഴില്‍ വരുന്ന അയ്യായിരത്തോളം ജീവനക്കാര്‍ക്ക് ശമ്പളം നല്കി വരുന്നത്. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ശബരിമലയിലെ നടവരുമാനം നന്നേ കുറഞ്ഞതിനാല്‍ ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ളവ പ്രതിസന്ധിയിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയാണ് പ്രതിസന്ധി പരിഹരിച്ചത്. വരുമാനം കുറഞ്ഞതോടെ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നില്ല. പകരം ജീവനക്കാരെ പുനര്‍വിന്യാസം നടത്തിവരികയാണ്. പുതിയ നിയമനം നടത്തേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം. സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം നടപ്പിലാക്കേണ്ടി വന്നാല്‍ ഈ വരുമാനം നിലയ്ക്കും. ഇപ്പോള്‍ ഇതുള്ളതിനാല്‍ ഒന്നും ചെയ്യാതിരിക്കുകയാണ് ബോര്‍ഡ്.
വരുമാനമുള്ള ക്ഷേത്രങ്ങളെയാണ് ബോര്‍ഡ് സംരക്ഷിക്കാറുള്ളത്. ഇവിടെ ഉപദേശക സമിതികള്‍ എടുത്ത് ഉത്സവാദി ആഘോഷങ്ങള്‍ നടത്താറുണ്ട്. ബാക്കിയുള്ള തുക ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. ഈ തുകയും ശബരിമല വരുമാനംകൂടി ഉപയോഗിച്ചാണ് മറ്റ് ക്ഷേത്രങ്ങളുടെ നിതൃനിദാന ചെലവുകള്‍ നടത്തി വരുന്നതും.
ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനവും താളം തെറ്റും. ബോര്‍ഡ് ആസ്ഥാനം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ പൂര്‍ണമായ ചെലവുകള്‍ താങ്ങാന്‍ സാധിക്കില്ല. ഒരു ഭാഗം ശബരിമലയ്ക്ക് വേണ്ടി നല്കി പ്രശ്നം പരിഹരിക്കേണ്ടിവരും. പ്രതിസന്ധി പരിഹരിക്കാന്‍ വരുമാനം കുറവുള്ള ക്ഷേത്രങ്ങള്‍ തദ്ദേശീയര്‍ അടങ്ങുന്ന സമിതിക്ക് വിട്ട് നല്കി വരുമാനമുള്ള ക്ഷേത്രങ്ങളെ ബോര്‍ഡിനു കീഴില്‍ നിലനിര്‍ത്തേണ്ടതായും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: