പ്രയാഗ് രാജ്: കെട്ടിട നികുതി അടയ്‌ക്കാതെ വെട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി ജനിച്ച് വീടിന് 4.35 കോടി പിഴയടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. 2003 മുതല്‍ കെട്ടിട നികുതി ഇനത്തില്‍ ഒരു രൂപ പോലും നല്‍കാത്തതിനെ തുടര്‍ന്ന് യുപി പ്രയാഗ്‌രാജ് മുനിസിപ്പാലിറ്റിയാണ് പിഴ ഒടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അനന്ദ് ഭവന്‍ എന്ന് പേരുള്ള ഈ കെട്ടിടം നിലവില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രസിഡന്റായുള്ള ട്രസ്റ്റിന്റെ കീഴിലാണ്. പ്രതിവര്‍ഷമുള്ള കെട്ടിട നികുതി അടയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് പലിശയടക്കമാണ് ഇത്രയും വലിയ തുകയിലേക്ക് എത്തിയതെന്ന് പ്രയാഗ്‌രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നികുതി വകുപ്പ് മേധാവി പി.കെ. മിശ്ര അറിയിച്ചു.
അതേസമയം നികുതി നിശ്ചയിക്കാന്‍ സര്‍വെ നടത്തി. ഇതുസംബന്ധിച്ച് ഉടമസ്ഥര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള എതിര്‍പ്പോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ട്രസ്റ്റിനു കീഴിലുള്ള ഈ കെട്ടിടത്തെ പാര്‍പ്പിടം എന്ന ഗണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി നെഹ്റു ട്രസ്റ്റ് കെട്ടിടത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരികയാണ്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ട്രസ്റ്റ് നികുതി ഇളവുള്ള സ്ഥാപനമായതിനാല്‍ നികുതി ചുമത്താന്‍ പാടില്ലെന്ന് മുന്‍ കോര്‍പ്പറേഷന്‍ മേയര്‍ ചൗധരി ജിതേന്ദ്ര സിങ് കുറ്റപ്പെടുത്തി. സ്വാതന്ത്യ സമര ചരിത്രത്തിലെ സ്മാരകവും മ്യൂസിയവുമാണ് ഈ കെട്ടിടം. അതിനാല്‍ അനന്ദ്ഭവന് നികുതി ചുമത്തരുതെന്നും സിങ് അറിയിച്ചു.
















