തൃശൂര്‍: ജിഎസ്ടി നടപ്പിലായതോടെ സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധനവാണ് ജിഎസ്ടി വഴി ഖജനാവിന് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 ആഗസ്തില്‍ സംസ്ഥാന ജിഎസ്ടി 528 കോടിയും കേന്ദ്ര ജിഎസ്ടി 746 കോടിയും വരവുണ്ടായിടത്ത് ഈ ആഗസ്തില്‍ സംസ്ഥാന ജിഎസ്ടി 765 കോടിയായും കേന്ദ്ര ജിഎസ്ടി 942 കോടിയായും വര്‍ധിച്ചു.
ഏതാണ്ട് 20 ശതമാനത്തിനടുത്ത് വര്‍ധനവ് എല്ലാ മാസങ്ങളിലുമുണ്ടായിട്ടുണ്ട്. 2018 ഒക്ടോബറില്‍ സംസ്ഥാനത്തിന്റെ നികുതി വരവ് 3014 കോടി ആയിരുന്നത് ഈ വര്‍ഷം ഒക്ടോബറില്‍ 4217 കോടിയായി ഉയര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ജിഎസ്ടി മൂലം നികുതി വരുമാനം കുറഞ്ഞതും ജിഎസ്ടി നടത്തിപ്പിലെ പാകപ്പിഴകളും മൂലമാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതെന്നാണ് ഡോ. തോമസ് ഐസക്ക് വാദമുന്നയിച്ചത്. ധനമന്ത്രിയുടെ ഈ വാദത്തെ അപ്രസക്തമാക്കുന്നതാണ് കണക്കുകള്‍.
കേന്ദ്ര ധനകാര്യകമ്മീഷന്റെ പദ്ധതി വിഹിതത്തില്‍ കേരളത്തിന് പതിനേഴര ശതമാനം വര്‍ധനവും നിര്‍ദേശിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രത്തെ പഴിപറഞ്ഞ് തടിതപ്പാനുള്ള ശ്രമമാണ് തോമസ് ഐസക്കിന്റേതെന്ന് വ്യക്തം. കിഫ്ബി അക്കൗണ്ടുകള്‍ സിഎജി ഓഡിറ്റിങ്ങിന് അനുവദിക്കില്ലെന്ന നിലപാടും സംസ്ഥാനത്തിന് തിരിച്ചടിയായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: