തൃശൂര്‍: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമിത നികുതികള്‍ അടിച്ചേല്‍പ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ബജറ്റില്‍ പറയാത്ത നികുതി നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കാനൊരുങ്ങുന്നത്.
3000 മുതല്‍ 4000 കോടി വരെ അധിക വരുമാനമാണ് ഇതുവഴി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭൂമിയുടെ രജിസ്ട്രേഷന് നികുതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. സിനിമാ ടിക്കറ്റിന് പത്ത് ശതമാനം അധിക നികുതി ഇന്നലെ പ്രാബല്യത്തില്‍ വന്നു. ജിഎസ്ടിക്ക് പുറമേയാണിത്. ഒരു ടിക്കറ്റിന് 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
വാഹനനികുതി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. കെട്ടിട നികുതിയില്‍ അഞ്ച് ശതമാനം വര്‍ധന നടപ്പാക്കിക്കഴിഞ്ഞു. പ്രളയത്തിന്റെ പേരിലുള്ള അധിക സെസ് പിരിവും നിലവിലുണ്ട്. ബജറ്റില്‍ പറയാത്ത നികുതി വര്‍ധനവുകള്‍ വഴി ജനങ്ങള്‍ക്കുമേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണ്.
ഇതിന് പുറമേ കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരില്‍ വില്‍പ്പന നികുതി പിരിച്ചെടുക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ജിഎസ്ടി വന്നതോടെ ഇല്ലാതായ ചെക്ക് പോസ്റ്റുകള്‍ക്ക് പകരം പ്രത്യേക സ്ക്വാഡുകളെ നിയമിച്ച് പിരിവ് ഊര്‍ജിതപ്പെടുത്താനാണ് നിര്‍ദേശം. 2011 മുതലുള്ള വാറ്റ് കുടിശ്ശിക അടയ്ക്കണമെന്ന നിര്‍ദേശത്തെ എതിര്‍ത്ത് വ്യാപാരികള്‍ രംഗത്തുവന്നിരുന്നു. വൈദ്യുതി നിരക്ക് വര്‍ധനവും ഉടന്‍ നിലവില്‍ വരും. 20 ശതമാനം വരെയുള്ള ഭീമമായ വര്‍ധനവാണ് വൈദ്യുതി നിരക്കുകളില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ഈ സര്‍ക്കാരിന്റെ അവസാന ബജറ്റാണ് 2020ലേത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കിയേക്കും. ഇതുകൂടി മുന്നില്‍ക്കണ്ടാണ് തിരക്കിട്ട് അമിത നികുതികള്‍ അടിച്ചേല്‍പ്പിക്കുന്നത്. അതേസമയം ഇപ്പോള്‍ ലഭിക്കുന്ന നികുതി വരുമാനത്തിന്റെ 30 ശതമാനമെങ്കിലും അധികം ലഭിച്ചാലേ സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ തന്നെ മുടങ്ങാതെ നടത്താനാകൂ എന്നതാണവസ്ഥ.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കാനാകാത്ത പ്രതിസന്ധിയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. ട്രഷറി നിയന്ത്രണം ഫലത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ നിശ്ചലമാക്കിയ അവസ്ഥയിലാണ്. പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി ജനങ്ങളില്‍ നിന്ന് നികുതി പിടിച്ചെടുക്കുകയാണ്. നികുതി അടയ്ക്കാത്തവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: