ഘടാവസ്ഥ
ദ്വിതീയായാം ഘടീകൃത്യ
വായുര്‍ ഭവതി മധ്യഗഃ
ദൃഢാസനോ ഭവേദ് യോഗീ
ജ്ഞാനീ ദേവസമസ്തദാ 4 72
രണ്ടാമത്തേതില്‍ വായു ഒന്നു ചേര്‍ന്ന് മധ്യ (കണ്ഠ)ത്തിലിരിക്കുന്നു. അപ്പോള്‍ യോഗി ദൃഢാസനനാവുന്നു, ജ്ഞാനിയാവുന്നു, ദേവസമനാവുന്നു.
ഒന്നാമത്തേത് ആരംഭം. അത് കഴിഞ്ഞതില്‍ വിവരിച്ചു. രണ്ടാമത്തേതെന്നാല്‍ ഘടാവസ്ഥ. അതില്‍ പ്രാണന്‍ അപാനനോടും മനസ്സിനോടും നാദബിന്ദുക്കളോടും ഘടീകരിച്ച് (ചേര്‍ന്ന്) മധ്യത്തില്‍, മധ്യചക്രത്തില്‍ (കണ്ഠത്തില്‍) ഇരിക്കുന്നു. മധ്യചക്രമിദം ജ്ഞേയം ഷോഡശാധാര ബന്ധനം (ഹ. പ്ര3 73) എന്ന് മുമ്പ് ജാലന്ധര ബന്ധത്തെപ്പറ്റി പറയുമ്പോള്‍ പറഞ്ഞിട്ടുണ്ട്. മധ്യചക്രം കണ്ഠസ്ഥാനം തന്നെ.
ശിവസംഹിതയില്‍ ഈശ്വരന്‍ പറയുന്നു : പ്രാണാപാനൗ, നാദബിന്ദൂ (പ്രാണന്‍ അപാനന്‍, നാദം ബിന്ദു ഇവ) ജീവാത്മ പരമാത്മനോഃ (ജീവാത്മ പരമാത്മാക്കളോടു ) മിളിത്വാ ഘടതേ ( ചേര്‍ന്നു ഘടിക്കുമ്പോള്‍ ) സഘട ഉച്യതേ (അത് ഘടാവസ്ഥ എന്നറിയപ്പെടും). തദാ (ഈ അവസ്ഥയില്‍ ) സംസാരചക്രേ ള സ്മിന്‍ (ഈ ലോകത്ത് ) നാസ്തി യത്‌ന സ ധാരയേത് (അവന് ചെയ്യാനാവാത്തതായി ഒന്നുമില്ല)
വിഷ്ണുഗ്രന്ഥേസ്തതോ ഭേദാത്
പരമാനന്ദ സൂചകഃ
അതിശൂന്യേ വിമര്‍ദ്ദശ്ച
ഭേരീ ശബ്ദ സ്തദാ ഭവേത് 4 73
പിന്നീട് വിഷ്ണു ഗ്രന്ഥി പൊട്ടി അതിശൂന്യത്തില്‍ നാദം നിറഞ്ഞ് പരമാനന്ദ സൂചകമായ ഭേരീ നാദം ഉയരുന്നു.
ബ്രഹ്മഗ്രന്ഥിയെ ആരംഭത്തില്‍ ഭേദിച്ചു. രണ്ടാമത്തേതില്‍ പ്രാണായാമം കൊണ്ട് വിഷ്ണു ഗ്രന്ഥിയെ ഭേദിക്കുന്നു. അപ്പോള്‍ വരാന്‍ പോകുന്ന പരമാനന്ദത്തെ, ബ്രഹ്മാനന്ദത്തെ സൂചിപ്പിച്ചു കൊണ്ട് അതിശൂന്യത്തില്‍, കണ്ഠത്തില്‍ അതായത് വിശുദ്ധ്യാകാശത്തില്‍ അനേകം നാദങ്ങളുടെ സമ്മര്‍ദം ഉണ്ടാവുന്നു. വലിയ പെരുമ്പറയുടെ ശബ്ദം മുഴങ്ങുന്നു.
പരിചയാവസ്ഥ
തൃതീയായാം തു വിജ്ഞേയോ
വിഹായോ മദ്ദളധ്വനിഃ
മഹാശൂന്യം തദാ യാതി
സര്‍വസിദ്ധി സമാശ്രയം 4 74
മൂന്നാമത്തേതില്‍ ആകാശത്തില്‍ മദ്ദളധ്വനി കേള്‍ക്കാം. അപ്പോള്‍
പ്രാണന്‍ സര്‍വസിദ്ധി പ്രദമായ മഹാശൂന്യത്തില്‍ പ്രവേശിക്കുന്നു.
മൂന്നാമത്തേതെന്നാല്‍ പരിചയാവസ്ഥ.
വിഹായസ്സെന്നാല്‍ ആകാശം. ഇവിടെ മഹാശൂന്യമെന്ന ഭ്രൂമധ്യാകാശമാണ് പ്രകൃതം. ഇവിടെ അണിമാദി സര്‍വ സിദ്ധികളും കരഗതമാവും. ശുഭകരമായ മദ്ദളത്തിന്റെ ശബ്ദം അവിടെ മുഴങ്ങി കേള്‍ക്കും.
ചിത്താനന്ദം തദാ ജിത്വാ
സഹജാനന്ദ സംഭവഃ
ദോഷദുഃഖ ജരാ വ്യാധി
ക്ഷുധാ നിദ്രാ വിവര്‍ജിതഃ 4 75
ചിത്തത്തിലെ (നാദജന്യമായ) സുഖത്തെ കടന്ന് സഹജമായ അകൃത്രിമമായ ആനന്ദം നിറയും. ത്രിദോഷങ്ങളുടെ ദുഃഖവും രോഗവും ജരയും വിശപ്പും നിദ്രയും അകലും.
പ്രാപഞ്ചികമായ ഒട്ടലുകള്‍ ഇല്ലാതാവും. പൂര്‍ണമായ ലയത്തിന്റെ മുന്നോടിയാണ് പരിചയാവസ്ഥ. ചിതറാത്ത ഏകമായ മനസ്സ് അനുഭൂതമാകും. ഉള്ളത്തില്‍ ആനന്ദവും തൃപ്തിയും നിറയും.
വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ സമമാകും. അവ സമമല്ലാതാവുമ്പോള്‍, വിസമമാവുമ്പോള്‍ വിഷമമാവും, രോഗമുണ്ടാവും.
വാതം പിത്തം കഫശ്ചേതി (വാതം, പിത്തം, കഫം എന്നിങ്ങനെ) ത്രയോ ദോഷാ: സമാസതഃ (മൂന്നു ദോഷങ്ങളാണ് ഉള്ളത്) വികൃതാവികൃതാ ദേഹം (അവ വികൃതമോ അവികൃതമോ എന്നതനുസരിച്ച്, വിസമമോ സമമോ എന്നതനുസരിച്ച് ശരീരത്തെ) ഘ്‌നന്തി തേ വര്‍ത്തയന്തി ച ( നശിപ്പിക്കുകയോ നിലനിറുത്തുകയോ ചെയ്യും) ‘ എന്ന് ആയുര്‍വേദമായ അഷ്ടാംഗഹൃദയത്തില്‍ പറയുന്നു. പരിചയാവസ്ഥിതന്‍ വേദന, വാര്‍ധക്യം, രോഗം, വിശപ്പ്, ഉറക്കം ഇവയെ എല്ലാം ജയിക്കും. അവ ഉണ്ടാവില്ലെന്നല്ല, അവ അവന്റെ മനസ്സിന്റെ ശാന്തതയെ ഭഞ്ജിക്കില്ല.
ഒരു ചെറിയ കുട്ടി വഴുതി വീണ് മുട്ടുവേദനിച്ചാല്‍ അതു കരഞ്ഞു നിലവിളിക്കും. എന്നാല്‍ ചെറുപ്പക്കാരന് അതു സംഭവിച്ചാല്‍ അവനതു കാര്യമാക്കില്ല. അതുപോലെ ഒരു സാധാരണക്കാരന്‍ വേദന, വാര്‍ധക്യം, രോഗം, ഉറങ്ങാനുള്ള ധൃതി ഇവയില്‍ വീണുപോകും. എന്നാല്‍ ഒരു യോഗിയെ അവ അത്രയും ബാധിക്കില്ല. കാരണം അവന്റെ ബോധതലം അതു ബാധിക്കാത്ത വണ്ണം ഉയര്‍ന്നതാണ്, വിശാലമാണ്.
ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലുള്ളവര്‍ അര്‍ബുദരോഗത്തിനടിപ്പെട്ടത് നമുക്കറിയാം. പല മഹത്തുക്കളും ഹഠയോഗത്തിലൂടെയും നാദയോഗത്തിലൂടെയുമല്ല ആ അവസ്ഥയിലെത്തിയത്. അവരുടെ ചക്രങ്ങള്‍ ഉണര്‍ന്നവ തന്നെ സംശയമില്ല.
ഭക്തിയോഗത്തിലൂടെയും ഇതു സാധ്യമാണ്. എന്നാല്‍ വേണ്ടവണ്ണം വ്യവസ്ഥിതമായി ശുദ്ധിക്രിയകളിലൂടെ കടന്നു പോയില്ലെങ്കില്‍ നാഡികള്‍ ശുദ്ധിയാവാതെയും അടഞ്ഞും ഇരിക്കും. അപ്പോള്‍ ഉന്നതാനുഭൂതികളും ശാരീരിക ദുഃഖത്തെ കൊണ്ടുവരും. അതുകൊണ്ടാണ് ഹഠയോഗം, ശരീര ശോധന (ഘടശുദ്ധി) യ്‌ക്ക് കുണ്ഡലിനീയോഗത്തില്‍ ഒന്നാം സ്ഥാനം കൊടുത്തിരിക്കുന്നത്. മറ്റൊരു കാര്യം കൂടി ഓര്‍ക്കണം. സാധനയുടെ തീവ്രതയില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ കുണ്ഡലിനിയുടെ ഉണര്‍വുണ്ടായാലും അവന്റെ പ്രാരബ്ധകര്‍മം ബാക്കിയിരിക്കാം. സുഖമായാലും ദുഃഖമായാലും അതനുഭവിച്ചേ മതിയാകൂ.
ഉന്നത യോഗിമാരുടെ ജീവിതം അവര്‍ക്കു മാത്രം വേണ്ടിയല്ല. ആ അവസ്ഥയിലെത്താത്തവരുടെ അസ്വാസ്ഥ്യങ്ങള്‍ അവര്‍ക്കേറ്റെടുക്കേണ്ടതായി വരും. അത് അവരുടെ ശരീരത്തില്‍ രോഗമായി പ്രത്യക്ഷപ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: