കോട്ടയം: മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ കാവാലിപ്പുഴ മണല്‍പ്പുറം വശ്യതയും നിഗൂഢതയും നിറഞ്ഞതാണ്. ഇവിടെ ഓരോവര്‍ഷവും നടക്കുന്ന മരണങ്ങളും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. ഇരയെ തേടിയെത്തുന്ന മരണമല്ല ഇവിടെ മരണത്തെത്തേടിയെത്തുന്നത് ഇരകളാണ്. ഇതാണ് ഇവിടുത്തെ പ്രത്യേകത. അത്രയ്ക്കും നീഗൂഢമായ വശ്യതയാണ് ഈ പുഴയ്ക്ക്.
മീനച്ചിലാറ്റില്‍ ഇത്രയും നിഗൂഢത നിറഞ്ഞ ഒരു സ്ഥലവും വേറെകാണില്ല. കിടങ്ങൂര്‍ ക്ഷേത്രത്തിന് പിറകുവശം ഉത്തമേശ്വരം ക്ഷേത്രത്തിന് സമീപമാണ് കാവാലിപ്പുഴ മണല്‍പ്പുറം. കൊടിയ ഒരു വളവ് കഴിഞ്ഞാല്‍ മണപ്പുറമായി. ഇവിടെ പുഴയുടെ സ്വഭാവം വേര്‍തിരിച്ചെടുക്കാന്‍ അത്രയെളുപ്പമല്ല. ആഴവും വെള്ളത്തിന്റെ വേഗതയും ചുഴിയും അടിയൊഴുക്കും പ്രവചനാതീതം. വളവുതിരിഞ്ഞെത്തുന്ന വെള്ളത്തിന്റെ സ്വഭാവും പലപ്പോഴും രൗദ്രമാണ്. പുറമേ ശാന്തമെങ്കിലും ആഴക്കയത്തില്‍ അതിന്റെ ചടുലതാളം നിര്‍വ്വചിക്കാന്‍ സാദ്ധ്യമല്ല. അടിയൊഴുക്കിന്റെ ശക്തിയും തള്ളലും ഭീകരമാണ്. ഉറപ്പില്ലാത്ത മണ്ണാണ് വെള്ളത്തിനിടിയിലുള്ളത്. ഇടിമണല്‍ എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്. ഇടിമണ്ണില്‍ ചവിട്ടിയാല്‍ കാല് ഉറയ്ക്കില്ല. ഒഴുക്കില്‍പ്പെട്ട് ചുഴിയിലേയ്ക്ക് വീഴുന്നു. പിന്നെ രക്ഷയില്ല.
ഇരുത്തയഞ്ചുവര്‍ഷം മുമ്പ് കിടങ്ങൂരില്‍ തടയണവരുന്നതിന് മുമ്പ് വേനല്‍ക്കാലത്ത് കാവാലിപ്പുഴ നടന്ന് മറുകരയെത്താമായിരുന്നു. നടന്ന് മറുകരയെത്തുമ്പോളും ഇരുവശത്തുമുള്ള കയത്തില്‍ നിറയെ വെള്ളമായിരുന്നു. കൊടിയവേനല്‍ക്കാലത്തും ഈ കയത്തില്‍ നിറയെ വെള്ളമുണ്ടായിരുന്നു. അന്നുമുണ്ടായിരുന്നു ഇന്നത്തെക്കാള്‍ മനോഹരമായ മണപ്പുറം. തെളിഞ്ഞ മണലും ചെത്തിയെടുത്ത രൂപത്തിലുള്ള ഉണ്ടക്കല്ലുമായിരുന്നു ആകര്‍ഷകത്വം. പണ്ട് മണപ്പുറത്ത് തുണിവിരിക്കാന്‍ നാട്ടിയ കമ്പുകള്‍ വളര്‍ന്നതോടെ ഇവിടെ എക്കലടിയാന്‍ തുടങ്ങി. ഓരോ വെള്ളപ്പൊക്കത്തിന് ശേഷവും എക്കലിന്റെ അളവുകൂടിവന്നു. അതൊരു തുരുത്തായി രൂപംകൊണ്ടതോടെ പുഴ ചെറുതായി.
ഓരോവര്‍ഷവും ഇവിടെ ആളുകള്‍ മരിക്കുന്നു. മരിച്ചവരില്‍ ഒരാളൊഴികെ എല്ലാവരും സ്ഥലവാസികളല്ല. 26 കൊല്ലം മുമ്പ് ഒരു ഒക്ടോബര്‍ 2നാണ് സ്ഥലവാസിയായ ഒരാള്‍ ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. പുഴയുടെ സ്വഭാവും കൃത്യമായി അറിയുന്ന ആള് ഒഴുക്കില്‍പ്പെട്ടത് ഇടിമണ്ണില്‍ ചവിട്ടി നിന്നപ്പോളാണ്. ഇവിടെ ഇരുപതിലേറെ ആളുകളുടെ ജീവനാണ് പുഴ അപഹരിച്ചത്. താന്തോന്നിപ്പുഴ എന്നും കാവാലിപ്പുഴയ്ക്ക് പേരുണ്ടായിരുന്നു. പുഴകാണിച്ചിരുന്നത് താന്തോന്നി സ്വഭാവമായിരുന്നു. തെല്ലും അനുസരണയില്ലാത്ത സ്വഭാവം. മീനച്ചിലാറിന്റെ തുടക്കം മുതല്‍ അവസാനം വരെ ഒട്ടേറെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദുരൂഹമരണങ്ങളും ആത്മഹത്യയും അശ്രദ്ധമൂലമുള്ള മരണങ്ങളും ഇരുകരകളിലുമുള്ളവരുടെ ഉറക്കംകെടുത്തുന്നു.
കുറ്റവാളികളെ തൂക്കിലേറ്റിയിരുന്നത് ഇവിടെ
തെക്കുംകൂര്‍ രാജ്യഭരണത്തില്‍പ്പെട്ടതായിരുന്നു കിടങ്ങൂര്‍. തെക്കുംകൂറിന്റെ തലസ്ഥാനം തളിയായിരുന്നു. രാജാവ് ശിക്ഷ വിധിച്ചിരുന്ന കൊടുംകുറ്റവാളികളെ തൂക്കിലേറ്റിയിരുന്നത് കാവാലിപ്പുഴയുടെ തീരത്തായിരുന്നെന്നാണ് പറയപ്പെടുന്നത്. ഇതിനായി ഉപയോഗിച്ചിരുന്ന തൂക്കുമരം വര്‍ഷങ്ങള്‍ക്ക് മുമ്പ്വരെ ഇവിടെ ഉണ്ടായിരുന്നതായി സ്ഥലത്തെ മുതിര്‍ന്നവര്‍ പറയുന്നു.
ഇരുവശത്തും കാടുകേറിയ വിജനമായ മണപ്പുറം ആയതിനാലായിരിക്കും കാവാലിപ്പുഴത്തീരം ഇതിനായി തെരഞ്ഞെടുത്തത്. അനേകം കുറ്റവാളികളെ ഇവിടെ തൂക്കിലേറ്റിക്കാണും. ഒരുപക്ഷേ അതില്‍ നിരപരാധികളും കാണുമായിരിക്കും. ഒരുപക്ഷേ ചാവാലിപ്പുഴയാകും കാവാലിപ്പുഴയായത്. ചാവിന്റെ നിശബ്ദതയാണിവിടെ നിറയുന്നത്. ഇവിടുത്തെ വായുവില്‍ കണ്ണീരും രോക്ഷവും വേദനയും പരിഭവവും അലിയുന്നു. കാവാലിപ്പുഴയുടെ നിഗൂഢത അവസാനിക്കുന്നില്ല. ഓരോ ഇരയേയും കാത്തിരിക്കുകയാണ് കാവാലിപ്പുഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: