തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പണം വാങ്ങിയുള്ള മാര്‍ക്ക് ദാനം വിവാദമായതോടെ വൈസ് ചാന്‍സിലറെ വിളിച്ച് വരുത്തി ഗവര്‍ണര്‍. സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മഹാദേവന്‍ പിള്ളയെ രാജ്ഭവനിലേക്ക് വിളിപ്പിച്ച് വിവാദത്തില്‍ വിശദീകരണം തേടിയത്. മാര്‍ക്ക് ദാന വിഷയത്തില്‍ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് വൈസ് ചാന്‍സിലര്‍ ഗവര്‍ണറെ അറിയിച്ചതായാണ് വിവരം.
2016 മുതല്‍ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാര്‍ക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് തിരുത്തി എന്ന കൃത്യമായ കണക്ക് ഇതുവരെ കണ്ടെത്താനും ആയിട്ടില്ല. പല വര്‍ഷങ്ങളിലായി 12 ലേറെ വിഷയങ്ങളുടെ പരീക്ഷകളുടെ മാര്‍ക്കിലാണ് തിരിമറി ഉണ്ടായത്. തട്ടിപ്പിന് പിന്നില്‍ പണമിടപാട് നടക്കാനുള്ള സാധ്യതയും ശക്തമാണ്. വിവാദത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിയെ വിളിച്ച് വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചത്.
സര്‍വകലാശാല സമിതിയും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുമെന്ന് വിസി അറിയിച്ചതായാണ് വിവരം, കുറ്റക്കാര്‍ ആരായാലും അവരെ സംരക്ഷിക്കില്ലെന്ന് സര്‍ക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രഖ്യാപിച്ചിട്ടുമുണ്ട്. അതേസമയം സര്‍വകലാശാല കേന്ദ്രീകരിച്ച് മാര്‍ക്ക് ദാന മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാജിവയ്‌ക്കണമെന്നും സര്‍വകലാശാലയുടെ അന്തകനാണ് മന്ത്രി കെ.ടി ജലീലെന്നും, രാജവയ്‌ക്കണമെന്നും നിയമസഭയില്‍ പ്രതിപക്ഷം വിമര്‍ശിച്ചു. വിഷയത്തില്‍ ജലീലിന്റെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.
















