തിരുവന്തപുരം: പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസ് ഒരാഴ്‌ച്ചക്കുള്ളില്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍. ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. പുതിയ വേണാട് എക്സ്പ്രസ് ട്രാക്കിലെ രാജരഥം എന്നാണ് യാത്രക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. അത്രയധികം സൗകര്യങ്ങളാണ് പുതിയ ട്രെയിനില്‍ ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച് തുടങ്ങിയത്. എല്ലാ ബോഗികളിലെയും സീറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തിന്റേതു പോലെ മനോഹരമാണ് പുതിയ വേണാട് എക്പ്രസിന്റെ ഉള്‍വശം. ലിങ്ക് ഹോഫ്മാന്‍ ബുഷ് അഥവാ എല്‍എച്ച്ബി കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിന്‍ കൂടിയാണ് വേണാട് എക്സ്പ്രസ്. തിരുവനന്തപുരത്തിനും ഷൊര്‍ണൂരിനും ഇടയിലാണ് വേണാട് എക്സ്പ്രസ് ഓടുന്നത്. ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍. പുതിയ ട്രെയിന്‍ യാത്ര തുടങ്ങി രണ്ടാഴ്ച തികയും മുമ്പ് മൊബൈല്‍ ചാര്‍ജ് ചെയ്യുന്ന പ്ലഗ് പോയിന്റുകളും സാമൂഹ്യ വിരുദ്ധര്‍ തല്ലിതകര്‍ത്തിട്ടുണ്ട്.
പഴയ കനമുള്ള, തുരുമ്പിച്ച കോച്ചുകള്‍ക്കു പകരം നല്ല ഭംഗിയുള്ള കോച്ച്. അതില്‍ നിരനിരയായി ഇരുവശത്തും മൂന്നു വീതം സീറ്റുകള്‍. മനോഹരമായ അകഭാഗം, എല്ലാവര്‍ക്കും നല്ല കാറ്റു ലഭിക്കുന്ന തരത്തില്‍ നടുക്കായി ഫാനുകള്‍, വശങ്ങളില്‍ അല്പം ഉയരത്തില്‍ സ്വിച്ചുകളും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പ്ലഗ് പോയിന്റുകളും. പഴയ കോച്ചിന് ഇരുവശത്തും മൂന്നു വീതം വാതിലുകളാണ് ഉണ്ടായിരുന്നത്. പുതിയ കോച്ചില്‍ നടുവിലെ വാതിലുകള്‍ ഒഴിവായി. കോച്ചിന്റെ മുന്നിലും പിന്നിലും മാത്രം വാതിലുകള്‍. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ഉള്‍ക്കൊള്ളിക്കാനായി. കാലുവയ്‌ക്കാന്‍ കൂടുതല്‍ സ്ഥലം.
പുഷ് ബാക്ക് സീറ്റുകളാണ്. അതിനാല്‍ ഇരിപ്പ് സുഖകരം. കാലുവയ്‌ക്കാന്‍ പ്രത്യേകം പെഡലുകള്‍. ആഹാരം കഴിക്കാന്‍ മുന്‍പില്‍ ചെറുമേശ. മുന്‍സീറ്റിന്റെ പിന്നിലാണ് അവ ഉറപ്പിച്ചിരിക്കുന്നത്. ടോയ്ലറ്റും വാഷ് ബേസിനും സ്റ്റീലില്‍. അതി നാല്‍ ഭംഗിയും ഉറപ്പും. വെള്ളം പാഴാകാത്ത തരത്തിലുള്ള വാഷ് ബേസിനാണ്. അവയ്‌ക്കു താഴെ വേസ്റ്റ് ഇടാന്‍ പ്രത്യേക അറ. ഒരു എസി ചെയര്‍ കാര്‍, പതിനഞ്ച് സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ്, മൂന്ന് ജനറല്‍ തേഡ് ക്ലാസ്, പാന്‍ട്രികാര്‍, രണ്ട് ലഗേജ് കംബ്രേക്ക് വാന്‍ എന്നീ കോച്ചുകളാണ് വേണാട് എക്സ്പ്രസില്‍ ഉള്ളത്.
















