ഗുരുവായൂർ : ആറാമത് ലണ്ടൻ ചെബൈ സംഗീതോത്സവത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സോവനീറിന്റെ പ്രകാശനം ശ്രീ ഗുരുവായൂരപ്പ സന്നിധിയിൽ നിർവഹിച്ചു. വൃശ്ചികം ഒന്നിന് (നവംബർ 17) ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ച് പൂജിച്ച സോവനീർ ആണ് ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് പ്രകാശനം ചെയ്തത്.
ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ദേവസ്വം മെമ്പർമാരായ ഗോപിനാഥൻ, പ്രശാന്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞൻ “അയ്യപ്പ ഗാന ജ്യോതി, കലാരത്നം “പത്മശ്രീ കെ ജി ജയനെ” (ജയവിജയ) ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആദര സൂചകമായി “സംഗീത ആചാര്യ” അവാർഡ് നൽകി ആദരിച്ചു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് നവംബർ 30ന് ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. നവംബർ 30 ന് ഉച്ചക്ക് ഒരുമണിയോട് കൂടി ഭദ്രദീപം തെളിയിച്ചു ചടങ്ങുകൾക്ക് ആരംഭം കുറിക്കും. കർണാടക ശാസ്ത്രീയ സംഗീത ശാഖയിലേക്കുള്ള യാത്ര ആരംഭിക്കുന്ന കുരുന്നുകളും, ശാസ്ത്രീയ സംഗീത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അതിപ്രഗൽഭരും, ജാതി-മത-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ഒരേ വേദിയിൽ മാനസ ഗുരുവായ ചെമ്പൈ സ്വാമികളെ ധ്യാനിച്ച് നവംബർ 30 നു ഗുരുവായൂരപ്പന് നാദ നൈവേദ്യം സമർപ്പിക്കും.
കഴിഞ്ഞ വർഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊണ്ടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ലാങ്ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാൽ ആയിരത്തിലേറെ സംഗീത ആസ്വാദകർക്ക് ഇക്കൊല്ലം നാദസപര്യ അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകാരമി ആറാം വർഷവും അതി വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ.
സമയ പരിമിതി മൂലം ഈ വർഷത്തെ സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന ഗായകരുടെ റജിസ്ട്രേഷൻ 170ൽ നിർത്തേണ്ടി വന്നു എന്നും 2020 നവംബറിൽ നടത്താനിരിക്കുന്ന സംഗീതോത്സവം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന തരത്തിൽ വിപുലമായി സഘടിപ്പിക്കാൻ ആണ് തയ്യാറെടുക്കുന്നതെന്നും സംഘാടകർ അറിയിച്ചു. അടുത്തവർഷത്തെ സംഗീതോത്സവത്തിലേക്കുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: