കൊച്ചി: ഭാരതത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ പുസ്തകോത്സവത്തിന് വേദിയാകാനൊരുങ്ങി കൊച്ചി. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നവംബര്‍ 29ന് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ഈ മാസം 29നു തുടങ്ങുന്ന പുസ്തകോത്സവം ഡിസംബര്‍ എട്ടുവരെയാണ് നടക്കുന്നത്.
രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള 300ലേറെ പ്രസാധകര്‍ ഭാഗമാകുന്ന പത്തുദിവസം നീളുന്ന പുസ്തകോത്സവത്തില്‍ രണ്ട് ലക്ഷത്തിലേറെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാള ടെലിവിഷന്‍ മാധ്യമരംഗത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ അണിനിരക്കുന്ന തത്സമയ ചര്‍ച്ചകളും പുസ്തകോത്സവത്തിലുണ്ട്. ഇന്ത്യന്‍ സ്പേസ് ടെക്നോളജിയുടെ വളര്‍ച്ചയ്‌ക്ക് കാരണക്കാരായ ശാസ്ത്ര പ്രതിഭകള്‍ പങ്കെടുക്കുന്ന സെമിനാറുകളും പുസ്തകോത്സവത്തിന്റെ ഭാഗമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കൊച്ചി ലിറ്ററേച്ചര്‍ ഫെസ്റ്റ്, ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റ്, ഇന്ത്യയിലെ ആദ്യത്തെ ട്രൈബല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്നിവ കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.
















