തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ നടന്നത് മാര്‍ക്ക് കച്ചവടം തന്നെയെന്ന് തെളിയുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ മുഖേനെ പണമിടപാട് നടന്നതായുള്ള സാധ്യതയും ശക്തമാണ്. വിഷയത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് സര്‍വ്വകലാശാല ആസ്ഥാനത്ത് നിരവധി കത്തുകള്‍ കിട്ടിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്.
2016 മുതല്‍ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാര്‍ക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. എത്ര വിദ്യാര്‍ഥികളുടെ മാര്‍ക്ക് തിരുത്തി എന്ന കൃത്യമായ കണക്ക് ഇതുവരെ സര്‍വ്വകലാശാലയുടെ പക്കലില്ല. പല വര്‍ഷങ്ങളില്‍ 12 ലേറെ വിഷയങ്ങളുടെ പരീക്ഷകളുടെ മാര്‍ക്കിലാണ് തിരിമറി ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്ക് വേണ്ടിയാണ് തിരിമറി എങ്കില്‍ വ്യത്യസ്തമായ വിഷയങ്ങളുടെ മാര്‍ക്കില്‍ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്.
മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പാസ് വേഡ് മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്ന സമ്മതിച്ച ഒരു ഡെപ്യൂട്ടി രജിസ്റ്റാറെ മാത്രമാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രമക്കേട് നടന്ന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക മാത്രമാണ് ചെയ്തത്. സര്‍വ്വകലാശാലയുടെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം തീരുന്ന മുറക്ക് കൂടുതല്‍ നടപടിയെന്നാണ് സര്‍വ്വകലാശാല വിശദീകരണം.
തട്ടിപ്പ് നടന്നത് മുഴുവന്‍ 30 ഓളം തൊഴിലധിഷ്ഠിത ബിരുദ കോഴസ് പരീക്ഷകളിലാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് തട്ടിപ്പിന്റെ കാരണം പണമിടപാടെന്ന സംശയം ശക്തമാക്കുന്നു. സെക്ഷന്‍ ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പണം വാങ്ങി മാര്‍ക്ക് തട്ടിപ്പ് നടക്കുന്നുവെന്ന് കാണിച്ച് നിരവധി കത്തുകള്‍ മാസങ്ങള്‍ക്ക് മുമ്പ് സര്‍വ്വകലാശാലക്ക് കിട്ടിയിരുന്നു. പക്ഷെ അന്നൊന്നും കാര്യമായ അന്വേഷണം ഉണ്ടായില്ല. പണം വാങ്ങിയാണ് മാര്‍ക്ക് തട്ടിപ്പെങ്കില്‍ കൂടുതല്‍ പരീക്ഷകളിലും സംഭവിച്ചേക്കാാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇനിയും ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നാണ് വിവരം.
















