കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനം പോലീസ് തിരിച്ചറിഞ്ഞു. പോലീസിനെ കണ്ടു ഓടി രക്ഷപെട്ടത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഉസ്മാനാണെന്നാണു പോലീസ് കണ്ടെത്തല്‍. ഇയാള്‍ സജീവ മാവോയിസ്റ്റ് പ്രവര്‍ത്തകനാണെന്നു പോലീസ് പറയുന്നു. ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പലതും മാവോയിസ്റ്റ് പ്രവര്‍ത്തനവുമായ ബന്ധപ്പെട്ടതാണ്. ഇയാള്‍ക്കെതിരേയും യുഎപിഎ കേസുകള്‍ മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗ് പോലീസിന് ലഭിച്ചിരുന്നു. ഈ ബാഗില്‍ നിന്നാണ് മാവോയിസ്റ്റ് ബന്ധം വ്യക്തമാകുന്ന പോസ്റ്ററുകളും മറ്റും ലഭിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് ഇയാളെ പോലീസ് തിരിച്ചറിഞ്ഞത്.ഒപ്പം, ചോദ്യം ചെയ്യലില്‍ അലനും താഹയും ഉസ്മാനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതായാണു സൂചന.
അലന്റേയും താഹയുടേയും കസ്റ്റഡി കാലാവധി ഇന്ന് തീരും. തുടര്‍ന്ന് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ പോലീസ് ഉസ്മാന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കുമെന്നാണ് സൂചന. നേരത്തേ, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. യുഎപിഎ ചുമത്തിയിട്ടുള്ള കേസ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഇരുവരും മാവോയിസ്റ്റുകളാണെന്നും യുഎപിഎ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. പ്രതികളെ പുറത്തുവിട്ടാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ കോടതി ജാമ്യം തള്ളുകയാണെന്നും അറിയിച്ചു. കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. അറസ്റ്റിലായ അലന്‍ ഷുഹൈബിന്റേയും താഹ ഫസലിന്റേയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പ്രോസിക്യൂഷന്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാനും പ്രോസിക്യൂഷന്‍ ശ്രമിച്ചില്ലെങ്കിലും രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച വിഷയമായതിനാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
















