മൂന്നരവര്‍ഷം മുമ്പ് അധികാരത്തിലെത്തിയത് മുതല്‍ പിണറായി വിജയന് സര്‍ക്കാര്‍ കേന്ദ്രവിരുദ്ധ വികാരം വളര്‍ത്തുകയാണ്. അത് ഇപ്പോള്‍ കടുപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നരേന്ദ്രമോദി സര്‍ക്കാരാണെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ അധിക ചെലവും ധനവകുപ്പിലെ പി
ടിപ്പില്ലായ്മയുമെല്ലാം മൂടിവയ്ക്കാനുള്ള തത്രപ്പാടിലാണ് ധനമന്ത്രി. സാമ്പത്തിക പ്രയാസം നേരിടുമ്പോഴും കീഴേയും മേലെയും നോക്കാതെയുള്ള നടപടികള്‍ ഒരുപാടുണ്ടായി. മന്ത്രിമാര്‍ക്കെല്ലാം പുത്തന്‍ കാറുകള്‍ വാങ്ങിയതും അധികം ഉപയോഗിക്കാത്ത ടയറുകള്‍പോലും ഇഷ്ടംപോലെ മാറ്റിവാങ്ങിയതുമെല്ലാം ചര്‍ച്ചയായതാണ്. മുമ്പൊരു കാലത്തുമില്ലാത്തവിധം പുതിയതായി പലര്‍ക്കും ക്യാബിനറ്റ് പദവി ചാര്ത്തിക്കൊടുത്തതുമെല്ലാം, പിണറായി സര്‍ക്കാരിന്റെ മേന്മയാണല്ലോ. സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് വരുമാനംകൂട്ടാനുള്ള മാര്‍ഗങ്ങളെപ്പറ്റിയാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില വീണ്ടും വര്‍ധിപ്പിക്കാന്‍ പോകുന്നു. ഭൂമിയുടെ പ്രത്യേകത, വാണിജ്യമൂല്യം എന്നിവ കണക്കിലെടുത്തുള്ള ന്യായവില നിര്‍ണയസംവിധാനത്തിലേക്ക് കടക്കാനും ഇടയുണ്ട്. വരുമാനംകൂട്ടാനുള്ള മാര്‍ഗങ്ങളെപ്പറ്റി ശുപാര്‍ശചെയ്യാന്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപവത്കരിച്ച വകുപ്പുസെക്രട്ടറിമാരുടെ സമിതി ആദ്യയോഗം ചേര്‍ന്നു. മറ്റ് നികുതികളെല്ലാം പരമാവധിയായതിനാല്‍ ഭൂമിയുടെ ന്യായവില കൂട്ടലാണ് സമിതിയുടെ മുന്നില്‍വന്ന പ്രധാന നിര്‍ദേശം. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നാണ് മുദ്രപ്പത്രത്തിലൂടെയും രജിസ്ട്രേഷനിലൂടെയും കിട്ടുന്ന വരുമാനം. 2018-19ലെ ബജറ്റിലും ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും കേരളത്തിലാകമാനം ന്യായവില അതിന്റെ വിപണിവിലയെക്കാള്‍ വളരെത്താഴെയാണ്. വന്‍വിലയുള്ള ഭൂമി വില്ക്കുമ്പോള് ആധാരത്തില്‍ ന്യായവില കാണിച്ചാല്‍മതി. ഇതിനുള്ള രജിസ്ട്രേഷന് ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയുമേ ഈടാക്കാനാവൂ. ഇതിലൂടെ സര്‍ക്കാരിന് വന്‍നഷ്ടമുണ്ടാവുന്നു. എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കേരളത്തില്‍ വാണിജ്യകേന്ദ്രങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രമുഖ നഗരകേന്ദ്രങ്ങള്‍, വിശേഷപ്പെട്ട സ്ഥാപനങ്ങളുടെ സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഭൂമിക്ക് മോഹവിലയാണ്. ഇത്തരം ഭൂമിയുടെ വാണിജ്യമൂല്യം കണക്കിലെടുത്ത് അവ തരംതിരിച്ച് ന്യായവില നിര്‍ണയിക്കണമെന്നും സമിതി വിലയിരുത്തി. അങ്ങനെവന്നാല്‍ ന്യായവില വീണ്ടും പുതുതായി നിര്‍ണയിക്കേണ്ടിവരും. ന്യായവില പുതുക്കി നിര്‍ണയിക്കാതെ 2010-ല്‍ തീരുമാനിച്ച വിലയുടെ നിശ്ചിതശതമാനം വര്‍ധിപ്പിക്കുകയാണ് കാലാകാലം ചെയ്തുകൊണ്ടിരിക്കുന്നത്. ന്യായവില കൂടുന്നതോടെ വസ്തുകൈമാറ്റത്തിനുള്ള ചെലവ് കൂടുന്നത് ഭൂമിവില്‍പ്പനയെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതിനാല്‍. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിച്ചെലവുകള്‍ക്കും തത്കാലം പണം ലഭിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ പദ്ധതികളെല്ലാം അവതാളത്തിലാകും. ശമ്പളം, പെന്ഷന്, മെഡിക്കല്‍ ബില്ലുകള്‍, ശബരിമലച്ചെലവുകള്‍, ഇന്ധനച്ചെലവുകള്‍, ദുരന്ത ലഘൂകരണ ഫണ്ട്, ലൈഫ് മിഷന് തുടങ്ങി 31 ഇനം ചെലവുകള്‍ മാത്രമേ അനുവദിക്കൂ. അത്യാവശ്യ ബില്ലുകള്‍ മാത്രം മാറിനല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. അത്യാവശ്യം തീരുമാനിക്കുന്നതോ മന്ത്രിയും. വകുപ്പുകളുടെ അഞ്ചുലക്ഷം രൂപവരെയുള്ള ബില്ലുകള്‍ മാത്രം മാറിനല്‍കിയാല്‍ മതിയെന്നായിരുന്നു നേരത്തേ നിര്‍ദേശിച്ചിരുന്നത്. ഇതിന് മുകളിലുള്ളവയ്ക്ക് ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, അഞ്ചുലക്ഷത്തില്‍ താഴെയുള്ള ബില്ലുകളും മാറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പുതിയ ഉത്തരവ്. വര്‍ഷം 7760 കോടിരൂപ ചെലവിട്ട് സര്‍ക്കാര്‍ നല്കുന്ന ക്ഷേമപെന്ഷന് പറ്റുന്നതില്‍ ഒട്ടേറെ അനര്‍ഹര്‍. ഒരു പഞ്ചായത്തില്‍ മാത്രം 15 ശതമാനത്തോളം അനര്‍ഹര്‍ ക്ഷേമപെന്ഷന് വാങ്ങുന്നുവെന്ന് ധനവകുപ്പിന്റെ സര്‍വേ ഫലം. അങ്ങനെയെങ്കില്‍ ഇപ്പോള്‍ ക്ഷേമപെന്ഷന് വാങ്ങുന്ന 46.9 ലക്ഷം പേരില്‍ എത്ര അനര്ഹരുണ്ടാവുമെന്ന അമ്പരപ്പിലാണു ധനവകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തിലാണ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (ഗിഫ്റ്റ്) പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വേ നടത്തിയത്. 7158 പേരെ സര്‍വേ ചെയ്തതില്‍ 1202 പേര് അനര്‍ഹമായി പെന്ഷന് വാങ്ങിയതായി കണ്ടെത്തി. ഇവരില്‍ 428 പേര് മരിച്ചിട്ടും ബന്ധുക്കള്‍ പെന്ഷന് വാങ്ങുന്നു. 110 പേര് സര്‍ക്കാര്‍ ജീവനക്കാരായിരുന്നതിന് പെന്ഷന് കിട്ടുന്നവര്‍. 15 ശതമാനം പേര് അനര്‍ഹര്‍. കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്ന ഇത്തരം സംഭവങ്ങള്‍ എല്ലാ മേഖലയിലുമുണ്ട്. ഇതൊന്നും കണ്ടെത്താതെ കേന്ദ്രവിരുദ്ധ വികാരം വളര്‍ത്തി രക്ഷപ്പെടാനുള്ള വൃഥാശ്രമം നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: