കുളിക്കാന്‍ മുങ്ങുന്നതിന്, ഭക്ഷണം കഴിക്കുന്നതിന്, കിടക്കുന്നതിന് മുമ്പെല്ലാം മൂന്നു തവണ ശരണംവിളി നിര്‍ബന്ധം. ക്ഷേത്രനടയില്‍ ചെന്നാല്‍ അവിടെ പ്രതിഷ്ഠ ഏതായാലും ഒരേയൊരു നാമജപമേയുള്ളൂ’സ്വാമിയേ ശരണമയ്യപ്പാ’. സര്‍വം സ്വാമിമയം. സ്വാമി എന്നാല്‍ സാക്ഷാല്‍ ബ്രഹ്മം തന്നെ. ഈ സങ്കല്‍പത്തിന് ജാതി, മത, ലിംഗ, പ്രായഭേദങ്ങളില്ല. പതിനെട്ടു പടികള്‍ കയറി എത്തുമ്പോള്‍അറിയുന്നു അത് നീ തന്നെ ( തത് ത്വം അസി) .
നീ ആരെയാണോ അന്വേഷിച്ച് കഠിന തപസ്സനുഷ്ഠിച്ച് ഇവിടെ എത്തിയത്, ആ സങ്കല്‍പം നീ തന്നെയെന്നറിയുമ്പോഴുണ്ടാകുന്ന ആനന്ദം. അതു തന്നെയാണ് വ്രതനിഷ്ഠയുടെ ഫലപ്രാപ്തി. സമൂഹം സ്വയം ഉണ്ടാക്കിയെടുത്തതാണ് മണ്ഡലവ്രതവും ശബരിമല യാത്രയും. എന്തുകൊണ്ടിങ്ങനെ വികസിച്ചു വന്നു എന്ന് കൂലംകഷമായി പഠിക്കുമ്പോള്‍ നമുക്കൊരു കാര്യം ബോധ്യമാകും. സനാതന ധര്‍മം എന്നും ഇങ്ങനെയാണ്. ഏതെങ്കിലും ഒരു വ്യക്തിയെക്കൊണ്ടല്ല അത് സാധ്യമായത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പകരം പ്രപഞ്ചപുരുഷന്‍ സമാനമായ രീതിയില്‍ സങ്കല്‍പങ്ങള്‍ക്ക് രൂപംകൊടുക്കുന്നു എന്നേ അതേക്കുറിച്ച് പറയാനൊക്കൂ.
ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലേതു പോലെ മഠങ്ങളും മന്ദിരങ്ങളും സ്ഥാപനങ്ങളും അതിന്റെ സ്ഥാപകരായി ഗുരുക്കന്മാരും കേരളത്തില്‍ പൊതുവേ ഇല്ല. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി തുടങ്ങി പല ആശ്രമങ്ങളും വന്നിട്ടുണ്ട്. പക്ഷേ അതല്ല കേരളത്തിനു പുറത്തുള്ള സ്ഥിതി. ഗുരുകുലങ്ങളും മഠങ്ങളും ധാരാളം. കേരളത്തില്‍ അത്തരം സമ്പ്രദായങ്ങള്‍ക്ക് സമാനമായി ഒന്നും തന്നെ ഇല്ലായിരുന്നു എന്നു പറയാം. അങ്ങനെ ഇല്ലാതിരുന്നതിന്റെ കുറവുകള്‍,ബോധ്യപ്പെട്ടതുകൊണ്ടാവാം ‘ഗുരുസ്വാമി ‘സങ്കല്‍പം ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ വ്യാപകമായത്. അവരുടെ മേല്‍നോട്ടത്തിലാണ് ശബരിമലയാത്രയെന്ന ആത്മീയയാത്ര ഓരോ വര്‍ഷവും നടക്കുന്നത്.
അതിനൊരു ചിട്ടയും താളവുമുണ്ടായി. അതിനെ കലാപരമായ അനുഭവമായിട്ടും അവര്‍ വളര്‍ത്തിയെടുത്തു. മറ്റേതൊരു ആഘോഷവും പോലെ ശബരിമല യാത്രയ്‌ക്കുള്ള തയാറെടുപ്പുകളും, കെട്ടുനിറയും,അയ്യപ്പന്‍ വിളക്കും, വിളക്കുസദ്യകളും, ശാസ്താംപാട്ടും, കുമ്മിപ്പാട്ടും, എതിരേല്‍പ്പെന്ന ആഘോഷപരമായ ചടങ്ങുകളും അയ്യപ്പനും വാവരും തമ്മില്‍ സന്ധിയിലേക്ക് നീങ്ങിയ സാഹചര്യങ്ങള്‍ പറയുന്ന ചടങ്ങുകളും ഇങ്ങനെ എത്രയോ അനുബന്ധകാര്യങ്ങളെ കൂട്ടിയിണക്കിയാണ്. മതങ്ങള്‍ തമ്മില്‍ത്തമ്മിലും ജാതികള്‍ തമ്മില്‍തമ്മിലും ‘തത്വമസി’പൊരുളില്‍ ഉരുകി ഒന്നാകാനുള്ള ത്വര കേരളീയ സമൂഹത്തില്‍ വളര്‍ന്നു വന്നു.
(അവസാനഭാഗം നാളെ)
9496281416
പ്രതികരിക്കാൻ ഇവിടെ എഴുതുക: