ചെറു കല്ലുകളും പാറക്കഷണങ്ങളുമായി ഇന്ന് (നവംബര്‍ 18) അര്‍ദ്ധരാത്രിയില്‍ ഉല്‍ക്കമഴ ഭൂമിയിലേക്ക് പെയ്തിറങ്ങും. ലിയോനിഡ് ഉല്‍ക്കമഴ എന്ന പ്രതിഭാസമാണ് ലോകത്തിന്റെ കൗതുകം കൂട്ടാനെത്തുന്നത്.
ആകാശത്ത് പൊട്ടിവിരിയുന്ന വിസ്മയം കാണാന്‍ വാനനിരീക്ഷകരും ശാസ്ത്രലോകവും കാത്തിരിക്കുകയാണ്. മേഘങ്ങളില്ലാത്ത ആകാശത്തായിരിക്കും ഉല്‍ക്കാമഴ കൂടുതല്‍ തെളിമയോടെ കാണാനാവുക. ദൂരദര്‍ശിനിയോ മറ്റ് പ്രത്യേകം ഉപകരണങ്ങളോ ഒന്നുമില്ലാതെ തന്നെ നഗ്‌നനേത്രങ്ങള്‍കൊണ്ട് മനുഷ്യര്‍ക്ക് പ്രകൃതി ഒരുക്കുന്ന ഈ ദൃശ്യവിരുന്ന് കാണാനാകും. ഉല്‍ക്കാമഴ പുലര്‍ച്ചെയും സൂര്യോദയത്തിനു ശേഷവും നീളുമെങ്കിലും ഇരുണ്ട ആകാശത്തായിരിക്കും വ്യക്തമായി കാണാനാവുക. കേരളത്തിലും അനുഭവവേദ്യമാണ് പ്രകൃതിയുടെ വിസ്മയം.
എല്ലാവര്‍ഷവും നവംബറിലാണ് ഈ പ്രതിഭാസമുണ്ടാകാറുള്ളത്. സൂര്യനെ വലം വെക്കുന്ന ടെമ്പല്‍-ടട്ടില്‍ എന്ന വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തിന് അരികിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ലിയോണിഡ് ഉല്‍ക്കമഴ ഉണ്ടാകുന്നത്. 33.3 വര്‍ഷമെടുത്ത് സൂര്യനെ വലംവെക്കന്ന ടെമ്പല്‍-ടട്ടില്‍ തന്റെ ഭ്രമണപഥത്തില്‍ അവശേഷിപ്പിക്കുന്ന ചെറു കല്ലുകളും പാറക്കഷണങ്ങളുമാണ് ഉല്‍ക്കാമഴയായി ഭൂമിയിലേക്ക് പതിക്കുന്നത്.
















