കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളും സിപിഎം നേതാക്കളുമായ പ്രതികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലേക്ക് കയറാന്‍ അനുമതിയില്ല. ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. 2012 ജൂണ്‍ ആറിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നു സിപിഎം നേതാക്കളും ഏഴും എട്ടും പ്രതികളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
എറണാകുളം ജില്ലയില്‍ താമസിക്കണമെന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥയിലാണ് ഇരുവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടു വിചാരണ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും 2014ല്‍ തന്നെ തള്ളിയിരുന്നു. പ്രതിസ്ഥാനത്തു നിന്നൊഴിവാക്കി കിട്ടാന്‍ എറണാകുളം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും തള്ളി. ഇതിനെതിരേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി പരിഗണനയിലാണ്.
ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസലിനെ എന്‍ഡിഎഫില്‍ ചേര്‍ന്ന വിരോധത്താല്‍ 2006 ഒകേ്ടാബര്‍ 22 നു പുലര്‍ച്ചെ പത്രവിതരണത്തിനു സൈക്കിളില്‍ പോകവെ വെട്ടിക്കൊലപ്പടുത്തിയെന്നാണു പ്രോസിക്യുഷന്‍ കേസ്.
2018ല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവാവശ്യപ്പെട്ടു വീണ്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളി. തുടര്‍ന്നു സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഹൈക്കോടതി പരിഗണനയിലുള്ള പുന: പരിശോധനാ ഹര്‍ജി സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. വിചാരണാ നടപടികള്‍ വൈകുകയാണെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കുടുംബം കണ്ണൂരിലാണുള്ളതെന്നും എറണാകുളത്ത് ജീവിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വിചാരണ നീണ്ടുപോകുന്നതിനു കാരണം ഹൈക്കോടതി രജിസ്ട്രി മുഖേന അന്വേഷിച്ച റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. പുനഃപരിശോധനാ ഹര്‍ജി പരിഗണനയിലായതിനാല്‍ ഫയല്‍ ഹൈക്കോടതിയിലായതാണ് വിചാരണ വൈകാന്‍ കാരണമെന്നായിരുന്നു രജിസ്ട്രി ബോധിപ്പിച്ചത്.
എന്നാല്‍, ഇത്തരത്തിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നു സുപ്രീംകോടതി വിധിയുണ്ടെന്നും എന്നാല്‍, ഹര്‍ജിക്കാര്‍ ഇതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും കോടതി വിലയിരുത്തി. ഹൈക്കോടതിയിലെക്ക് വിചാരണ കോടതിയിലെ ഫയലുകള്‍ നല്‍കുമ്പോള്‍ പകര്‍പ്പുകള്‍ നല്‍കി ഒറിജിനല്‍ പെട്ടെന്നു തന്നെ തിരികെ നല്‍കണമെന്നതാണു സുപ്രീംകോടതി നിര്‍ദ്ദേശമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയിലുള്ള രേഖകള്‍ എത്രയും പെട്ടെന്നു വിചാരണ കോടതിക്ക് നല്‍കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. വിചാരണ കോടതിയില്‍ രേഖകള്‍ ലഭിക്കുന്ന മുറയ്‌ക്കു വിചാരണ നടപടികള്‍ ആരംഭിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്കും മറ്റും പങ്കെടുക്കാന്‍ അനുമതി നല്‍കാറുണ്ടെന്നും വ്യവസ്ഥ പൂര്‍ണമായി ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
















