ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നവോത്ഥാന പൊയ്‌മുഖം അഴിഞ്ഞു വീണിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശബരിമല യുവതി പ്രവേശന വിധി വന്നശേഷം തട്ടിക്കൂട്ടിയ നവോത്ഥാന സമിതി രാഷ്‌ട്രീയ പ്രേരിതമായിരുന്നു എന്ന് അതിലെ നേതാക്കള്‍ തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചതിലൂടെ വ്യക്തമായെന്ന് അദേഹം പറഞ്ഞു. നവോത്ഥാനവും സ്ത്രീ സമത്വവും സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നില്ല. നവോത്ഥാനം എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കാതെ, കേവലം രാഷ്‌ട്രീയ നേട്ടത്തിനു വേണ്ടി സാമുദായിക സംഘടനകളെ ആ ചരടില്‍ ബന്ധിപ്പിച്ച് ചതിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍, നവോത്ഥാന സമിതിയെന്ന നിലയില്‍ ഈ സംഘടനകള്‍ പ്രതീക്ഷിച്ച നിലപാടുകള്‍ സര്‍ക്കാരിന്റെ വിദൂര താല്‍പര്യം പോലുമായിരുന്നില്ല.
നവോത്ഥാന വനിതാ മതിലുണ്ടാക്കി, അതിന്റെ മറവില്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയതോടെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ലക്ഷ്യം നിറവേറി. ഇനിയിപ്പോള്‍ ആവശ്യം, അകന്നുപോയ വിശ്വാസികളെ തിരികെയെത്തിക്കുകയാണ്. അതിന് നവോത്ഥാന സമിതിയുടെ ആവശ്യമില്ലല്ലോ. ഉപയോഗിച്ച് വലിച്ചെറിയുകയെന്ന പതിവ് അവര്‍ നടപ്പാക്കി. ഇനിയെങ്കിലും നവോത്ഥാന സമിതിയെന്ന പൊള്ളത്തരത്തിന് കൂട്ടുനിന്ന സാമുദായിക സംഘടനകള്‍ പിണറായി വിജയന്റെയും കൂട്ടരുടെയും കാപട്യം മനസിലാക്കിയാല്‍ അവര്‍ക്ക് കൊള്ളാമെന്നും വി. മുരളീധരന്‍ പറഞ്ഞു.
















