കേരളം ചര്‍ച്ച ചെയ്യാതെ പോയ രണ്ട് സുപ്രധാന വിധിന്യായങ്ങള്‍, ഉത്തരവുകള്‍ കഴിഞ്ഞാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായി. ഒരര്‍ഥത്തില്‍ കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് അനുകൂല മാധ്യമങ്ങളും മാധ്യമ സുഹൃത്തുക്കളും ആ വിധികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സൂചിപ്പിച്ചത് റഫാല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച റിവ്യൂ ഹര്‍ജിയിലെ വിധിയും രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസിലെ ഉത്തരവുമാണ്. രണ്ടെണ്ണത്തിനും ദേശീയ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ ശബരിമല കേസിലെ റിവ്യൂ ഹര്‍ജിയിലെ ഉത്തരവ് അതേ ദിവസം വന്നതിനാല്‍ ആ സംഭവങ്ങളെ മുന്‍നിരയില്‍ നിന്ന് ഒഴിച്ചുനിര്‍ത്താന്‍ മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് സാധിച്ചു. കുറെ പത്രങ്ങള്‍ എന്നാല്‍ ആ വാര്‍ത്തയെ ഗൗരവത്തില്‍ കണ്ടു എന്നത് വസ്തുതയാണ്; ആ വാര്‍ത്തക്ക് ഒന്നാംപേജില്‍ സ്ഥാനം കണ്ടെത്തിയവരുണ്ട് എന്നര്‍ത്ഥം. പക്ഷെ, റഫാല്‍ പ്രശ്‌നം അഥവാ അതിന്റെപേരിലുള്ള കുപ്രചരണം എത്രത്തോളം ആഘോഷിച്ചിരുന്നു എന്നത് പരിശോധിക്കുമ്പോഴാണ് മാധ്യമങ്ങള്‍ കോടതി വിധിയോട് നീതി പുലര്‍ത്തിയോ എന്ന സംശയം ബലപ്പെടുക.
അതിനൊപ്പം ചേര്‍ത്ത് വെക്കേണ്ടതാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ തരംതാണ പ്രചാരണങ്ങള്‍ക്ക് കോടതിയില്‍ നിന്ന് കിട്ടിയ താക്കീത്. റഫാല്‍ കേസിലെ കോടതി വിധിയെ ആധാരമാക്കിക്കൊണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകര്‍ക്കാനുദ്ദേശിച്ച്, വ്യാജ ആക്ഷേപങ്ങള്‍ ചൊരിയാനാണ് രാഹുല്‍ ശ്രമിച്ചത്. ‘ അത്യുന്നത നീതിപീഠം പ്രധാനമന്ത്രിയെ മോശക്കാരനായി ചിത്രീകരിച്ചു ‘ എന്നാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞുനടന്നത്. നിരുപാധികം മാപ്പ് ചോദിച്ചത് കൊണ്ടാണ് കോടതിയലക്ഷ്യ നടപടിയില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്. അതായത് രാഷ്‌ട്രീയ ധാര്‍മ്മികത കാറ്റില്‍ പറത്തുകയായിരുന്നു രാഹുല്‍ എന്ന് കോടതി തുറന്നു പറഞ്ഞു. മേലില്‍ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാവരുത് എന്ന മുന്നറിയിപ്പും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് നല്‍കി. ഇതുപോലെ ഒരു ഗതികേട് ഇന്ത്യയിലെ ഒരു പ്രധാന പാര്‍ട്ടിയുടെ മുന്‍ നിര നേതാവിനും മുന്‍പ് ഉണ്ടായിട്ടുണ്ടാവില്ല. ആ വിധത്തിലുള്ള ഒരു ചരിത്രമാണ് രാഹുല്‍ ഗാന്ധി യഥാര്‍ഥത്തില്‍ രചിച്ചിരിക്കുന്നത്. അതും നമ്മുടെ മാധ്യമങ്ങള്‍ക്ക് മുന്‍നിരയില്‍ നിന്ന് ഒഴിവാക്കാന്‍ സാധിച്ചു.
അഴിമതി ആരോപണങ്ങളുടെ നെറുകയിലായിരുന്ന ഒരു കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും നേതാവ് മറ്റുള്ളവരെയൊക്കെ മോശക്കാരായി ചിത്രീകരിക്കാന്‍ ആസൂത്രിതമായി നടത്തിയ ശ്രമമായിരുന്നു അത്. സ്വന്തം പിതാവ് ഒരു പ്രതിരോധ അഴിമതിക്കേസില്‍ കുടുങ്ങിയതിന് പ്രതികാരമെന്നോണമാണ് രാഹുല്‍ ഇതിനായി ഇറങ്ങിയത് എന്ന് അന്നുതന്നെ കോണ്‍ഗ്രസ്സിനുള്ളില്‍ സംസാരമുണ്ടായിരുന്നു. മോദിക്കെതിരായ അത്തരം ആക്ഷേപങ്ങള്‍ വിലപ്പോവില്ല എന്ന് മുന്നറിയിപ്പ് നല്‍കിയവരും കോണ്‍ഗ്രസ് നേതൃ നിരയില്‍ അന്നുണ്ടായിരുന്നു എന്ന് പിന്നീട് പലരും സാക്ഷ്യപ്പെടുത്തിയതുമാണ്. എന്നാല്‍ ചിദംബരം -അഹമ്മദ് പട്ടേല്‍ ലോബി തീരുമാനിച്ചത് കള്ളപ്രചാരണം ശക്തമായി നടത്തണം എന്നാണ്. അതാണ് രാഹുല്‍ നാടുമുഴുവന്‍ പറഞ്ഞുനടന്നത്. ‘ചൗക്കിദാര്‍ ചോര്‍ ഹേയ് ‘ എന്ന മുദ്രാവാക്യവും അതിന്റെ ഭാഗമായുണ്ടായതാണ്. അത് ആസൂത്രണം ചെയ്ത പ്രധാനി ഇപ്പോഴും ‘ ചോര്‍ ചോര്‍ ‘ എന്ന ആക്ഷേപം കേട്ടുകൊണ്ട് തിഹാര്‍ ജയിലില്‍ കഴിയുന്നു. അതിന് പിന്നാലെ ആരൊക്കെ അവിടേക്ക് എത്തുമെന്ന് കണ്ടറിയണം. അത് പോട്ടെ, നമ്മുടെ വിഷയം അതല്ലല്ലോ.
യഥാര്‍ഥത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയത് കുപ്രചരണം തന്നെയായിരുന്നു; വസ്തുതകള്‍ക്ക് നിരക്കാത്തതായിരുന്നു; യാതൊരു അടിസ്ഥാനവും ഇല്ലാത്തതായിരുന്നു. എന്നിട്ടും അത് അദ്ദേഹം ആവര്‍ത്തിച്ചു. രാഹുലിനെ പ്രധാനമന്ത്രിയാക്കാനായി നടന്ന മാധ്യമങ്ങള്‍ അത് പൊലിപ്പിച്ച് പ്രചരിപ്പിച്ചു. മാധ്യമങ്ങള്‍ പലതും എന്തൊക്കെയാണ് ചെയ്തത്, എന്തൊക്കെ ചര്‍ച്ചചെയ്തു. ആര് എന്ത് കള്ളം പറഞ്ഞാലും അത് ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരാണ് എങ്കില്‍, പരമാവധി പ്രയോജനപ്പെടുത്തുക എന്നതായിരുന്നല്ലോ പല മാധ്യമങ്ങളുടെയും ആസൂത്രിത പദ്ധതി. ഒരു സര്‍ക്കാര്‍ തെറ്റ് ചെയ്താല്‍ വിമര്‍ശിക്കപ്പെടണം; തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടണം. അതിലൊന്നും അഭിപ്രായ ഭിന്നതയില്ല. എന്നാല്‍ ഏതെങ്കിലും ഒരാള്‍ എന്തെങ്കിലും നുണയുമായി വരികയാണെങ്കില്‍ അത് അപ്പാടെ വിശ്വസിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ന്യായമാണോ മാധ്യമ ധര്‍മ്മമാണോ? അതല്ലേ റഫാലിന്റെ പേരില്‍ നടന്നത്?. സുപ്രീംകോടതി വിധി ഇപ്പോള്‍ എല്ലാ സംശയങ്ങളും തീര്‍ത്ത് കൊടുക്കുന്നുണ്ട്. അതിലേക്ക് വരാം. എന്നാല്‍ ആ ഈ യുദ്ധ വിമാന ഇടപാട് സുതാര്യമാണ്, അത് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാടാണ് എന്ന് കോടതി അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. മുഴുവന്‍ രേഖകളും കോടതി പരിശോധിച്ചിരുന്നു എന്നതുമോര്‍ക്കുക.
ഇവിടെ തെറ്റ് പറ്റിയത് റഫാലിലെ ഹര്‍ജിക്കാര്‍ക്ക് മാത്രമാണോ?. പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ശൗരി, യശ്വന്ത് സിന്‍ഹ, എന്‍ റാം തുടങ്ങി ഈ കേസില്‍ മുന്നില്‍ നിന്നവരുടെ മുഖത്തു മാത്രമാണോ സുപ്രീം കോടതി വിധിയുടെ ശരങ്ങള്‍ ചെന്ന് കൊണ്ടത്? അല്ല തന്നെ, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങി കുപ്രചരണം അഴിച്ചുവിട്ടവര്‍ക്കും അത് കൊണ്ടിട്ടുണ്ട്. അതിനപ്പുറമോ? അവിടെയാണ് കുറെ മാധ്യമങ്ങളുടെ റോള്‍ ഉയര്‍ന്നുവരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് അച്ചാരം വാങ്ങിയത് പോലെ പ്രവര്‍ത്തിച്ച കുറെ മാധ്യമങ്ങള്‍. അതില്‍ ഏറ്റവും രസകരമായി തോന്നിയത് അല്ലെങ്കില്‍ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായ പ്രകടനം, ‘ഹിന്ദു ‘ പത്രത്തിന്റെ കോ – ചെയര്‍, എഡിറ്റോറിയല്‍ സ്ട്രാറ്റജി ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിക്കുന്ന മാലിനി പാര്‍ത്ഥസാരഥിയുടേതാണ്. ‘ നരേന്ദ്ര മോദിയുടെ വ്യക്തിത്വവും ആത്മാര്‍ഥതയും ചോദ്യം ചെയ്യാവുന്നതല്ല എന്ന് തനിക്ക് എന്നും ബോധ്യമുണ്ടായിരുന്നു ‘ എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. അതെ പത്രത്തിന്റെ ചെയര്‍മാന്‍ എന്‍ റാം ആയിരുന്നല്ലോ മോഡി സര്‍ക്കാരിനെതിരെ ഈ കള്ളക്കഥകള്‍ മെനഞ്ഞിരുന്നത്; അതിനായി ഉപയോഗിച്ചത് ‘ഹിന്ദു ‘ പത്രത്തെ തന്നെയും. വിധി പ്രസ്താവം വന്നതിന് ശേഷം എന്‍ റാം പ്രതികരിച്ചു കണ്ടതുമില്ല. നാലഞ്ച് ദിവസമായി റാം എന്തെങ്കിലും ട്വീറ്റ് ചെയ്തതായും കാണുന്നില്ല. മാലിനി പ്രകടമാക്കിയ ആ മര്യാദ,പക്ഷെ, നരേന്ദ്ര മോദിയെ സ്വന്തം പരിപാടിക്ക് ക്ഷണിച്ചു കൊണ്ടുവന്നവര്‍ പോലും കാണിച്ചില്ല. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് കാലത്ത് എന്തൊക്കെ കള്ളക്കഥകളാണ് അവര്‍ മലയാളിയുടെ മുഖത്തേക്ക് തുപ്പിയത് എന്നത് മറന്നുകൂടല്ലോ. ഈ വിധി പ്രസ്താവമുണ്ടായപ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റി എന്നൊരു മുഖപ്രസംഗം എഴുതിയെങ്കില്‍ പക്ഷെ, അതുണ്ടായില്ല; ഉണ്ടാവുമെന്ന് കരുതുകയും വേണ്ട.
ഇനി എന്താണ് ഈ യുദ്ധവിമാന ഇടപാട് എന്നത് കൂടി ഒന്ന് നോക്കാം. കഴിഞ്ഞ 17-18 വര്‍ഷമായി ആധുനിക യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ശ്രമങ്ങള്‍ നടത്തുകയാണ്. യാതൊന്നും ഇക്കാലത്ത് വാങ്ങിയതുമില്ല. വ്യോമസേനയുടെ കയ്യിലുള്ള റഷ്യന്‍ നിര്‍മിത ‘സുഖോയ്’ വിമാനങ്ങള്‍ ഇന്നത്തെ സൈനിക മത്സരഭൂമികയില്‍ കാര്യക്ഷമമല്ല എന്നതാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറേക്കാലമായി നാം ഉപയോഗിക്കുന്നത് റഷ്യന്‍ വിമാനമാണ്. അതില്‍ അന്‍പത് ശതമാനത്തോളം കേടാണ്. നിലവാരത്തിലുമല്ല. എങ്കിലും ഇന്ത്യ ഇന്നിപ്പോഴും ആശ്രയിക്കുന്നത് അതിനെത്തന്നെയാണ്. നമ്മുടെ ധീര വ്യോമസേനാംഗങ്ങളുടെ കൈവശം നാമിപ്പോള്‍ കൊടുത്തയക്കുന്നത് പഴക്കം ചെന്ന, റിപ്പയര്‍ ചെയ്തും മറ്റും കൊണ്ടുനടക്കുന്ന യുദ്ധ വിമാനങ്ങളാണ് എന്നര്‍ത്ഥം.
പുതിയ വിമാനം സംബന്ധിച്ച് ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ വന്നു. അവസാനം നമ്മുടെ വ്യോമ സേന കണ്ടെത്തിയത് ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്ന റഫാല്‍ വിമാനങ്ങളാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ആ ധാരണയുണ്ടായത്. പക്ഷെ അന്ന് അവര്‍ക്ക് കരാര്‍ ഒപ്പുവെക്കാനായില്ല. പല കാരണങ്ങള്‍ അതിനുണ്ടാവാം. ഖജനാവിലെ പണത്തിന്റെ അഭാവവും അതിലൊന്നാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ഇക്കാര്യത്തില്‍ പുനരാലോചന നടന്നത്. അതൊക്കെ കണക്കിലെടുത്താണ്, ദേശ സുരക്ഷയ്‌ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ്, റഫാല്‍ വിമാനത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചത്. മോദി സര്‍ക്കാര്‍ ഒരു കാര്യം തീരുമാനിച്ചു, ആ ഇടപാട് രണ്ട് രാജ്യങ്ങള്‍ തമ്മിലാവണം. ഒരു കാരണവശാലും ഇടനിലക്കാര്‍ പാടില്ല. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാട് പോലും രണ്ട് രാഷ്‌ട്രത്തലവന്മാര്‍ തമ്മിലാവണം എന്നും നിശ്ചയിച്ചു. അങ്ങിനെ 2016- ലെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെ- യുമായി നടന്ന ചര്‍ച്ചക്കിടയിലാണ് ധാരണയിലെത്തിയത്. അതായത് 2016 ജനുവരി 25 – 26 ദിവസങ്ങളില്‍. ഒരു രാജ്യത്തിന് ഒരു സര്‍ക്കാരിന്, ഇത്തരമൊരു കച്ചവടത്തില്‍ എന്നല്ല ഒരു ഇടപാടിലും കൈക്കൂലി മറ്റൊരു രാജ്യത്തിനോ നേതാവിനോ കൊടുക്കാനാവില്ലല്ലോ. ഫ്രാന്‍സിന്റെ ഖജനാവില്‍ നിന്ന് ഇന്ത്യയിലെ ആര്‍ക്കെങ്കിലും കൈക്കൂലി കൊടുക്കാനാവുമോ ? ദൗര്‍ഭാഗ്യവശാല്‍ രാഹുല്‍ ഗാന്ധിക്കും മാതാവിനും മറ്റും അതൊന്നും ബോധ്യമാവുകയില്ല; കാരണം വിശദീകരിക്കേണ്ടതില്ലല്ലോ.
ഇനി വിമാന ഇടപാടിന്റെ കാര്യം. സെക്യൂരിറ്റി ദൃഷ്ടിയിലുള്ളതും രണ്ട് രാജ്യങ്ങള്‍ തമ്മിലുളളതുമായ ധാരണയാണ് ഉണ്ടാക്കിയത് എന്നതാദ്യം ഓര്‍ക്കുക. അതില്‍ ഒരു കാര്യം വ്യക്തം. എന്തെല്ലാമാണ് വിമാനത്തിന്റെ പ്രത്യേകത, ഇന്ത്യയുടെ ഏറ്റവും പുതിയ പ്രതിരോധ ആവശ്യങ്ങള്‍ അതിനൊപ്പം വ്യോമസേനയിലെ പൈലറ്റ് മാര്‍ക്ക് പരിശീലനം, വിമാനത്തിന്റെ റിപ്പയര്‍, സര്‍വീസിങ് തുടങ്ങിയവയില്‍ ഇന്ത്യയുടെ വ്യവസ്ഥകള്‍ കണക്കിലെടുക്കണം. അതിനൊക്കെയൊപ്പം ഇന്ത്യ വാങ്ങുന്ന വിമാനത്തില്‍ പകുതി ‘മേക്ക് ഇന്‍ ഇന്ത്യ ‘ പദ്ധതിയില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കണം. അതിന് ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ഫ്രഞ്ച് അധികൃതര്‍ കരാറുണ്ടാക്കണം. ഇതൊക്കെയും അംഗീകരിക്കപ്പെട്ടു.
അതേസമയം യുദ്ധവിമാനത്തിന്റെ സവിശേഷതകള്‍ മുഴുവന്‍ പുറം ലോകം അറിഞ്ഞിട്ടില്ല; നമ്മുടെ സുരക്ഷാ വിഭാഗം, വ്യോമസേനാ അധികൃതര്‍, വിദഗ്‌ദ്ധര്‍ തുടങ്ങിയവര്‍ ആണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. നിലവിലുള്ള റഫാല്‍ യുദ്ധ വിമാനമല്ല മറിച്ച് നവീകരിച്ച, ഇന്ത്യന്‍ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ളവയാണ് ലഭിക്കുക. അന്ന് അത് ഇന്ത്യന്‍ മണ്ണിലെത്തിയിരുന്നില്ല; ഇന്നിപ്പോള്‍ ആദ്യവിമാനം ഇന്ത്യ ഏറ്റുവാങ്ങിക്കഴിഞ്ഞു. എന്നാല്‍ എന്തെല്ലാമാണ് അതിലെ പ്രത്യേകത എന്നത് ഇനിയും വെളിച്ചതായിട്ടില്ല. അതാണ് ഇന്ത്യയുടെ ശത്രുരാജ്യങ്ങളെ വിഷമിപ്പിച്ചത്. അവരില്‍ ചിലര്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ സൈന്യം, പ്രതിരോധം, എത്രത്തോളം ശക്തമാവുന്നോ അതില്‍ വിഷമിക്കുന്നത് ഇന്ത്യയുടെ ശത്രുക്കള്‍ ആണല്ലോ. പക്ഷെ ഇവിടെ ചൈനയേക്കാള്‍, പാക്കിസ്ഥാനെക്കാള്‍ വിഷമിച്ചത് നമ്മുടെ പ്രതിപക്ഷമാണ് എന്നതാണ് രസകരം. അതാണ് ഒരു സാധാരണ ഇന്ത്യക്കാരനെ വിഷമിപ്പിക്കുന്നത്, ചിന്തിപ്പിക്കുന്നത്.
ഇവിടെ ഓര്‍ക്കേണ്ടുന്ന ഒരു പ്രധാന കാര്യം; ഈ ഇടപാട് സംബന്ധിച്ച ഒരു രേഖയും സുപ്രീം കോടതിയില്‍ നിന്ന് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ല. ഓരോന്നും സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ കൊടുത്തു. പ്രത്യേക വിധിന്യായം എഴുതിയ ജഡ്ജിയും അത് പരിശോധിച്ചിരിക്കണമല്ലോ; അതുകൊണ്ടാണല്ലോ റിവ്യൂ ഹര്‍ജി അദ്ദേഹമുള്‍പ്പടെ തള്ളിയത്. ഇനി ഈ ഇടപാടിലെ രാജ്യത്തിന്റെ സാമ്പത്തിക ലാഭം. യുപിഎ സര്‍ക്കാരാണ് അതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത് എന്നത് സൂചിപ്പിച്ചിരുന്നുവല്ലോ. അക്കാലത്തേതിനെ അപേക്ഷിച്ച് ഇപ്പോഴത്തെ ഇടപാടില്‍ എന്ത് വ്യത്യാസമാണുള്ളത്. ഇവിടെ മോദി സര്‍ക്കാരിനുള്ള ഒരു പ്രധാന തടസം ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറയില്ലെന്ന് ഒരു ധാരണയുണ്ട് എന്നതാണ്. ഇന്ത്യക്കായി നിര്‍മ്മിച്ച് നല്‍കുന്ന യുദ്ധവിമാനങ്ങളുടെ പ്രത്യേകത പുറംലോകം തല്‍ക്കാലം അറിയരുത് എന്ന താല്പര്യം. അത് ഇന്ത്യയുടെ തന്നെ പ്രതിരോധ താല്പര്യമാവണം. നമ്മുടെ യുദ്ധവിമാനങ്ങള്‍ മറ്റുള്ളവര്‍ക്ക് ഒരു ഭീഷണിയായി നിലനിര്‍ത്താന്‍ ഒരു പരിധിവരെ അത് സഹായിക്കുമായിരിക്കും. മറ്റൊന്ന്, വിമാനത്തിന്റെ വില സംബന്ധിച്ച കൂടിയാലോചനകള്‍ അവസാനിച്ചപ്പോള്‍ യുപിഎ കാലഘട്ടത്തില്‍ പറഞ്ഞതിലും നിര്‍ദ്ദേശിച്ചതിലും വളരെ കുറച്ചായിരുന്നു എന്നത് സ്ഥിരീകരിക്കപ്പെട്ടിരുന്നു; പാര്‍ലമെന്റിലും അക്കാര്യം വ്യക്തമാക്കിയതാണ്. ലോകത്ത് അവര്‍ വിറ്റഴിക്കുന്നതിലും കുറഞ്ഞ വിലക്ക് കൂടുതല്‍ മികച്ച വിമാനങ്ങള്‍ ഇന്ത്യക്ക് നല്‍കുന്നത് ഭാവിയില്‍ തങ്ങള്‍ക്ക് വിപണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും എന്ന ഫ്രാന്‍സിന്റെ ആശങ്കയാവണം ആ ധാരണക്ക് പിന്നില്‍. ഇന്ത്യ നിര്‍ദ്ദേശിച്ച കുറെയേറെ പ്രത്യേക സൗകര്യങ്ങള്‍, സംവിധാനങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മറ്റൊന്ന് നമുക്കാവശ്യമുള്ളതില്‍ മൂന്നിലൊന്ന് വിമാനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ നല്കാന്‍ ഫ്രാന്‍സ് തയ്യാറാവും. അന്‍പത് ശതമാനം വിമാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. മൊത്തത്തില്‍ നോക്കുമ്പോള്‍ ഇത് ഇന്ത്യയുടെ താല്പര്യങ്ങള്‍ക്ക് അനുസൃതമാണ്, സാമ്പത്തികാടിസ്ഥാനത്തില്‍ ലാഭകരവുമാണ്.
പക്ഷെ എണ്‍പതോ തൊണ്ണൂറോ കമ്പനികളുമായി ഫ്രഞ്ച് സ്ഥാപനം ഉണ്ടാക്കിയ ഓഫ്സെറ്റ് കരാര്‍ മനസിലാക്കാതെ ഒരു കമ്പനിയായി നരേന്ദ്ര മോദി സര്‍ക്കാര്‍ വഴിവിട്ട് പലതും ചെയ്തു എന്നുവരെ ഇക്കൂട്ടര്‍ ആക്ഷേപിച്ചു. അതും പ്രതിപക്ഷത്തിന്റെ കള്ളത്തരമായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: