അഗ്ബോഗ്ലോഷിയില്‍ ഒരിക്കലും തീയണയുന്നില്ല. കൊടുങ്കാറ്റിലും അവിടെ പുകയൊഴിയുന്നില്ല. കോടമഞ്ഞിലും ആ നഗരം തണുക്കുന്നില്ല. വന്‍മഴയിലും മേല്‍മണ്ണിലെ കരിമായുന്നില്ല. ചേരിയിലെ ജീവിതങ്ങള്‍ക്ക് രോഗമൊഴിഞ്ഞ നേരവുമില്ല.
ആഫ്രിക്കയിലെ ഘാനാ രാജ്യത്തിന്റെ തലസ്ഥാനമായ ആക്രയ്ക്കടുത്തുള്ള അഗ്ബോഗ്ലോഷിക്ക് ഒരുവിളിപ്പേരുണ്ട് – ‘സോദോം’ നഗരം. ദൈവം അഗ്നി വര്‍ഷിച്ച് ചുട്ടെരിച്ച ഉല്‍പ്പത്തി പുസ്തകത്തിലെ പൗരാണിക നഗരം. ആധുനിക കാലത്തെ സോദോം ഘാനയിലാണ്. എല്ലായിടത്തും ആളിക്കത്തുന്ന തീ. നിറയെ ചുട്ടുനീറുന്ന ചൂട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന ഇ-മാലിന്യം കത്തിയെരിയുന്ന തീയാണത്. തീകത്തുമ്പോള്‍ പരക്കുന്ന വിഷവായുവിന്റെ ശ്വാസംമുട്ടിക്കുന്ന പുകയാണവിടെ നിറയെ.
ഘാനയിലെ ഈ ‘സോദോം’ നഗരത്തില്‍ ഒരു ലക്ഷത്തോളം പേരാണ് താമസിക്കുന്നത്. നല്ല ആഹാരമില്ലാതെ, ശുദ്ധമായ കുടിവെള്ളം ഇല്ലാതെ, യാതൊരു സുരക്ഷാ മുന്‍കരുതലും കൂടാതെ ജീവിതം കരുപ്പിടിപ്പിക്കുന്ന ഒരു ലക്ഷം പേര്. അവര്‍ക്കും വിശപ്പുണ്ട്: മോഹമുണ്ട്: സ്നേഹമുണ്ട്. അതിലേറെ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള ആഗ്രഹമുണ്ട്. പക്ഷേ യൗവനത്തില്‍ത്തന്നെ അവരുടെ ആശകള്‍ വാടിക്കൊഴിയുന്നു. കാരണം, കൊടും മലിനീകരണം. ശ്വാസകോശരോഗം മുതല്‍ അര്‍ബുദ രോഗം വരെ അവരെ വേട്ടയാടുകയാണ്.
അഗ്ബോഗ്ലോഷി നിറയെ ഇ-മാലിന്യങ്ങളാണ്. അമേരിക്കയും യൂറോപ്പും മുതല്‍ ചൈനയും റഷ്യയുംവരെ ഉപയോഗിച്ച് തള്ളിയ ഇലക്ട്രോണിക് മാലിന്യങ്ങള്‍. കമ്പ്യൂട്ടറും സ്കാനറും ടെലിവിഷനും മൊബൈല്‍ ഫോണും ചാര്‍ജറുമെല്ലാം മലപോലെ അവിടെ കൂടിക്കിടക്കുന്നു. പ്രതിവര്‍ഷം ഈ ചെറുനഗരത്തിലെത്തുന്നത് രണ്ടരലക്ഷം ടണ്‍ ഇ-മാലിന്യങ്ങള്‍. അത് മുഴുവന്‍ അവിടെ സംസ്കരിക്കുന്നു. തീകത്തിയും ആസിഡില്‍ കുളിപ്പിച്ചും തല്ലിപ്പൊട്ടിച്ചും ഒക്കെ. അല്‍പ്പം മെച്ചപ്പെട്ട ഉപകരണങ്ങളാവട്ടെ, തല്ലി ശരിപ്പെടുത്തി ആഫ്രിക്കയിലെ സെക്കന്റ്ഹാന്‍ഡ് കച്ചവടശാലകളിലേക്ക് കൊണ്ടുപോകുന്നു. ഇ-മാലിന്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ചെമ്പും വെള്ളിയും അലുമിനിയവുമൊക്കെ തങ്ങള്‍ക്ക് മാലിന്യം സമ്മാനിച്ച അതേ നാടുകളിലേക്ക് അവര്‍ മടക്കി അയക്കുകയാണ്.
അഗ്ബോഗ്ലോഷിയില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നത് അഗ്നിജ്വാലകള്‍ക്കു ചുറ്റുമാണെന്നു പറയാം. പത്തുവയസ്സുള്ള അക്രം മുതല്‍ മുലയൂട്ടുന്ന ആമിനവരെ ജീവിക്കുന്നത് അങ്ങനെയാണ്. വൈകുന്നേരം ആകുമ്പോഴേക്കും ഉണ്ടാക്കാനാവുന്ന ഏതാനും ‘സേഡി’ആണവരുടെ ലക്ഷ്യം. അതിനാണ് അവര്‍ ഈ കറുത്തപുകയുടെ വട്ടത്തില്‍ ജീവിതം ഹോമിക്കുന്നത്. ക്യാന്‍സര്‍കാരിയായ ഡയോക്സിന്‍ ആ പുകയില്‍ നിറഞ്ഞുനില്ക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മണ്ണിലെ കാഡ്മിയവും മെര്‍ക്കുറിയും കറുത്തീയവും മനുഷ്യന്റെ വൃക്കയും കരളുമൊക്കെ കാര്‍ന്നുതിന്നുന്നു. അതിനിടയിലാണ് അഗ്ബോഗ്ലോഷിയിലെ ‘ഫഡാമ’ എന്ന ചേരിയിലെ ജീവിതം ഇഴഞ്ഞുനീങ്ങുന്നത്. ഈ കറുത്ത പട്ടണം ഇ-മാലിന്യ മാഫിയയുടെ പിടിയിലാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. അവിടെ ആര്‍ക്കും എന്തും സംഭവിക്കാം. ചോദ്യമില്ല. ഉത്തരവുമില്ല. നഗരം കാണാനെത്തുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്നുവരെ മാഫിയ ‘നോക്കുകൂലി’ വാങ്ങും. അനധികൃതമായും അധികൃതമായും ഇ-മാലിന്യങ്ങള്‍ വന്ന് കുമിയുകയാണ്. നഗരത്തിലെ പൊതു ആരോഗ്യത്തിന്റെ സ്ഥിതിയും തീര്‍ത്തും മോശം. പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കാന്‍ പാലില്ലാതെ വിങ്ങുന്ന അമ്മമാരാണ് അഗ്ബോേഗ്ലാഷിയുടെ ശാപം. കുടിക്കാന്‍ ശുദ്ധജലം പോലുമില്ല. അതും മാലിന്യം കയറ്റി അയയ്ക്കുന്ന മുതലാളിത്ത രാജ്യങ്ങളില്‍ നിന്നുതന്നെ വിലയ്ക്ക് വാങ്ങണം. നഗരത്തോട് ചേര്‍ന്ന് ഒഴുകുന്ന ‘ഒഡാവ്’ നദി ഇന്ന് വെറുമൊരു മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു.
കുട്ടിയും പട്ടിയും പിടിവണ്ടിയും എല്ലാം നിറഞ്ഞ ഈ ചേരിനഗരത്തില്‍ പേരിനു പോലുമില്ല ശുചിത്വം. വിഷം മണക്കുന്ന ഭൂമിയില്‍ ആരും തന്നെ മുഖംമൂടി ധരിക്കുന്നില്ല. ആപത്കാരികളായ മാലിന്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് പേരിനുപോലുമില്ല ശാസ്ത്രീയമായ കയ്യുറകള്‍. കരിപിടിച്ച വസ്ത്രങ്ങളും കരിവാളിച്ച മുഖവുമാണ് നാട്ടുകാരുടെ കൈമുതല്‍. നാട്ടിലെ പശുവും പന്നിയും ആടുമൊക്കെ ജീവിതം കണ്ടെത്തുന്നതും ഈ ഇ-മാലിന്യത്തിന്റെ മധ്യത്തില്‍ത്തന്നെ. പശുവിന്റെ പാലിലുമുണ്ട് വിഷമാത്രകള്‍. അത് കുടിക്കുന്നത് അപകടം വരുത്തിയേക്കാം. പന്നിയുടെ മാംസം കഴിക്കുന്നതും സൂക്ഷിച്ചുവേണം. അതിലും കണ്ടേക്കാം കറുത്തീയത്തിന്റേയും മെര്‍ക്കുറിയുടേയും മാരകമാത്രകള്‍. അഗ്ബോഗ്ലോഷിയിലെ കോഴികള്‍ ഇടുന്ന മുട്ടയില്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡത്തിന്റെ എത്രയോ ഇരട്ടി കാഡ്മിയം കാണപ്പെടുന്നതായി അന്താരാഷ്ട്ര ആരോഗ്യ വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു. നെഞ്ച് രോഗം, ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ബാധിച്ച ഒട്ടേറെ യുവാക്കളാണ് ഈ കരിപുരണ്ട നഗരത്തില്‍ അകാലമൃത്യുവിന്നിരയാവുന്നത്.
കത്തിയെരിയുന്ന മാലിന്യത്തിന്റെ ഈ കറുത്ത നഗരത്തെക്കുറിച്ച് ഒട്ടേറെ ഡോക്യുമെന്ററി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ പ്രധാനം ‘സോദാമിലേക്ക് സ്വാഗതം’ എന്ന പേരില്‍ പുറത്തിറങ്ങിയ ഓസ്ട്രേലിയന്‍ ഡോക്യുമെന്ററി. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യം അനുനിമിഷം നശിക്കുന്ന അഗ്ബോഗ്ലോഷിയില്‍ പക്ഷേ അതൊന്നും കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല. അപകടകാരികളായ മാലിന്യങ്ങളുടെ രാജ്യാന്തര കടത്തും സംസ്കരണവും നിയന്ത്രിക്കുന്നതിന് 53 രാജ്യങ്ങള്‍ ഒപ്പുവച്ചിട്ടുള്ള ബേസല്‍ കരാറിനെക്കുറിച്ച് അന്തര്‍ദ്ദേശീയ വിദഗ്ദ്ധര്‍ ഘോരഘോരം പ്രസംഗിക്കാറുണ്ട്. പരിസ്ഥിതിയുടെയും മനുഷ്യന്റെയും ആരോഗ്യം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് 1989 മാര്‍ച്ച് 22 ന് സ്വിറ്റ്സര്‍ലന്റിലെ ബേസിലില്‍ ഒപ്പുവച്ച കരാര്‍. മാലിന്യം അയയ്ക്കുകയും വാങ്ങുകയും ചെയ്യുന്ന രാജ്യങ്ങളെ ഉത്തരവാദിത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ കരാര്‍ പക്ഷേ വേണ്ടതുപോലെ നടപ്പില്‍ വരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ബേസില്‍ കരാര്‍ അതിന്റെ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുംവരെ ‘അഗ്ബോഗ്ലോഷി’ ലോകമനസ്സാക്ഷിക്കു മുന്നില്‍ ഒരു കറുത്ത ചോദ്യചിഹ്നമായി തുടരും. കറുത്തിരുണ്ട പുകയും നരകത്തിലെ തീയും വികാരമില്ലാത്ത മനുഷ്യരും, കരിപുരണ്ട വെള്ള കൊക്കുകളും സ്വപ്നങ്ങളുടെ ശവപ്പറമ്പില്‍ പ്രതീക്ഷയറ്റ യുവതികളുമൊക്കെ ‘അഗ്ബോഗ്ലോഷി’യുടെ പ്രതീകമായി ജീവിക്കും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: