കഥയറിയാതെ ആട്ടം കാണുക എന്ന് മലയാളത്തില്‍ ഒരു പദപ്രയോഗമുണ്ട്. ശബരിമലയുടെ വിധിയുടെ കാര്യത്തില്‍ കേരളത്തിലെ ചില കുത്സിത മാധ്യമങ്ങള്‍ അത് പ്രാവര്‍ത്തികമായി കാണിച്ചിരിക്കുകയാണ്.’സ്റ്റേ ഇല്ല’ എന്നാണ് ചില മാധ്യമങ്ങളിലെ ആേഘാഷപൂര്വമുള്ള തലക്കെട്ട്. ഇതുസംബന്ധിച്ച നിയമവ്യവസ്ഥകളോ ഭരണഘടനാ തത്വങ്ങളോ ഒന്നു വായിച്ചുനോക്കാന്‍ പോലും ഈ വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചിട്ടില്ല. ്രശമിക്കുന്നുമില്ല.
നമ്മുടെ ഭരണഘടനയുടെ മൂന്നാം ഭാഗത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കാറുണ്ട്. സപ്തസ്വാതന്ത്ര്യങ്ങള്‍ ഒരു ഇന്ത്യന്‍ പൗരന് പ്രദാനം ചെയ്യുന്ന 19-ാം അനുഛേദമടക്കം മൗലികാവകാശങ്ങളുടെ ഒരു അധികാരപത്രമെന്ന് (ചാര്‍ട്ടര്‍) വിളിക്കാവുന്ന 12 മുതല്‍ 35 വരെയുള്ള അനുഛേദങ്ങളടങ്ങുന്നതാണ് ഈ പ്രധാന ഭാഗം. ഇതില്‍ നല്കപ്പെട്ടിരിക്കുന്ന ഒരു മൗലികാവകാശം മറ്റൊന്നിനേക്കാള്‍ പ്രാധാന്യമുണ്ടെന്നോ മൂല്യം കുറഞ്ഞതോ ആണെന്ന് ചിലര്‍ ധരിച്ചിരിക്കുന്നതുപോലെ തോന്നുന്നു. അഭിപ്രായസ്വാതന്ത്ര്യവും തുല്യതക്കുള്ള അവകാശവും പോലെതന്നെ സുപ്രധാനമാണ് മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശവും. പ്രത്യേകിച്ചും വൈവിധ്യത്തിനും വിവിധ മതങ്ങളുടെ സാന്നിധ്യത്തിനും പേരുകേട്ട രാജ്യമാണ് നമ്മുടേതെന്ന് കരുതുമ്പോള്‍.
ഭരണഘടനയുടെ 25-ാം അനുഛേദത്തെക്കുറിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും രാജ്യത്തെ പരമോന്നത നീതിപീഠം 1954-ല്‍ ലക്ഷ്മീന്ദ്രതീര്ത്ഥസ്വാമിയാര് എന്ന ഏഴംഗ ബെഞ്ച് കേസ്സില്‍ ഇങ്ങനെ പറഞ്ഞു: ”ഇന്ത്യന്‍ ഭരണഘടന നല്കുന്ന ഉറപ്പ് മതസ്വാതന്ത്ര്യത്തിനോ അഭിപ്രായത്തിനോ സംരക്ഷണം നല്‍കുക മാത്രമല്ല മതാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവൃത്തികള്‍ക്കുകൂടി സംരക്ഷണം നല്‍കുന്നുണ്ട്. 25-ാം അനുഛേദത്തിലെ മതത്തിന്റെ അനുഷ്ഠാനം എന്ന പദപ്രയോഗത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.” ഒരു മതം അതിലുള്‍പ്പെട്ടവര്‍ പിന്തുടരേണ്ട സദാചാരച്ചട്ടങ്ങള്‍ മാത്രമല്ല, ആചാരങ്ങളും രീതികളും ആഘോഷങ്ങളും പ്രാര്ത്ഥനാരീതികളും എല്ലാം മതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും ഭക്ഷണത്തിനും വേഷങ്ങള്‍ക്കുപോലും ബാധകമാവുമെന്നും ബഹു. സുപ്രീംകോടതി പ്രഖ്യാപിക്കുകയുണ്ടായി. ഈ ഏഴംഗ ബെഞ്ച് വിധി ഇപ്പോഴും പ്രാബല്യത്തിലുണ്ട്. പിന്നീട് 1958-ല്‍ മറ്റൊരു അഞ്ചംഗ വിധി 7 അംഗ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ ഇങ്ങനെ പറഞ്ഞു:
”ക്ഷേത്രങ്ങളെ സംബന്ധിച്ച ആചാരസംഹിതയില് ആര്‍ക്കൊക്കെ അവയില്‍ ആരാധനക്കായി പ്രവേശിക്കാം, എവിടെയാണവര്‍ നില്‍ക്കേണ്ടത്, എങ്ങനെയാണ് ആരാധിക്കേണ്ടത് എന്നിവയെല്ലാം മതത്തിന്റെ ഭാഗങ്ങളാണ്.
ആര്‍ക്കും ശങ്കയില്ലാത്ത മേല്പ്രഖ്യാപനങ്ങളില്നിന്ന് ആരാധനലയങ്ങളുടെ അകത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആ മതത്തില്‍പ്പെട്ടവരാണെന്നും മറ്റ് ബാഹ്യശക്തികള്‍ അതിലിടപെടാന്‍ പാടില്ലെന്നതുമാണ്. ഈ രാജ്യത്ത് നിലനില്‍ക്കുന്ന നിയമം ഇപ്പോഴും ഇതാണ്. എന്നാല്‍ ലിംഗനീതിയുടെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുത് എന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ചുകൊണ്ടാണ് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് സുപ്രീംകോടതിയെ സമീപിച്ചത്. 25-ാം അനുഛേദത്തില്‍ പൊതുക്രമത്തിനും സദാചാരത്തിനും ആരോഗ്യത്തിനും വിധേയമായി മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പിന്‍ബലത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാവുന്ന ശാരീരികവും ആരോഗ്യപരവുമായ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ട് ചട്ടം 3 (ബി) ഉണ്ടാക്കിയത്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകളെ മാത്രമാണ് ഈ ചട്ടം വഴി പ്രവേശന നിയന്ത്രണം ബാധിച്ചത്. എന്നാല്‍ ആ നിയമത്തിലെ തന്നെ 3-ാം വകുപ്പിന് വിരുദ്ധമാണ് ഈ ചട്ടം എന്ന് കണ്ടുകൊണ്ടാണ് മേല്‍പ്പറഞ്ഞ നിയന്ത്രണം ഭരണഘടനയിലെ 15-ാം അനുഛേദത്തിന് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. ആ വിധിയില്‍ ഒരു സ്ഥലത്തും ആരോഗ്യം എന്ന പദപ്രയോഗത്തിന്റെ വ്യാപ്തിയോ ഉദ്ദേശമോ പരിഗണിച്ചിട്ടില്ല. 3-ാം വകുപ്പില്‍ നിലവിലുള്ള ആചാരങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിധേയമായിട്ടേ പത്തിനും അന്പതിനും ഇടയ്ക്കുള്ള സ്ത്രീകളുടെ പ്രവേശനം നിയന്ത്രിച്ചിട്ടുള്ളൂ. ഇത്തരത്തിലുള്ള നിയന്ത്രണം സാധാരണ ജീവിതത്തില്‍ പ്രാമാണ്യത്തിലുള്ളതാണ്. ഉദാഹരണത്തിന് ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനമായ എയര്‍ ഇന്ത്യയിലും ഇന്ത്യന്‍ എയര്ൈലന്സിലും യാത്ര നിഷിദ്ധമാണ്. ഇതുപോലുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയടക്കം പല മേഖലയിലൂം നിലവിലുണ്ട്. ഓരോ മതവിഭാഗവും പിന്തുടരുന്ന ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് ആരാധനാലയങ്ങളില്‍ പ്രവേശനം നിയന്ത്രിക്കാമെന്നുള്ളത് ഏഴംഗ ബെഞ്ച് അംഗീകരിച്ച തത്വമാണ്.
എന്നിട്ടും 15-ാം അനുഛേദം 25-ാം അനുഛേദത്തിനേക്കാള് പ്രാധാന്യമേറിയതാണ് എന്ന നിലയ്ക്കാണ് 3-ാം ചട്ടം നിയമവിരുദ്ധമാണെന്ന് അഞ്ചംഗ ബെഞ്ച് പ്രഖ്യാപിച്ചത്. പ്രകൃതിയോടിണങ്ങുന്ന വിശ്വാസപ്രമാണങ്ങള്വച്ചുപുലര്ത്തുന്ന ഹിന്ദുക്കളും മുസ്ലിം മതം പിന്തുടരുന്നവരും ആര്‍ത്തവസമയത്ത് സ്ത്രീകള്‍ അശുദ്ധരാണ്, ശ്രീ ജസ്റ്റിസ് നരിമാന് എഴുതിയതുപോലെ വിശുദ്ധരല്ല എന്ന് വിശ്വസിക്കുന്നവരാണ്. 25-ാം അനുഛേദത്തിലെ ആരോഗ്യം എന്ന പദപ്രയോഗത്തിന്റെ പരിരക്ഷ ഈ വിശ്വാസത്തിനും അതിനെ പിന്തുടര്ന്ന് ആചരിച്ചുവരുന്ന രീതികള്‍ക്കുമുണ്ട്. ഇന്ത്യന്‍ യങ് ലോയേഴ്സ് കേസില്‍ ഈ വിഷയം പരിഗണിച്ചിട്ടേയില്ല. മറിച്ച് പത്തിനും അന്പതിനും ഇടയ്ക്കുള്ള സ്ത്രീപ്രവേശനം നിയന്ത്രിക്കുന്നത് മതാചാരങ്ങളുടെ കാതലായ ഭാഗമല്ല എന്ന കാഴ്ചപ്പാടിലാണ് അഞ്ചംഗ ബെഞ്ചിന്റെ കണ്ടെത്തലുകള്‍. ഇതൊക്കെയായിട്ടും ചട്ടം 3, 15 ഉം 25 ഉം അനുഛേദങ്ങളുടെ ലംഘനമാണെന്ന്
പ്രഖ്യാപിക്കുകയല്ലാതെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ സംസ്ഥാന സര്‍ക്കാരിനോ എന്തെങ്കിലും നിര്‍ദ്ദേശം വിധിയില്‍ ഉള് ക്കൊള്ളിച്ചിട്ടില്ലായെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. സംസ്ഥാന സര്‍ക്കാരിനോട് വിധി അനുസരിച്ച് ഇന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന ഒരു നിര്‍ദ്ദേശവും പ്രസ്തുത വിധിയിലില്ല. ചുരുക്കത്തില്‍ വിധിക്കുശേഷം സ്ത്രീ പ്രവേശനകാര്യത്തില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ യാതൊരു നിര്‍ദ്ദേശവും സുപ്രീംകോടതി വിധിയില്‍ ഇല്ല. തിരുവിതാംകൂര്‍ കൊച്ചി മതസ്ഥാപന നിയമത്തിലെ ആചാരങ്ങള്‍ തുടരണമെന്ന വ്യവസ്ഥകളില്‍ സുപ്രീംകോടതി കൈവച്ചിട്ടേയില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിവിധി ഒരു നിയമപ്രഖ്യാപനം നടത്തുകയല്ലാതെ മറ്റൊരു ബാധ്യതകളും കേരള സര്‍ക്കാരിനോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ വരുത്തിവച്ചിട്ടില്ല എന്നത് സുവിദിതമാണ്. വിധി വന്നതിനുശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വച്ചിരുന്ന സ്ത്രീപ്രവേശനത്തെ സംബന്ധിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റുകയും ചെയ്തു. സിവില്‍ നടപടി നിയമത്തിലെ 45-ാം കല്പന അനുസരിച്ച് നടപ്പാക്കി എടുക്കാവുന്ന ഒരു വിധിയല്ല സുപ്രീംകോടതിയുടേത്.
അപ്പോള്‍ നടപ്പാക്കാന്‍ പറ്റാത്ത, നടപ്പാക്കാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്ത ഒരു വിധി സ്റ്റേ ചെയ്യേണ്ട ആവശ്യം എന്താണ്? ആ വിധി ലംഘിച്ചാല്‍ കോടതിയലക്ഷ്യ നടപടിപോലും എടുക്കാമോ എന്നതും സംശയകരമാണ്. അപ്പോള്‍ സ്റ്റേ ഇല്ല സ്റ്റേ ഇല്ല എന്ന ചില കുത്തക മുതലാളി പത്രങ്ങളുടെ ആഹ്ളാദപ്രകടനം നിരര്‍ത്ഥകമാണ്. പ്രത്യേകിച്ചും റിവ്യൂഹര്‍ജി നിലവിലുള്ള ഒരു വിധി സംബന്ധമായി കോടതിയലക്ഷ്യ നടപടികള്‍ റിവ്യൂഹര്‍ജി തീര്‍പ്പാക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്ന് ജസ്റ്റിസ് നരിമാന് ഉള്‍ക്കൊള്ളുന്ന ഒരു ബെഞ്ച് സത്യേന്ദ്രസിംഗ് കേസില്‍ (2017) വിധി പ്രസ്താവിച്ചിട്ടുണ്ട്.
ഇപ്പോള്‍ അഞ്ചംഗ ബെഞ്ചിന്റെ വിധിയുടെ നിര്‍മാതാക്കള്‍ തന്നെ ആ വിധിയുടെ സാധുതയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പരിഗണിക്കേണ്ട പല സുപ്രധാന വിഷയങ്ങളും അതില്‍ പരാമര്‍ശിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് ആ വിധിയുടെ ഉപജ്ഞാതാക്കള്‍ തന്നെ ഭൂരിപക്ഷപ്രകാരം കണ്ടെത്തിയിരിക്കുന്നു. മാത്രമല്ല ഒരു മതവിഭാഗം പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളുടെ പ്രാമാണ്യം 15-ാം അനുഛേദത്തിലെ അവകാശങ്ങളുമായി തുലനം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പുനര്വിചാരണാഹര്ജിയിലെ വിധിയില്‍ പ്രസ്താവിച്ചിരിക്കുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് കേസിലെ വിധി, വിധികര്‍ത്താക്കള്‍തന്നെ മാറ്റിമറിച്ചിരിക്കുന്നു. അലകും പിടിയും അവര്‍തന്നെ എടുത്തുകളഞ്ഞിരിക്കുന്നു. വിധിയുടെ പല്ലും നഖവും താല്ക്കാലികമായിട്ടെങ്കിലും പറിച്ചുകളഞ്ഞിരിക്കുന്നു. ആചാരമതവിശ്വാസങ്ങളെക്കുറിച്ചുള്ള മൗലികാവകാശങ്ങളുടെ വ്യാപ്തിപരിപൂര്ണമായും പുനഃപരിശോധനാ വിധേയമാക്കേണ്ടതാണെന്ന് അത് നിര്‍മിച്ചവര്‍തന്നെ പറഞ്ഞിരിക്കുന്നു.
ഏത് രീതിയില്‍ നോക്കിയാലും യങ് ലോയേഴ്സ് അസോസിയേഷന് കേസിലെ വിധി ഇപ്പോള്‍ ഒരു ജലരേഖയോട് തുല്യമായി മാത്രം നിലനില്ക്കുന്നു. പിന്നെന്തിനാണ് സ്റ്റേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: