കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിന്റെ കൊലപാതകത്തിലെ ഗൂഢാലോചനയിലേക്ക് അന്വേഷണം നടക്കാതിരുന്നത് എസ്എഫ്ഐയില്‍ ചേക്കേറിയ മുസ്ലീം തീവ്രവാദ സ്വഭാവമുള്ളവര്‍ കുടുങ്ങാതിരിക്കാന്‍. കൊല്ലപ്പെടുന്നതിന് തലേന്ന് ഇടുക്കി വട്ടവടയിലെ വീട്ടിലേക്ക് പോയ അഭിമന്യുവിനെ നിര്‍ബന്ധപൂര്‍വ്വം രാത്രി കോളേജിലേക്ക് വിളിച്ചുവരുത്തിയത് എസ്എഫ്ഐ ബന്ധമുള്ള ചിലരാണ്. എസ്എഫ്ഐക്കുള്ളില്‍ത്തന്നെ ഇക്കാര്യത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അന്വേഷിക്കാന്‍ പോലീസും സിപിഎമ്മും തയ്യാറായില്ല. വട്ടവടയില്‍ നിന്നും രാത്രി തന്നെ അഭിമന്യു എറണാകുളത്ത് എത്തേണ്ട സംഘര്‍ഷ സാഹചര്യം മഹാരാജാസ് കോളേജില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും നിരന്തരം വിളിച്ച് കൊലയ്ക്ക് കൊടുത്തതിന്റെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തുന്നതിന് സാഹചര്യം ഒരുക്കികൊടുത്തത് എസ്എഫ്ഐയില്‍ നുഴഞ്ഞുകയറിയ ചില മുസ്ലീം തീവ്രവാദികളാണ്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് തടയിട്ടത് ജില്ലയിലെ ചില സിപിഎം നേതാക്കളാണ്. ജനകീയ സ്വാധീനമുള്ള എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു അഭിമന്യു. കൊല നടന്നിട്ട് ഒരുവര്‍ഷം പിന്നിട്ടിട്ടും അഭിമന്യുവിനെ കുത്തിയവനെ പോലീസ് പിടികൂടാത്തതിലും ദുരൂഹതയുണ്ട്. മാവോയിസ്റ്റ് ബന്ധമുള്ള സിപിഎം പ്രവര്‍ത്തകര്‍ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായതോടെ സിപിഎമ്മില്‍ കടന്നുകൂടിയിട്ടുള്ള മുസ്ലീം തീവ്രവാദികളുടേയും മാവോയിസ്റ്റുകളുടെയും കണക്കെടുപ്പിലാണ് പാര്‍ട്ടി. എന്‍ഡിഎഫ് പോലുള്ള ഇസ്ലാമിക ഭീകരസംഘടനകളുടെ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറുന്നെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു.
മധ്യകേരളത്തില്‍ പ്രത്യേകിച്ച് കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലും ബിജെപി – സിപിഎം സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും പാര്‍ട്ടിയില്‍ ചേക്കേറിയ മുസ്ലീം തീവ്രവാദികളാണെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. വീണ്ടും അതുപോലുള്ള പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. മാവോയിസ്റ്റുകളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പാര്‍ട്ടി അംഗത്വം ഇരുളിന്റെ മറവില്‍ അവരുടെ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
സിപിഎമ്മില്‍ മാത്രമല്ല പോഷക സംഘടനകളിലും മുസ്ലീം തീവ്രവാദ സംഘടനകള്‍ കയറികൂടിയിട്ടുണ്ട്. സൂഷ്മപരിശോധന ഇല്ലാത്തത് പലയിടങ്ങളിലും ഇത്തരക്കാര്‍ക്ക് നുഴഞ്ഞ് കയറാന്‍ അവസരം നല്‍കിയെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഇവരെ കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം പാര്‍ട്ടിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: