രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നാണ് മഹാരാഷ്ട്രയെ, പ്രത്യേകിച്ച് മുംബൈയെക്കുറിച്ച് പറയാറ്. ദിവസങ്ങളായി അവിടെ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ അപമാനകരമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം മഹാരാഷ്ട്ര ഭരിച്ചത് ബിജെപി നയിക്കുന്ന എന്‍ഡിഎയാണ്. മികച്ച ഭരണമെന്ന് പൊതുവെ വിലയിരുത്തിയതാണ്. അതിന്റെ തെളിവാണ് ബിജെപിക്ക് ലഭിച്ച ജനവിധി. 105 സീറ്റ് നേടാനായ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. ശിവസേന സഖ്യകക്ഷിയായിരുന്നു. മത്സരിച്ചത് ഒരുമിച്ചായിരുന്നു. ഫലം വന്നശേഷം നീതിക്ക് നിരക്കാത്ത അവകാശവാദം ഉന്നയിച്ച ശിവസേന ദീര്‍ഘകാലത്തെ സഖ്യം ഉപേക്ഷിച്ചും അധികാരത്തിലേറാന്‍ പരിശ്രമിച്ചു. എന്‍സിപിയുമായി കൂട്ടുകൂടാന്‍ നോക്കിയിട്ടും ഭൂരിപക്ഷമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസുമായി ചേര്‍ന്നു ഭരണത്തിലെത്താന്‍ നോക്കി. പക്ഷേ നിരുപാധിക പിന്തുണ നല്കാന് കോണ്‍ഗ്രസ് തയാറാകാത്തത് ആ കക്ഷിയിലെ ഭിന്നിപ്പുമൂലമാണ്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഒന്നാം കക്ഷിയായ ബിജെപി തയാറാകാതിരിക്കുകയും മറ്റുള്ളവയ്ക്ക് ഭൂരിപക്ഷം ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ആ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഒന്നുമാത്രം. രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്യുക. അതാണ് മഹാരാഷ്ട്രയില്‍ ഉണ്ടായത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ഇപ്പോള്‍ പലരുടെയും പ്രതികരണം. ഗവര്‍ണര്‍ക്ക് എതിരെ ആരോപണവുമായാണ് രംഗത്തിറങ്ങിയിട്ടുള്ളത്.
മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന് ഏറ്റവും ഒടുവില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രസ്താവിച്ചിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് ഈ പ്രതികരണം. മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഫലം വന്നതോടെ ശിവസേന കാലുമാറുകയായിരുന്നു. പിന്നീട് എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പദമെന്ന ശിവസേനയുടെ ആഗ്രഹം പൊളിഞ്ഞിരിക്കുന്നു. സമയ പരിധി അവസാനിച്ചിട്ടും തീരുമാനത്തില്‍ എത്താതായതോടെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തുമെന്ന് ബിജെപി എംപി നാരായണ റാണെ ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് ശിവസേനയെ വിഡ്ഢിയാക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ദേവേന്ദ്ര ഫഡ്നാവിസ് നടത്തുന്നതെന്നും റാണെ പറഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്. മഹാരാഷ്ട്രയില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്ന് ഗവര്‍ണര്‍ നല്കിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
പ്രതിപക്ഷം ആരോപിക്കുന്നതുപോലെ കുതിരക്കച്ചവടത്തിന് ബിജെപി ശ്രമിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കുതികാല് വെട്ടിനും കുതിരക്കച്ചവടത്തിനും ശ്രമിട്ടില്ല. മഹാരാഷ്ട്രയില്‍ ബിജെപി ഭരണം വന്നേ പറ്റൂ എന്ന
നിര്‍ബന്ധം ഉണ്ടായിരുന്നെങ്കില്‍ അത് നിഷ്പ്രയാസം സാധിക്കുമായിരുന്നു. ജനാധിപത്യമര്യാദകളും മാന്യതയും കാത്തുസൂക്ഷിക്കുന്ന കേന്ദ്രഭരണം പുതിയൊരു സര്‍ക്കാര്‍ ഉണ്ടാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ശിവസേന അവിശുദ്ധ സഖ്യത്തിനാണ് ശ്രമിച്ചത്. ശിവസേനയും എന്‍സിപിയും ചേര്‍ന്നാലും 110 അംഗബലമേ ഉണ്ടായിരുന്നുള്ളൂ. ബിജെപിക്കാണെങ്കില്‍ 15 സ്വതന്ത്രന്മാരും ചേര്‍ന്ന് 120 അംഗങ്ങളുണ്ട്. മൂന്നുപതിറ്റാണ്ടായി തുടരുന്ന സഖ്യം കളഞ്ഞ് പുതിയ ബാന്ധവത്തിന് ഒരുമ്പിട്ട ശിവസേനയ്ക്ക് ആദര്‍ശവും തത്ത്വദീക്ഷയുമല്ല അധികാരം മാത്രം മതി എന്ന് തീരുമാനിച്ചതോടെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ലക്ഷ്യം ആ വഞ്ചനയ്ക്ക് വലിയ വില ശിവസേന നല്‍കേണ്ടിവരും. ശിവസേനയുമായി കൂട്ടുകൂടാമെന്ന കോണ്‍ഗ്രസ്സിന്റെ മനോഭാവവും ബോധ്യപ്പെട്ടു. കേരളത്തില്‍ സിപിഎമ്മിന്റെ സഖ്യകക്ഷിയായ എന്‍സിപിക്ക് ശിവസേനയുമായുള്ള ബാന്ധവത്തിന് എന്ത് ആദര്‍ശ പൊരുത്തമാണുള്ളത്? അവര്‍ തമ്മിലുള്ള തര്‍ക്കം മുഖ്യമന്ത്രിപദത്തെക്കുറിച്ച് മാത്രമായിരുന്നു. ബിജെപി ഒഴിച്ചുള്ള പാര്‍ട്ടികളുടെ മുഖംമൂടിയാണ് ഇതോടെ തകര്‍ന്നടിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: