ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. പഞ്ചായത്തിലെ 12, 13 വാര്‍ഡുകളിലാണ് അര്‍ബുദബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുള്ളത്. ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടെന്നാണ് രണ്ടുവര്‍ഷം മുമ്പ് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ശരാശരി അര്‍ബുദബാധിതര്‍ ആയിരത്തില്‍ ഒരാള്‍ എന്ന അനുപാതത്തിലായിരിക്കെയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഈ ഞെട്ടിക്കുന്ന കണക്ക്.
കാപ്പിത്തോടുമായി ബന്ധപ്പെട്ട പടിഞ്ഞാറന്‍ മേഖലകളില്‍ നാലില്‍ ഒരാളെന്ന നിരക്കില്‍ അര്‍ബുദബാധിതരാണെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. രോഗബാധിതര്‍ അധികവും കാപ്പിത്തോടിന് 50 മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരാണെന്നതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. കരള്‍, ശ്വാസകോശ, കുടല്‍ സംബന്ധമായ അര്‍ബുദ രോഗികളാണ് അധികവും. എന്നാല്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടെ കുട്ടികളിലും രോഗലക്ഷണം കാണുന്നു. ജല മലിനീകരണം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവു പ്രകാരം പഞ്ചായത്തിലെ വിവിധ തോടുകളുടെ ഇരുവശങ്ങളിലേയും വീടുകള്‍ കേന്ദ്രീകരിച്ചുള്ള പഠനം നടത്തിയിരുന്നു. എന്നാല്‍ കാപ്പിത്തോടിന്റെ പരിസരങ്ങളില്‍ താമസിക്കുന്നവരിലാണ് രോഗബാധിതര്‍ അധികമുള്ളതായി കണ്ടെത്തിയത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതോടെ പിന്നീട് പദ്ധതി പാതിവഴിയിലായി. റോഡിനു പടിഞ്ഞാറുവശം, കിഴക്കുഭാഗത്തുള്ളതിനേക്കാള്‍ നാലിരട്ടി അര്‍ബുദബാധിതരാണുള്ളത്. പതിമൂന്നാം വാര്‍ഡില്‍ തോടിനോട് ചേര്‍ന്നുള്ള 50 മീറ്റര്‍ പരിധിയില്‍ വരുന്ന വീടുകളിലും രോഗബാധിതര്‍ ഏറെയാണ്. തോട്ടിലെ മാലിന്യമാണ് ഇതിനു പ്രധാന കാരണമായി പറയുന്നത്. വീടുകളില്‍ കുഴല്‍ക്കിണറുകളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്.
വീടുകളില്‍നിന്നു പുറം തള്ളുന്ന കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാപ്പിത്തോട്ടിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. ഇതിനു പരിഹാരം കാണാനായെങ്കിലും മത്സ്യസംസ്‌കരണ പ്ലാന്റുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതിനു ശാശ്വത പരിഹാരം കണ്ടെത്താനായില്ല.
















