രാജ്യതലസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി. എന്നാല്‍ അതോടൊപ്പം തന്നെ വിഘടനവാദ സംഘടനകള്‍ക്ക് ഏറ്റവുമധികം സ്വാധീനമുള്ള സര്‍വ്വകലാശാലയെന്ന പേരുദോഷവും കാലങ്ങളായി ജെഎന്‍യുവിനുണ്ട്. അതിനാല്‍ തന്നെ ജെഎന്‍യുവിലെ വിദ്യാര്ത്ഥിപ്രക്ഷോഭങ്ങളോട് പലപ്പോഴും രാജ്യത്തെ ജനങ്ങളും രാഷ്ട്രീയ നേതാക്കളും വിവിധ തരത്തിലാണ് പ്രതികരിക്കാറുള്ളത്. മൂന്നുപതിറ്റാണ്ടിന് ശേഷം ജെഎന്‍യുവില്‍ നടപ്പാക്കിയ ഫീസ് വര്‍ദ്ധനവിനെതിരായ സമരം അപ്രതീക്ഷിതമായി കേന്ദ്രസര്‍ക്കാരിനെതിരെ തിരിച്ചത് അതുകൊണ്ടുതന്നെ സംശയങ്ങള്‍ക്കിട നല്കുന്നു.
ജെഎന്‍യുവില്‍ പഠിക്കുന്ന 8,500 ലേറെ വിദ്യാര്‍ത്ഥികളില്‍ ചുരുങ്ങിയ പേര് മാത്രമാണ് രാജ്യവിരുദ്ധ നിലപാടുകളുള്ള സംഘടനകളുമായി സഹകരിക്കുന്നത്. എന്നാല്‍ അവരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ജെഎന്‍യുവിന്റെ പ്രതാപത്തെ അതിവേഗത്തില്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ പരിപാടികളിലും സമരങ്ങളിലും നുഴഞ്ഞുകയറുന്ന വിഘടനവാദ ശക്തികളാണ് ജെഎന്‍യുവിന്റെ യഥാര്‍ത്ഥ പ്രശ്നം. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അധികം പണച്ചെലവില്ലാതെ മികച്ച വിദ്യാഭ്യാസം നേടിയെടുക്കാന്‍ ജെഎന്‍യുക്കാലം സഹായിക്കാറുണ്ട്.
കാലാകാലങ്ങളായി പരിഷ്കരിക്കാത്ത ഫീസ് ഘടന ഇത്രവര്‍ഷങ്ങള്‍ക്ക് ശേഷം ഒറ്റയടിക്ക് പരിഷ്ക്കരിക്കുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ജെഎന്‍യുവില്‍ സംഭവിച്ചത്. വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിസംഘടനകളെയും വിശ്വാസത്തിലെടുക്കാതെ നടപ്പിലാക്കിയ ഫീസ് വര്‍ദ്ധനവിനെതിരെ എബിവിപി അടക്കമുള്ള ക്യാമ്പസിലെ വിദ്യാര്‍ത്ഥിസംഘടനകള്‍ ശക്തമായ സമരത്തിലാണ്.
ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവും മെസ് ഫീസ് വര്‍ദ്ധനവും സര്‍വ്വീസ് ചാര്‍ജ്ജ് എന്ന പേരിലുള്ള ഫീസ് ഈടാക്കലുമാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് കാരണമായത്. ഒരാള്‍ക്ക് താമസിക്കാനുള്ള റൂമിന്റെ മാസവാടക ഇരുപത് രൂപയില്‍ നിന്ന് 600 രൂപയാക്കി ഉയര്‍ത്തിയിരുന്നു. രണ്ടുപേര്‍ താമസിക്കുന്ന റൂമിന്റെ വാടക പത്തുരൂപയില്‍ നിന്ന് 300 രൂപയായും ഉയര്‍ത്തി. മുപ്പത് വര്‍ഷം മുമ്പ് നിശ്ചയിച്ച റൂം വാടകയിലാണ് ഇത്ര വര്‍ഷവും വിദ്യാര്‍ത്ഥികള്‍ ഇവിടെ താമസിച്ചതെന്നും ഇനിയും പുതുക്കിയില്ലെങ്കില്‍ റൂമുകളുടെ നവീകരണമടക്കമുള്ള കാര്യങ്ങള്‍ വൈകുമെന്നുമാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷന്റെ നിലപാട്.
ശുചീകരണം, അറ്റകുറ്റപ്പണി, പാചകം, മെസ് സഹായിയുടെ ചാര്‍ജ്ജ് എന്നിവയടക്കം സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ പ്രതിമാസം 1,700 രൂപ ഈടാക്കാനുള്ള തീരുമാനമാണ് വിദ്യാര്‍ത്ഥികളില്‍ ഏറ്റവുമധികം പ്രതിഷേധത്തിനിടയാക്കിയത്. മുമ്പ് ഈയിനത്തില്‍ ഒരുരൂപ പോലും ഈടാക്കിയിരുന്നില്ല. ഹോസ്റ്റല്‍ മെസ് സെക്യൂരിറ്റിയായി നല്‍കിയിരുന്ന 5,500 രൂപ എന്നത് 12,000 ലേക്ക് ഉയര്‍ത്തിയതും വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധത്തിന് കാരണമായി. സര്‍വ്വീസ് ചാര്‍ജ്ജും മെസ് സെക്യൂരിറ്റിയും ഉയര്‍ത്തിയത് പിന്‍വലിച്ചാല്‍ സമരം തുടരില്ലെന്നാണ് വലിയ വിഭാഗം വിദ്യാര്‍ത്ഥികളും പറയുന്നത്. എന്നാല്‍ മെസ് ബില്‍ അടയ്ക്കാതെ പഠനം ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെയാണ് മെസ് സെക്യൂരിറ്റി തുക വര്‍ദ്ധിപ്പിക്കേണ്ടിവന്നതെന്ന് ജെഎന്‍യു അധികൃതരും പറയുന്നു. പ്രശ്നപരിഹാരത്തിന് വൈസ് ചാന്‍സലറും രജിസ്ട്രാറുമടക്കമുള്ളവര് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യമാണ് സമരക്കാര്‍ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്.
എന്നാല്‍ ക്യാമ്പസിലെ ബാഹ്യശക്തികളുടെ സാന്നിധ്യം ഇല്ലാതാക്കാനായി ജെഎന്‍യു അഡ്മിനിസ്ട്രേഷന് കൊണ്ടുവന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. രാത്രി പത്തരയ്ക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല, ഹോസ്റ്റല്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ പതിനായിരം രൂപ പിഴ നല്‍കണം, സന്ദര്‍ശകരുടെ പ്രവേശനം തടയാന്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് അധികാരമുണ്ട്, രാത്രി വൈകി പുറത്തേക്ക് പോകുന്നതിന് വാര്‍ഡന്റെ അനുമതി തേടണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് തന്നെയാണ് ഉപകരിക്കുക. പഠനകാലം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടാലും ജെഎന്‍യു ഹോസ്റ്റല്‍ മുറികളില്‍ കഴിയുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഈ നടപടികള്‍. പഠനകാലം കഴിഞ്ഞ് വിഘടനവാദ പ്രവര്‍ത്തനത്തിനായി മാത്രം ഹോസ്റ്റല്‍ മുറികള്‍ കയ്യടക്കിവെച്ചവരെ ക്യാമ്പസില്‍ നിന്ന് പുറത്താക്കേണ്ടതുണ്ട്. എന്നാല്‍ ഡ്രസ് കോഡ്, മറ്റുള്ളവരുടെ മുറികളിലേക്കുള്ള പ്രവേശനം തടയല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പുതിയ കാലത്ത് ഒട്ടും പ്രായോഗികമല്ല താനും.
ഉപരാഷ്ട്രപതിയെ തടഞ്ഞത് തീവ്ര ഇടതുസംഘടനകള്‍
ജെഎന്‍യുവിലെ ബിരുദദാന ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെയും കേന്ദ്രമാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാലിനെയും തടഞ്ഞ ഇടതു വിദ്യാര്‍ത്ഥി സംഘടനയുടെ നടപടിയാണ് പുതിയ വിവാദങ്ങളിലേക്ക് ജെഎന്‍യുവിനെ എത്തിച്ചത്. സര്‍വ്വകലാശാലയ്ക്ക് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് പുറത്തേക്ക് പോകാന്‍ പോലും ഉപരാഷ്ട്രപതിയെ വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല. ഒടുവില്‍ പോലീസ് ഏറെ പണിപ്പെട്ട് ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ പുറത്തെത്തിച്ചു. എങ്കിലും എച്ച്ആര്‍ഡി മന്ത്രിക്ക് ആറുമണിക്കൂറോളം ഇവിടെ കുടുങ്ങിക്കിടക്കേണ്ടിവന്നു. ക്യാമ്പസിനകത്തു നടത്തേണ്ട സമരത്തെ തെരുവിലേക്ക് എത്തിച്ചതോടെ മണിക്കൂറുകളോളം പ്രധാന റോഡുകളില്‍ ഗതാഗത തടസ്സവുമുണ്ടായി. കശ്മീര്‍, അയോധ്യ വിഷയങ്ങളില്‍ പ്രതിഷേധങ്ങള്‍ ഫലം കാണാതെ പോയ സാഹചര്യത്തില്‍ ചില വിഘടനവാദശക്തികള്‍ ദല്‍ഹിയില്‍ വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് കോപ്പുകൂട്ടുന്നതിന്റെ ഭാഗമായാണ് ജെഎന്‍യു പ്രതിഷേധമെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ ഇത്രയും തുച്ഛമായ ഫീസ് നല്കി പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്ള ക്യാമ്പസില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന പ്രചാരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്തിനെതിരെ പലപ്പോഴും മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ വിമര്‍ശനങ്ങള്‍ വ്യക്തമാക്കുന്നു.
ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം എല്ലാ അര്‍ത്ഥത്തിലും അതിരുവിടുകയായിരുന്നു. വനിത മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ പ്രതിഷേധക്കാര്‍ വളഞ്ഞുവച്ച് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതിനും ഒരാഴ്ച മുമ്പാണ് ഒരു അധ്യാപികയെ 36 മണിക്കൂര്‍ ക്ലാസ് മുറിയില്‍ തടഞ്ഞുവച്ചത്. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സഭ്യമല്ലാത്ത വിധത്തിലാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ജെഎന്‍യുവിലെ പ്രതിഷേധം.
പ്രശ്നം സര്‍വ്വീസ് ചാര്‍ജ്ജ്
ജെഎന്‍യു സമരത്തിന്റെ യഥാര്‍ഥ കാരണം മറ്റുള്ളവര്‍ തെറ്റിദ്ധരിപ്പിക്കുന്നതുപോലെ ഹോസ്റ്റല്‍ ഫീസല്ലെന്നും സര്‍വ്വീസ് ചാര്‍ജെന്ന പേരില്‍ യൂണിവേഴ്സിറ്റി ഈടാക്കുന്ന തുകയാണെന്നും എബിവിപി ദേശീയ സെക്രട്ടറി ശ്യാംരാജ് പ്രതികരിക്കുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ജെഎന്‍യുവിലെ ഒരു വിദ്യാര്‍ഥിക്ക് 4500-5000 രൂപയോളമാണ് ചെലവ് വരുന്നത്. പുതുക്കിയ ഫീസ് ഘടന വരുന്നതോടെ ഇത് ഏറ്റവും കുറഞ്ഞത് 7000 രൂപയായി മാറും. എന്നാല്‍ ഇതിന്റെ യഥാര്‍ഥ കാരണം ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ ഹോസ്റ്റല്‍ ഫീസല്ല, സര്‍വ്വീസ് ചാര്‍ജെന്ന പേരില്‍ യൂണിവേഴ്സിറ്റി ഈടാക്കുന്ന തുകയും ഇതുവരെ ഇല്ലാതിരുന്ന യൂട്ടിലിറ്റി ചാര്‍ജുമാണ്, ശ്യാംരാജ് വ്യക്തമാക്കുന്നു. സര്‍വീസ് ചാര്‍ജും യൂട്ടിലിറ്റി ചാര്‍ജും തരംപോലെ കൂട്ടാനാകും. അതോടൊപ്പം തിരിച്ചു കിട്ടാവുന്ന കോഷന്‍ ഡിപ്പോസിറ്റ് 5500 ല്‍ നിന്നും 12000 ആക്കിയിട്ടുണ്ട്. പുതുക്കിയ ഫീസനുസരിച്ച് 7000 രൂപയെങ്കിലും കുറഞ്ഞത് അടയ്ക്കേണ്ടി വരും.
കാരാട്ടും, കനയ്യയും മാത്രമല്ല, നിര്‍മല സീതാരാമനും എസ്.ജയശങ്കറും ജെഎന്‍യുവിന്റെ പ്രൊഡക്ടുകളാണ്. 600 എസ്എഫ്ഐക്കാര്‍ മാത്രമല്ല, 1300 എബിവിപി പ്രവര്‍ത്തകരും ക്യാമ്പസില്‍ പഠിക്കുന്നുണ്ട്. കേരളമല്ല മറ്റു സംസ്ഥാനങ്ങള്‍. ജെഎന്‍യുവില്‍ പഠിക്കുന്ന നേരിട്ടറിയാവുന്ന ധാരാളം പേരുണ്ട്. അടുത്ത ഇടയ്ക്ക് മാത്രം വീട്ടില്‍ കക്കൂസും വൈദ്യുതിയും ലഭിച്ചവര്‍, ഇന്നും ലഭിക്കാത്തവര്‍. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കൂടി സഞ്ചരിച്ചവര്‍ക്ക്, ഈ നാടിനെ അറിഞ്ഞവര്‍ക്ക്, പാവപ്പെട്ടവന്റെ വേദന അറിയുന്നവന്, ഈ രാജ്യം യഥാര്‍ത്ഥ പരംവൈഭവത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്, ഈ സമരത്തില്‍ നിന്നും മാറി നില്‍ക്കാനാവില്ലെന്നും ശ്യാം രാജ് വ്യക്തമാക്കുന്നു.
സമരം പ്രഖ്യാപിച്ചത് ജെഎന്‍യുവിലെ എബിവിപിയാണ്. ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടു കൂടിയാണ് സമരം ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്യും. അദ്ധ്യാപകരെ ആക്രമിച്ചതും മന്ത്രിയെ തടഞ്ഞതും ഇടത് വിദ്യാര്‍ത്ഥികളാണ്. എബിവിപി അതിന് എതിരാണ്. സമരം ചെയ്യുന്നത് ഫീസ് വര്‍ദ്ധനവിനെതിരെയും യൂണിവേഴ്സിറ്റി അധികൃതര്‍ക്കെതിരെയുമാണ്. സമരം സംഘടന തീരുമാനിച്ചതാണെങ്കില്‍, ഈ നാട്ടിലെ സാധാരണ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവസാന ശ്വാസം വരെ പോരാടുക തന്നെ ചെയ്യും, ശ്യാംരാജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: