വ്യതിചലിക്കാത്ത നിലപാടുകള്‍കൊണ്ട് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രംഗത്തെ ശുദ്ധീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്ത ടി.എന്‍. ശേഷന്‍ വിടവാങ്ങി. രാജ്യത്തിന്റെ പത്താമത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനുള്ള വ്യക്തി എന്നതിനപ്പുറമൊരു പ്രാധാന്യം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഇല്ല എന്ന ധാരണകളെ തിരുത്തിക്കുറിച്ചു, ശേഷന്‍.
ഭരണഘടന അനുശാസിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതലകള്‍ എന്തെല്ലാമെന്ന് ജനം മനസ്സിലാക്കിയത് ടി.എന്‍. ശേഷനിലൂടെയാണ്. തെരഞ്ഞെടുപ്പ് കറകളഞ്ഞ് എപ്രകാരം നടത്തണമെന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. അതില്‍നിന്നും പിന്നോട്ട് പോകാന്‍ ഭരണാധികാരികളെ അനുവദിച്ചതുമില്ല. ശേഷന്റെ ശക്തമായ മേല്‍നോട്ടം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ഉണ്ടായിരുന്നു. വിളംബം കൂടാതെ, ന്യൂനതകള്‍ ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ആറ് വര്‍ഷക്കാലവും ഈ രണ്ട് കാര്യവും പിന്തുടര്‍ന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഈ കാര്‍ക്കശ്യത്തെ രാഷ്‌ട്രീയക്കാരും ഭയപ്പെട്ടിരുന്നു. രാജ്യത്ത് ഫലപ്രദമായി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ആദ്യമായി നടപ്പാക്കിയതും ടി.എന്‍. ശേഷനാണ്.
തെരഞ്ഞെടുപ്പ് കാലത്തെ ചുമരെഴുത്തുകള്‍ക്ക് നിയന്ത്രണം, അനുവദിക്കപ്പെട്ടതിലും കൂടുതല്‍ തുക പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് നിയന്ത്രണം തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കിയതും ശേഷനാണ്. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയത്തിനു പിന്നിലെ കൂര്‍മ്മബുദ്ധിയും ടി.എന്‍. ശേഷന്റേതായിരുന്നു. ഇതേത്തുടര്‍ന്ന് 1992ല്‍ എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം കാരണം നടപടി എങ്ങുമെത്തിയില്ല. തിരിച്ചറിയില്‍ കാര്‍ഡ് നല്‍കാത്ത പക്ഷം 1995 ജനുവരി ഒന്നുമുതല്‍ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പും നടക്കില്ലെന്ന് ശേഷന്‍ വ്യക്തമാക്കി. ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനുള്ള കാര്യപ്രാപ്തി ശേഷനില്‍ അത്രത്തോളം അന്തര്‍ലീനമായിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കുക, മദ്യം വിതരണം ചെയ്യുക, ഔദ്യോഗിക സംവിധാനങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുക, വോട്ടര്‍മാരുടെ മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കുക, മുന്‍കൂര്‍ അനുമതി വാങ്ങാതെയുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം എന്നതിനെല്ലാം തടയിട്ടത് ശേഷനായിരുന്നു. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ധൂര്‍ത്തിനെതിരെ നില
പാടുകള്‍ കടുപ്പിച്ചു. ചെലവ് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളേയും തെറ്റായ സ്വത്തുവിവരം നല്‍കിയവരേയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുകയോ അയോഗ്യരാക്കുകയോ ചെയ്തു. ഈ തീരുമാനങ്ങള്‍ക്ക് പിന്നില്‍ തെറ്റു ചെയ്യുന്നവര്‍ ജനപ്രതിനിധികളാവാന്‍ യോഗ്യരല്ല എന്ന ചിന്തയാവാതെ തരമില്ല. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന ബൂത്ത് പിടിത്തം പോലുള്ള അതിക്രമങ്ങള്‍ വളരെയേറെ കുറയ്‌ക്കാനും അദ്ദേഹത്തിന് സാധിച്ചു.
രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കേന്ദ്രസര്‍ക്കാരാണെന്ന സാധാരണക്കാരന്റെ കാഴ്ചപ്പാട് മാറിയത് ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയപ്പോഴാണ്. ഭരിക്കുന്നവര്‍ പോലും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടവരാണെന്ന് ജനം കരുതാന്‍ തുടങ്ങിയതും ശേഷന്റെ ഇടപെടലുകള്‍ക്ക് ശേഷമാണ്. അധികാരം നിലനിര്‍ത്താന്‍ വളഞ്ഞ വഴികള്‍ തേടുന്നവരെ നിലയ്‌ക്കു നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന,് 1994ല്‍ പി.വി. നരസിംഹ റാവു മന്ത്രിസഭയില്‍ ഉണ്ടായിരുന്ന സീതാറാം കേസരിയേയും കല്‍പനാഥ് റായിയേയും നീക്കണമെന്ന് പറയാനും ശേഷന്‍ തെല്ലും മടിച്ചില്ല.
ദിണ്ഡിഗല്‍ സബ് കളക്ടറായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. രാഷ്‌ട്രീയക്കാരോട് ആരോടും അദ്ദേഹം സന്ധി ചെയ്തിരുന്നില്ല. നിലപാടുകള്‍ ആര്‍ക്കുവേണ്ടിയും മാറ്റിയതുമില്ല. മദ്രാസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, മധുര ജില്ലാ കളക്ടര്‍, ആണവോര്‍ജ മന്ത്രാലയം ഡയറക്ടര്‍, ബഹിരാകാശ മന്ത്രാലയം ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
മണി പവറും മസില്‍ പവറും തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന അവസ്ഥയില്‍ നിന്ന് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ജനാധിപത്യത്തെ കൂടുതല്‍ സംശുദ്ധമാക്കിയത് ടി.എന്‍. ശേഷനാണെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തെ പോലൊരു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അദ്ദേഹത്തിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ടി.എന്‍. ശേഷന്‍ തെളിച്ച പാതയിലൂടെ അദ്ദേഹത്തിന് പിന്നാലെ വന്നവര്‍ സഞ്ചരിക്കുന്നുവെങ്കില്‍ ആ പാത അത്രയും സംശുദ്ധമായതുകൊണ്ടുമാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: